

കുടുംബ ബജറ്റുകളെയും ബിസിനസ് പ്രവർത്തനങ്ങളെയും നേരിട്ട് ബാധിക്കുന്നതാണ് 56-ാമത് ജിഎസ്ടി കൗൺസിൽ പ്രഖ്യാപിച്ച നികുതി പരിഷ്കാരങ്ങള്‍. മിക്ക സാധനങ്ങൾക്കും സേവനങ്ങൾക്കും സ്റ്റാൻഡേർഡ് നികുതി നിലനിർത്തുന്നതിനൊപ്പം ചില നിത്യോപയോഗ സാധനങ്ങളുടെ വില കുറക്കുന്നതുമാണ് പരിഷ്‌കാരങ്ങള്‍. സെപ്റ്റംബർ 22 മുതലാണ് പുതിയ നികുതി നിരക്ക് പ്രാബല്യത്തില്‍ വരുന്നത്.
ചരക്ക് സേവന നികുതി (ജിഎസ്ടി) ഘടനയിൽ വലിയ മാറ്റമുണ്ടായതിനെത്തുടർന്ന് ഇന്ത്യയിലെ പ്രധാന റീട്ടെയിൽ ശൃംഖലകളോട് കിഴിവുകൾ വ്യക്തമായി പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് വാണിജ്യ, വ്യവസായ മന്ത്രാലയം. റീട്ടെയില്‍ സ്റ്റോറുകള്‍ "ജിഎസ്ടി കിഴിവ്" എന്ന തലക്കെട്ടിന് കീഴിൽ രസീതുകളിലും ബില്ലുകളിലും വ്യക്തമായ കുറവുകൾ കാണിക്കണം. വിലക്കുറവ് അറിയിക്കാൻ പോസ്റ്ററുകൾ, പ്രിന്റ്, ടെലിവിഷൻ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയവ സ്റ്റോറുകള്‍ക്ക് ഉപയോഗിക്കാം.
ജിഎസ്ടി പരിഷ്കാരത്തിന്റെ ഗുണം ഉപയോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. സെപ്റ്റംബർ 22 മുതൽ സോപ്പുകൾ, ഷാംപൂകൾ, കാറുകൾ, ട്രാക്ടറുകൾ, എയർ കണ്ടീഷണറുകൾ എന്നിവയുൾപ്പെടെ ഏകദേശം 400 ഉൽപ്പന്നങ്ങൾക്കാണ് വില കുറയുക.
പരിഷ്കരിച്ച ജി.എസ്.ടി നിരക്ക് സംബന്ധിച്ച് പൊതുവെയുളള സംശയങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.
2025 സെപ്റ്റംബർ 22-ന് മുമ്പായി നിലവില്‍ വിപണിയിലുള്ള മരുന്നുകളുടെ വില തിരുത്തി വീണ്ടും ലേബല്‍ ചെയ്യേണ്ടതുണ്ടോ? മരുന്നുകളോ ഫോർമുലേഷനുകളോ (മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെ) വിൽക്കുന്ന എല്ലാ കമ്പനികളും മാർക്കറ്റിംഗ് കമ്പനികളും പരമാവധി ചില്ലറ വിൽപ്പന വിലകൾ (MRP) പരിഷ്കരിക്കണമെന്നാണ് ഇതുസംബന്ധിച്ച് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (NPPA) വ്യക്തമാക്കിയത്. 2025 സെപ്റ്റംബർ 22-ന് മുമ്പ് വിപണിയിൽ പുറത്തിറക്കിയ സ്റ്റോക്കുകൾ റീകോൾ ചെയ്യുകയോ റീ-ലേബൽ ചെയ്യുകയോ റീ-സ്റ്റിക്കർ ചെയ്യുകയോ ചെയ്യുന്നത് ചില്ലറ വിൽപ്പനക്കാരുടെ തലത്തിൽ വില പാലിക്കൽ ഉറപ്പാക്കിയിട്ടുണ്ടെങ്കിൽ നിർബന്ധമല്ലെന്നും അതോറിറ്റി അറിയിച്ചു.
ഡ്രോണുകൾക്ക് ശുപാർശ ചെയ്ത 5 ശതമാനം ജിഎസ്ടി നിരക്ക് എല്ലാത്തരം ഡ്രോണുകൾക്കും ബാധകമാകുമോ? വ്യക്തിഗത ഉപയോഗത്തിനുള്ള ഡ്രോണുകൾക്ക് 28 ശതമാനവും ഡിജിറ്റൽ ക്യാമറ/വീഡിയോ റെക്കോർഡറുകൾ ഉള്ള ഡ്രോണുകൾക്ക് 18 ശതമാനവും മറ്റെല്ലാ ഡ്രോണുകള്‍ക്കും 5 ശതമാനവുമായിരുന്നു നേരത്തെ ജിഎസ്ടി ചുമത്തിയിരുന്നത്. പുതിയ പരിഷ്കാരമനുസരിച്ച് എല്ലാ ഡ്രോണുകൾക്കും 5 ശതമാനം ഏകീകൃത ജി.എസ്.ടിയായിരിക്കും ചുമത്തുക.
ഇഷ്ടികകളുടെ ജി.എസ്.ടി നിരക്ക് എത്രയാണ്? ഇഷ്ടികകൾ (മണൽ ഇഷ്ടികകൾ ഒഴികെ): ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ITC) ഇല്ലാതെ 6%, ഐടിസി ഉൾപ്പെടെ 12%; 20 ലക്ഷം രൂപയാണ് പരിധി. മണൽ ഇഷ്ടികകളുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു.
7,500 രൂപക്ക് താഴെ താമസ സൗകര്യം നൽകുന്ന ഹോട്ടലുകൾക്ക് ഐടിസി അടക്കം 18 ശതമാനം ജിഎസ്ടി തിരഞ്ഞെടുക്കാനാകില്ല. ഐടിസി കൂടാതെ 5% ജിഎസ്ടി ≤ 7,500 രൂപ/ദിവസം യൂണിറ്റുകൾക്ക് നിർബന്ധമാണ്.
സൗന്ദര്യ, ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ഐടിസി അടക്കം 18 ശതമാനം ജിഎസ്ടി ഈടാക്കാന്‍ സാധിക്കില്ല. ഐടിസി കൂടാതെ 5% നികുതിയായിരിക്കും ഇവര്‍ ഈടാക്കേണ്ടത്.
ചരക്കുകളുടെ വിവിധ തരത്തിലുളള ഗതാഗതത്തിനുളള ജിഎസ്ടി ഇപ്രകാരമാണ്. വിമാന ഗതാഗതം കൂടാതെയുളള ചരക്ക് നീക്കത്തിന് നിയന്ത്രിത ഐടിസി അടക്കം 5%. ചരക്ക് നീക്കത്തില്‍ വിമാനമാർഗം ഉണ്ടെങ്കില്‍ പൂർണ ഐടിസിയോടെ 18 ശതമാനമായിരിക്കും ജിഎസ്ടി. പ്രാദേശിക ഡെലിവറി സേവനങ്ങൾക്കുള്ള ജിഎസ്ടി നിരക്ക് 18 ശതമാനമാണ്.
ഓപ്പറേറ്റർ ഇല്ലാത്ത ലീസിംഗ്/വാടക സേവനങ്ങൾക്ക് നികുതി ഇപ്രകാരമായിരിക്കും. ഉദാഹരണമായി ഡ്രൈവര്‍ ഇല്ലാതെ കാര്‍ വാടകയ്ക്ക് എടുക്കുന്നതിന് 18 ശതമാനമാണ് ജിഎസ്ടി.
ഡ്രൈവര്‍ ഉളള കാർ ലീസിംഗ്/വാടകയ്ക്ക് നല്‍കുമ്പോള്‍ വിതരണക്കാരന് നിയന്ത്രിത ഐടിസി അടക്കം (അതേ ബിസിനസ് ലൈനിൽ) 5 ശതമാനമോ പൂർണ ഐടിസിയോടൊപ്പം 18 ശതമാനമോ ഈടാക്കാം.
GST 2.0 brings tax cuts on over 400 goods and services from Sept 22; retailers must clearly display the benefits.
Read DhanamOnline in English
Subscribe to Dhanam Magazine