

ജി.എസ്.ടി പരിഷ്കരണം ഈ മാസം 22 മുതല്‍ പ്രാബല്യത്തില്‍ വരികയാണ്. സോളാര്‍ ഉല്‍പ്പന്നങ്ങളില്‍ ചിലതിന്റെ ജി.എസ്.ടി പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി കുറയും. ഇത് പുരപ്പുറ സോളാര്‍ സിസ്റ്റങ്ങള്‍ സ്ഥാപിക്കുന്നവരുടെ ചെലവില്‍ ഗണ്യമായ കുറവുണ്ടാക്കും. നേരത്തെ സോളാര്‍ സിസ്റ്റങ്ങളുടെ ജി.എസ്.ടി 12 ശതമാനമായിരുന്നു, ഇത് പുതിയ സ്ലാബില്‍ 5 ശതമാനമായാണ് കുറഞ്ഞത്.
സോളാര്‍ പാനലുകള്‍, ഇന്‍വേര്‍ട്ടറുകള്‍ തുടങ്ങിയവയുടെ ജി.എസ്.ടിയില്‍ കുറവുണ്ടാകും. വീടുകളില്‍ ഓണ്‍ ഗ്രിഡ് സിസ്റ്റങ്ങള്‍ (കെ.എസ്.ഇ.ബി ക്ക് അധിക വൈദ്യുതി നല്‍കുന്ന സോളാര്‍ സിസ്റ്റങ്ങള്‍) സ്ഥാപിക്കുന്നവര്‍ക്ക് ഇത്തരം ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി കുറയുന്നതിനാല്‍ സാമ്പത്തിക നേട്ടമുണ്ടാകും. ഓഫ് ഗ്രിഡ് സിസ്റ്റങ്ങള്‍ സ്ഥാപിക്കുന്നവര്‍ക്ക് ബാറ്ററിയില്‍ ജിഎസ്ടി കുറവുണ്ടാകുന്നതിനാല്‍ നേട്ടമാണ്.
എന്നാല്‍ പുരപ്പുറ സോളാര്‍ സ്ഥാപിക്കുമ്പോഴുളള ഇലക്ട്രിക് ഉല്‍പ്പന്നങ്ങളുടെ ഇന്‍സ്റ്റലേഷനില്‍ ജിഎസ്ടി 18 ശതമാനമായി തന്നെ തുടരുന്നതാണ്. ജിഎസ്ടി പരിഷ്കരണം നടപ്പാക്കുമ്പോള്‍ ലഭിക്കുന്ന നേട്ടം ഇന്റഗ്രേറ്റേഴ്സ് (സോളാര്‍ സിസ്റ്റം സ്ഥാപിക്കാന്‍ സഹായിക്കുന്ന കമ്പനികള്‍) കൂടുതല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കാതാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
ഇന്റഗ്രേറ്റേഴ്സിന് സെപ്റ്റംബര്‍ 22 ന് മുമ്പ് പര്‍ച്ചേസ് ചെയ്ത ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാവുന്നതാണ്. അതിനാല്‍ ഇന്റഗ്രേറ്റേഴ്സിന് ഇതില്‍ നഷ്ടം വരില്ല എന്ന ആശ്വാസവും ഉണ്ട്. ജിഎസ്ടിയില്‍ കുറവ് വരുത്തിയതിന്റെ നഷ്ടം യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിനായിരിക്കും. ഇതിന്റെ ഗുണം പുരപ്പുറ സോളാര്‍ ഉപയോക്താക്കളിലേക്ക് എത്തുമോ എന്ന് വരും മാസങ്ങളില്‍ അറിയാനാകും.
നെറ്റ് മീറ്ററിംഗ് 3KW (കിലോവാട്ട്) ആയി പരിമിതപ്പെടുത്തണമെന്ന റെഗുലേറ്ററി കമ്മീഷന്റെ നിര്‍ദേശം ഒക്ടോബര്‍ 1 മുതല്‍ നടപ്പാക്കുമെന്നാണ് റെഗുലേറ്ററി കമ്മിഷൻ അറിയിച്ചിരുന്നത്. എന്നാലിത് വൈകാനാണ് സാധ്യത. കരട് ചട്ടങ്ങൾ സംബന്ധിച്ച് കമ്മീഷന്‍ ഓണ്‍ലൈനില്‍ തെളിവ് എടുത്തതിന് പകരം നേരിട്ട് തെളിവെടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയാണ് കമ്മീഷൻ.
കോടതിയില്‍ നിന്ന് വ്യക്തത ലഭിക്കന്നത് അനുസരിച്ചായിരിക്കും വിഷയത്തില്‍ തുടർനടപടികൾ ഉണ്ടാകുക. അതേസമയം നിര്‍ദേശം നിലവിലുളള ഉപയോക്താക്കളെ ബാധിക്കില്ലെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിരിക്കുന്നത്. പുതിയ ഉപയോക്താക്കള്‍ക്കായിരിക്കും നിയന്ത്രണം ബാധകം.
കേന്ദ്രീകൃത ബാറ്ററി സംവിധാനം (BESS) സ്ഥാപിക്കണമെന്ന നിര്‍ദേശമാണ് ഉപയോക്താക്കള്‍ മുന്നോട്ട് വെക്കുന്നത്. എന്നാല്‍ ഉപയോക്താക്കള്‍ വ്യക്തിഗതമായി ബാറ്ററി സ്ഥാപിക്കണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെടുന്നത്. മൂന്ന് കിലോവാട്ടിന് മുകളിലുളള പുരപ്പുറ സോളാറിന് ത്രീ ഫേസും അഞ്ച് കിലോവാട്ടിന് മുകളിലുളളവര്‍ക്ക് ഹൈബ്രിഡ് സിസ്റ്റവുമായിരിക്കണമെന്ന നിലപാടാണ് കെഎസ്ഇബി സ്വീകരിക്കുന്നത്. ട്രാന്‍സ്ഫോമറിന്റെ ശേഷിയുടെ അപര്യാപ്തതയാണ് ഇതിന് കാരണമായി ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നത്.
നെറ്റ് മീറ്ററിംഗിന് പകരം നെറ്റ് ബില്ലിംഗ്, ഗ്രോസ് മീറ്ററിംഗ് ഓപ്ഷനുകൾ പ്രോത്സാഹിപ്പിക്കുന്നത് സോളാര്‍ ഉപയോക്താക്കളുടെ ആനുകൂല്യങ്ങള്‍ കുറക്കുമെന്ന കേരള ഡൊമസ്റ്റിക് സോളാർ പ്രോസ്യൂമേഴ്സ് കമ്മ്യൂണിറ്റി (KDSPC) ഉന്നയിക്കുന്നത്. സ്മാർട്ട് മീറ്റർ ഉൾപ്പെട്ട നവീന മീറ്ററിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ കെ.എസ്.ഇ.ബി നടപ്പിലാക്കണമെന്നാണ് പ്രോസ്യൂമേഴ്സ് ആവശ്യപ്പെടുന്നത്. റെഗുലേറ്ററി കമ്മീഷന്റെ കരട് ചട്ടങ്ങൾ നിയമമാക്കപ്പെട്ടാൽ സോളാർ വ്യവസായ മേഖല അപ്പാടെ തകരുമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
GST cut reduces rooftop solar project costs, while regulatory commission proposals face court intervention.
Read DhanamOnline in English
Subscribe to Dhanam Magazine