സ്വര്‍ണാഭരണം മാറ്റിവാങ്ങിയാലും മുഴുവന്‍ തുകയ്ക്കും ജി.എസ്.ടി നല്‍കണം

സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ പണത്തിന് പകരം പഴയ സ്വര്‍ണം നല്‍കിയാല്‍ തട്ടിക്കിഴിച്ചുള്ള ബാക്കിത്തുകയ്ക്ക് മാത്രം ജി.എസ്.ടി അടച്ചാല്‍ മതിയോ? പ്രതിദിനം ഔദ്യോഗികമായി ശരാശരി 250 കോടി രൂപയുടെ സ്വര്‍ണ വില്‍പന നടക്കുന്ന കേരളത്തില്‍ 50 ശതമാനം കച്ചവടവും എക്സ്‌ചേഞ്ച് മുഖേനയാണെന്നത് ഈ ചോദ്യത്തെ പ്രസക്തമാക്കുന്നുണ്ട്.

എന്നാല്‍, പഴയ സ്വര്‍ണം എക്സ്ചേഞ്ച് ചെയ്ത് പുതിയത് വാങ്ങുമ്പോഴും മുഴുവന്‍ തുകയ്ക്കും ബാധകമായ ജി.എസ്.ടി തന്നെ അടയ്ക്കണമെന്ന് കേരള അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിംഗ് (കേരള എ.എ.ആര്‍) വ്യക്തമാക്കിയിട്ടുണ്ട്. വാങ്ങുന്ന സ്വര്‍ണത്തിന്റെ വിലയും എക്സ്‌ചേഞ്ച് ചെയ്യുന്ന സ്വര്‍ണത്തിന്റെ വിലയും തട്ടിക്കിഴിച്ചുള്ള ബാക്കിത്തുകയ്ക്ക് മാത്രം ജി.എസ്.ടി അടച്ചാല്‍ മതിയോ എന്നതില്‍ വ്യക്തത തേടി തിരുവനന്തപുരത്തെ ഒരു ജുവലറി ഉടമ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേരള എ.എ.ആറിന്റെ ഉത്തരവ്.

എന്താണ് എ.എ.ആർ
നികുതി വിഷയങ്ങള്‍ സംബന്ധിച്ച് നികുതിദായകര്‍ക്കുള്ള അവ്യക്തതകള്‍ പരിഹരിക്കാന്‍ സമീപിക്കാവുന്ന നിയമാനുസൃത സ്ഥാപനമാണ് എ.എ.ആര്‍. സ്വര്‍ണം വാങ്ങുമ്പോള്‍ പണത്തിന് പകരമാണ് പഴയ സ്വര്‍ണം നല്‍കുന്നത്. ഇത് പുതുതായി വാങ്ങുന്ന സ്വര്‍ണത്തിന്റെ മൂല്യത്തെയോ നികുതിയേയോ ബാധിക്കുന്നില്ലെന്ന് ഉത്തരവില്‍ പറയുന്നു.
സ്വര്‍ണത്തിന് സെക്കന്‍ഡ്-ഹാന്‍ഡ് ഇല്ല!
സ്വര്‍ണം, ഭൂമി, കറന്‍സി എന്നിവയ്ക്ക് മറ്റ് ഉത്പന്നങ്ങളെപ്പോലെ സെക്കന്‍ഡ്-ഹാന്‍ഡ് പരിവേഷം ഒരിക്കലും നല്‍കാനാവില്ലെന്ന് കേരള എ.എ.ആര്‍ ചൂണ്ടിക്കാട്ടി. മറ്റുത്പന്നങ്ങളുടെ വില അവയുടെ കാലപ്പഴക്കമനുസരിച്ച് കുറഞ്ഞേക്കാം. എന്നാല്‍, സ്വര്‍ണ വിലയെ കാലപ്പഴക്കം ബാധിക്കുന്നില്ല. സ്വര്‍ണത്തെ സെക്കന്‍ഡ്-ഹാന്‍ഡ് സ്വര്‍ണം എന്ന് വിളിക്കാനുമാവില്ല. അളവ്, മൂല്യം എന്നിവയാണ് പ്രധാനമായും സ്വര്‍ണത്തിന്റെ വിലയുടെ നിര്‍ണയ ഘടകങ്ങളെന്നും ഉത്തരവില്‍ പറയുന്നു.
പഴയ സ്വര്‍ണത്തിന് ജി.എസ്.ടി ഇല്ല
പുതുതായി വാങ്ങുന്ന സ്വര്‍ണത്തിന് മാത്രമാണ് ജി.എസ്.ടി ബാധകമെന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഉപയോക്താവ് കൈവശമുള്ള സ്വര്‍ണം ഒരു ജുവലറി ഷോപ്പില്‍ വില്‍ക്കുമ്പോള്‍ കടയുടമ ജി.എസ്.ടി നല്‍കേണ്ടതില്ല. ജി.എസ്.ടിയിലെ റിവേഴ്‌സ് ചാര്‍ജ് മെക്കാനിസം (ആര്‍.സി.എം) പ്രകാരമുള്ള മൂന്ന് ശതമാനം ജി.എസ്.ടി അവിടെ ബാധകമല്ല.
എന്നാല്‍, ജി.എസ്.ടി രജിസ്‌ട്രേഷനില്ലാത്ത വ്യാപാരിയില്‍ നിന്നാണ് ജി.എസ്.ടി രജിസ്‌ട്രേഷനുള്ള ഈ വ്യാപാരി പഴയ സ്വര്‍ണം വാങ്ങുന്നതെങ്കില്‍ അവിടെ ആര്‍.സി.എം പ്രകാരം ജി.എസ്.ടി (മൂന്ന് ശതമാനം) ബാധകമാണെന്നും കേന്ദ്രം വ്യക്തമാക്കി.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it