ഇന്ത്യൻ സഞ്ചാരികളെ ലക്ഷ്യമിട്ട് ഗൾഫ് ടൂറിസം; ഓഫറുകളുമായി യുഎഇ, സൗദി, ഒമാൻ, ഖത്തർ

2030-ഓടെ പ്രതിവര്‍ഷം 35 ലക്ഷം സന്ദര്‍ശകരെ ലക്ഷ്യമിടുന്ന റാസല്‍ ഖൈമയുടെ ടൂറിസം വികസനത്തില്‍ ഇന്ത്യയ്ക്ക് നിര്‍ണായക സ്ഥാനം
gulf tourism
Image courtesy: Canva
Published on

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടയിലും മേഖലയിലെ വിനോദസഞ്ചാര രംഗം തിരിച്ചുപിടിക്കാന്‍ ഇന്ത്യയെ പ്രധാന ലക്ഷ്യസ്ഥാനമായി കണ്ട് ഗള്‍ഫ് രാജ്യങ്ങള്‍. യുഎഇ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യന്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി വിപുലമായ ഓഫറുകളും വിമാന സര്‍വീസുകളും പ്രഖ്യാപിച്ചിരിക്കുകയാണ്. അമേരിക്ക-ഇറാന്‍ യുദ്ധം പോലുള്ള പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യക്കാരുടെ വിദേശയാത്രാ താല്പര്യം കുറഞ്ഞിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.

യുഎഇയും റാസല്‍ ഖൈമയും

2030-ഓടെ പ്രതിവര്‍ഷം 35 ലക്ഷം സന്ദര്‍ശകരെ ലക്ഷ്യമിടുന്ന റാസല്‍ ഖൈമയുടെ ടൂറിസം വികസനത്തില്‍ ഇന്ത്യയ്ക്ക് കേന്ദ്രസ്ഥാനമാണുള്ളത്. 2026 മെയ് മാസത്തില്‍ മാത്രം ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകരില്‍ 27.5 ശതമാനം വര്‍ദ്ധനവുണ്ടായി. 'കിഡ്‌സ് ഗോ ഫ്രീ' പാക്കേജുകള്‍, അഞ്ച് രാത്രി താമസിച്ചാല്‍ നാല് രാത്രിയുടെ പണം മാത്രം നല്‍കിയാല്‍ മതിയാകുന്ന ഓഫറുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, വന്‍കിട ഇന്ത്യന്‍ വിവാഹങ്ങളുടെ (Destination Weddings) പ്രധാന കേന്ദ്രമായി റാസല്‍ ഖൈമ മാറിക്കഴിഞ്ഞു.

സൗദി അറേബ്യയും ഒമാനും

ഇന്ത്യയെ തന്ത്രപ്രധാനമായ വിപണിയായാണ് സൗദി അറേബ്യ കാണുന്നത്. വരാനിരിക്കുന്ന 'റിയാദ് എയര്‍' ഉള്‍പ്പെടെയുള്ള പുതിയ വിമാന സര്‍വീസുകള്‍ ഇന്ത്യയുമായുള്ള കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കും. ജനപ്രിയ റിസോര്‍ട്ടുകളില്‍ 25 ശതമാനം വരെ ഡിസ്‌കൗണ്ടാണ് സൗദി വാഗ്ദാനം ചെയ്യുന്നത്. ഒമാനാകട്ടെ, 2026-ന്റെ ആദ്യ അഞ്ച് മാസങ്ങളില്‍ ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ 36 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. സലാലയിലെ മണ്‍സൂണ്‍ (Khareef Dhofar) ആഘോഷങ്ങളാണ് ഒമാന്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്.

ഖത്തറും അബുദാബിയും: ഖത്തര്‍ വഴി ദീര്‍ഘദൂര യാത്ര ചെയ്യുന്നവര്‍ക്ക് കേവലം 14 ഡോളര്‍ മുതല്‍ ആരംഭിക്കുന്ന പാക്കേജുകളിലൂടെ ഖത്തറിലെ പ്രധാന കാഴ്ചകള്‍ കാണാനുള്ള സൗകര്യം 'വിസിറ്റ് ഖത്തര്‍' ഒരുക്കുന്നു. ഇന്ത്യയിലെ ട്രാവല്‍ ഏജന്‍സികളുമായി അബുദാബിയും നേരിട്ടുള്ള ചര്‍ച്ചകള്‍ നടത്തിവരുന്നു. ഈ രാജ്യങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതാണ് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, അകാശാ എയര്‍ തുടങ്ങിയ കമ്പനികളുടെ വിപുലമായ സര്‍വീസുകള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com