

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൽ (HAL) നിന്ന് 62,000 കോടി രൂപയിലധികം വിലവരുന്ന 156 ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ വാങ്ങുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി (CCS) അനുമതി നല്‍കി. എച്ച്.എ.എല്ലിന് ഇതുവരെ ലഭിച്ചതിൽ വച്ച് ഏറ്റവും വലിയ ഓർഡറാണിത്. ഇന്ത്യൻ കരസേനയ്ക്കും ഇന്ത്യൻ വ്യോമസേനയ്ക്കുമാണ് ഹെലികോപ്റ്ററുകൾ കൈമാറുക.
5,000 മീറ്റർ ഉയരത്തിൽ ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ലോകത്തിലെ ഏക ആക്രമണ ഹെലികോപ്റ്ററാണ് പ്രചണ്ഡ് എന്ന് അറിയപ്പെടുന്ന എൽസിഎച്ച്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളിലൊന്നായ സിയാച്ചിൻ മലനിരകളിലും കിഴക്കൻ ലഡാക്കിലും പ്രവർത്തിക്കാൻ അനുയോജ്യമായ ഹെലികോപ്റ്ററാണ് ഇത്.
തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ യുദ്ധ ഹെലികോപ്റ്ററാണ് എൽസിഎച്ച്. എംഎസ്എംഇ കൾ അടക്കമുളള 250 ലധികം ആഭ്യന്തര കമ്പനികൾ രൂപകൽപ്പന ചെയ്ത 65 ശതമാനത്തിലധികം ഘടകങ്ങള്‍ കൊണ്ടാണ് ഹെലികോപ്റ്റര്‍ നിര്‍മിക്കാനാണ് പദ്ധതിയുളളത്. ഇത് നേരിട്ടുള്ളതും പരോക്ഷമായതുമായ 8,500 ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
ബംഗളൂരുവിലെയും കർണാടകയിലെ തുംകൂറിലെയും പ്ലാന്റുകളിലാണ് ഹെലികോപ്റ്ററുകൾ നിർമ്മിക്കുക. ചൈന, പാകിസ്ഥാൻ അതിർത്തികളിലെ പ്രവർത്തനങ്ങൾക്കായാണ് ഈ ഹെലികോപ്റ്ററുകൾ ഉപയോഗിക്കുക. ഹെലികോപ്റ്ററുകളില്‍ 90 എണ്ണം കരസേനയ്ക്കും ബാക്കിയുളളവ വ്യോമസേനയ്ക്കും നല്‍കും. എച്ച്.എ.എല്‍ ഓഹരി ഇന്നലെ 0.46 ശതമാനം നേട്ടത്തില്‍ 4,179.90 രൂപയിലാണ് ക്ലോസ് ചെയ്തത്.
Read DhanamOnline in English
Subscribe to Dhanam Magazine