എന്തുകൊണ്ട് ഐപിഎല്‍ ടീം വേണ്ട, കാരണങ്ങള്‍ നിരത്തി ഹര്‍ഷ് ഗോയങ്ക

പുതിയ ഐപിഎല്‍ ടീമിനായി ബിസിസഐ ഇന്ന് ദുബായിയില്‍ ലേലം നടത്തുകയാണ്. പുതുതായി രണ്ട് ടീമുകളെയാണ് ഐപിഎല്ലില്‍ ഉള്‍പ്പെടുത്തുക. ഒരു ടീമിന്റെ അടിസ്ഥാന വില 2000 കോടിയാണ്. എന്നാല്‍ ലേലത്തിലൂടെ 7000 മുതല്‍ 10000 കോടിവരെ ലഭിക്കുമെന്നാണ് ബിസിസിഐയുടെ കണക്കുകൂട്ടല്‍.

ഐപിഎല്‍ ടീമിനായി അദാനി ഗ്രൂപ്പ്, ഫുട്‌ബോള്‍ ക്ലബ്ബ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് തുടങ്ങി ബോളിവുഡ് താര ദമ്പതികളായ ദീപിക പദ്‌കോണ്‍- റണ്‍വീര്‍ സിംഗ് ജോഡികള്‍ വരെ രംഗത്തുണ്ടെന്നാണ് വിവരം. ഇക്കൂട്ടത്തില്‍ നേരത്തെ മുതല്‍ പറഞ്ഞുകേട്ട പേരാണ് ഗോയങ്ക ഗ്രൂപ്പിന്റേത് (ആര്‍പിജി എന്റര്‍പ്രൈസസ്).
എന്നാല്‍ ഐപിഎല്‍ ടീമുകള്‍ക്കായുള്ള ലേലത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗോയങ്ക ഗ്രൂപ്പ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്ക. എന്തുകൊണ്ട് ലേലത്തില്‍ പങ്കെടുക്കുന്നില്ല എന്നതിന് 5 കാരണങ്ങളും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
ഐപിഎല്ലില്‍ ജയിക്കുന്ന ടീമിന് ലഭിക്കുന്ന തുക തീരെ കുറവാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇത്തവണ ഐപിഎല്ലില്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ലഭിച്ച സമ്മാനത്തുക 20 കോടിയാണ്. രണ്ടാമതായി ഗോയങ്ക ചൂണ്ടിക്കാട്ടുന്നത് പുതിയ ടീം അനുവദിക്കുന്ന നഗരങ്ങളില്‍ കാണികള്‍ കുറവാണെന്നതാണ്.
ഐപിഎല്ലില്‍ മാച്ചുകളുടെ എണ്ണം കൂട്ടുന്നത് ടിആര്‍പി കുറയ്ക്കും. കൂടാകെ വ്യക്തിപരമായി ഒരുപാട് സമയം നഷ്ടപ്പെടുത്തുന്ന ഏര്‍പ്പാടാണ് ഇതെന്നും അദ്ദേഹം പറയുന്നു. ഏറ്റവും ഒടുവിലായി ഗോയങ്ക പറയുന്നത് ഒരു ഐപിഎല്‍ ടീമിനായി ചെലവഴിക്കാനുള്ള പണം തന്റെ കൈയ്യില്‍ ഇല്ലെന്നാണ്.
ഐടി, ടയര്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, ഫാര്‍മസ്യൂട്ടിക്കല്‍, എനര്‍ജി, പ്ലാന്റേഷന്‍ തുടങ്ങിയ മേഖലകളില്‍ ബിസിനസുള്ള ആര്‍പിജി എന്റര്‍പ്രൈസസിന്റെ മൂല്യം ഏകദേശം 3.80 ബില്യണ്‍ യുഎസ് ഡോളറാണ്. ഹാരിസണ്‍ മലയാളം, ടയര്‍ കമ്പനി സിയറ്റ് എന്നിവ ആര്‍പിജി എന്റര്‍പ്രൈസസിന് കീഴിലുള്ളവയാണ്.
അഹമ്മദാബാദ്, കട്ടക്ക്, ദര്‍മശാല, ഗുവാഹത്തി, ഇന്‍ഡോര്‍, ലക്‌നൗ എന്നീ നഗരങ്ങളെയാണ് പുതിയ ടീമുകള്‍ക്കായി ബിസിസിഐ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അഹമ്മദാബാദും ലക്‌നൗവും ആസ്ഥാനമായി പുതിയ ടീമുകളെത്താനാണ് സാധ്യത. അഹമ്മദാബാദ് ആസ്ഥാനമായ ഐപിഎല്‍ ടീമിനായി അദാനി ഗ്രൂപ്പ് ശക്തമായി രംഗത്തുണ്ട് എന്നാണ് സൂചന. രണ്ടു ടീമുകള്‍ കൂടി എത്തുന്നതോടെ ഐപിഎല്ലിലെ ആകെ ടീമുകളുടെ എണ്ണം 10 ആകും


Related Articles
Next Story
Videos
Share it