ഹെലി ടൂറിസം പദ്ധതിക്ക് തുടക്കമായി; പാക്കേജുകളും ട്രിപ്പ് വിവരങ്ങളും അറിയാന്‍ വെബ്‌സൈറ്റ്
ഇനി കേരളം മുഴുവൻ ഹെലികോപ്റ്ററിൽ ചുറ്റാം, പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കുന്ന ഹെലി ടൂറിസം പദ്ധതിയ്ക്ക് തുടക്കമായി. നെടുമ്പാശ്ശേരിയില്‍ നടന്ന ചടങ്ങില്‍ ഹെലി ടൂറിസത്തിന്റെ ആദ്യ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കിക്കൊണ്ട് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പദ്ധതിയ്ക്ക് ഔദ്യോഗിക തുടക്കമിട്ടു. ഹെലി ടൂറിസം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന മൈക്രോസൈറ്റും മന്ത്രി പുറത്തിറക്കി. വിവിധ ഹെലി ഓപ്പറേറ്റര്‍മാര്‍ നല്‍കുന്ന പാക്കേജുകള്‍, ട്രിപ്പുകളുടെ വിവരങ്ങള്‍ ബുക്കിംഗ് മുതലായവ ഇതിലുണ്ടാകും.
രാജ്യത്താദ്യമായി ഹെലി ടൂറിസം നയം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുമെന്ന് മന്ത്രി പറഞ്ഞു. ''ഹൗസ്‌ബോട്ടുകള്‍ക്കും കാരവാന്‍ ടൂറിസത്തിനും ശേഷം കേരള ടൂറിസം അവതരിപ്പിക്കുന്ന പുത്തന്‍ പദ്ധതിയാണ് ഹെലി ടൂറിസം. വിദേശ-ആഭ്യന്തര സഞ്ചാരികള്‍ക്ക് സംസ്ഥാനത്തിന്റെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സമയം നഷ്ടപ്പെടാതെ കാണിക്കുക എന്ന കാഴ്ചപ്പാടാണ് ടൂറിസം വകുപ്പിനുള്ളത്. കേരളത്തിന്റെ ജനസാന്ദ്രത ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ്. സഞ്ചാരികള്‍ക്ക് എല്ലായിടത്തും എത്തിച്ചേരാന്‍ സാധിക്കുന്നില്ല.'' ഇതിന് ഒരു പരിധി വരെ പരിഹാരമാണ് ഹെലി ടൂറിസമെന്നും മന്ത്രി പറഞ്ഞു.
പ്രവർത്തിക്കുന്നതിങ്ങനെ
വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് എളുപ്പത്തില്‍ എത്താനും കേരളത്തിന്റെ കാഴ്ചകള്‍ ആസ്വദിക്കാനും ഹെലി ടൂറിസത്തിലൂടെ സാധിക്കും. വിനോദ സഞ്ചാരികളുടെ മാറുന്ന അഭിരുചികള്‍ക്ക് അനുസരിച്ച് പുതിയ ടൂറിസം ഉത്പന്നങ്ങള്‍ കൊണ്ട് വരിക എന്നതാണ് വകുപ്പിന്റെ നയം. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ആണ് ഹെലി ടൂറിസം നടപ്പാക്കുന്നത്.
സുപ്രധാന ടൂറിസം കേന്ദ്രങ്ങള്‍ക്കടുത്ത് നിലവിലുള്ള ഹെലിപാഡുകള്‍ കണ്ടെത്തി അവ ഹെലി ടൂറിസം പദ്ധതിക്കായി ഉപയോഗപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. വ്യത്യസ്ത മേഖലകളില്‍ ഹെലിപാഡുകള്‍ ഒരുക്കുന്ന രീതി അടുത്തിടെ വ്യാപകമാണ്. ഇത്തരം അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ ടൂറിസം സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താനാണ് ലക്ഷ്യം വയ്ക്കുന്നത്.
നിലവില്‍ പ്രവര്‍ത്തന സജ്ജമായ ഹെലിപാഡുകള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള സര്‍വീസുകളാണ് ആദ്യ ഘട്ടത്തില്‍ വിഭാവനം ചെയ്തിട്ടുള്ളത്. സുരക്ഷാ മാനദണ്ഡങ്ങളുടെ പരിശോധന, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ), ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബി.സി.എ.എസ്) അംഗീകാരം, യാത്രക്കാരുടെ സുരക്ഷിതത്വം, തുടങ്ങിയവയുടെ പൂര്‍ണ ഉത്തരവാദിത്തം സര്‍വീസ് നടത്തുന്ന ഏജന്‍സികള്‍ക്കായിരിക്കും.
സേവന ദാതാക്കള്‍ക്ക് ഉപഭോക്താക്കളിലേക്കെത്തുവാനുള്ള ഫെസിലിറ്റേറ്റർ ആയി ടൂറിസം വകുപ്പ് പ്രവര്‍ത്തിക്കും. ഇതിന്റെ ഭാഗമായി ഇതിനായി ഓപ്പറേറ്റര്‍മാര്‍ ധാരണാപത്രത്തില്‍ ഒപ്പു വയ്ക്കണം.
സംസ്ഥാനത്തിന്റെ തെക്കും വടക്കുമുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കി കൊണ്ടുള്ള പ്രത്യേക പാക്കേജുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. സഞ്ചാരികളുടെ പ്രതികരണവും മറ്റ് സാങ്കേതിക ഘടകങ്ങളും പരിഗണിച്ച് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ പുതിയ ഹെലിപാഡുകള്‍ ഒരുക്കുന്നതും പരിഗണനയിലാണ്.