ഹീറോ മോട്ടോകോര്‍പ്പിനെ നയിക്കാന്‍ ഇനി നിരഞ്ജന്‍ ഗുപ്ത

മോട്ടോര്‍സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് നിരഞ്ജന്‍ ഗുപ്തയെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) നിയമിച്ചു. മെയ് 1 ന് അദ്ദേഹം ചുമതലയേല്‍ക്കും. നിലവില്‍ കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറാണ് (സിഎഫ്ഒ) അദ്ദേഹം. ഡോ. പവന്‍ മുഞ്ജല്‍ ബോര്‍ഡില്‍ എക്സിക്യൂട്ടീവ് ചെയര്‍മാനും മുഴുവന്‍സമയ ഡയറക്ടറുമായി തുടരും.

വഹിച്ചത് വലിയ പങ്ക്

ആഗോള ബ്രാന്‍ഡുകളായ ഹാര്‍ലി ഡേവിഡ്സണ്‍, സീറോ മോട്ടോര്‍സൈക്കിള്‍സ് എന്നിവയുമായി പ്രധാന പങ്കാളിത്തം സ്ഥാപിക്കുന്നതില്‍ നിരഞ്ജന്‍ ഗുപ്ത വഹിച്ച പങ്ക് വലുതാണ്. കഴിഞ്ഞ ആറ് വര്‍ഷമായി കമ്പനിയുടെ സാമ്പത്തിക രംഗം രൂപപ്പെടുത്തുന്നതില്‍ ഗുപ്ത ഏറെ പ്രയത്‌നിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. വികസിതവും വികസ്വരവുമായ വിപണികളിലെ വൈവിധ്യപൂര്‍ണ്ണമായ അനുഭവത്തിന്റെ വെളിച്ചത്തില്‍ കമ്പനിയുടെ വളര്‍ച്ച നിര്‍വചിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചതായി ഡോ. പവന്‍ മുഞ്ജാല്‍ പറഞ്ഞു.

നേതൃത്വ പരിചയം

കണ്‍സ്യൂമര്‍ ഗുഡ്സ്, ലോഹങ്ങള്‍, ഖനനം, വാഹനവ്യവയായം എന്നിവയുള്‍പ്പെടെയുള്ള ബിസിനസ് മേഖലകളിലുടനീളമുള്ള ധനകാര്യം, ലയനങ്ങള്‍, ഏറ്റെടുക്കലുകള്‍, വിതരണം തുടങ്ങിയവയില്‍ നിരഞ്ജന്‍ ഗുപ്തയ്ക്ക് 25 വര്‍ഷത്തെ നേതൃത്വ പരിചയമുണ്ട്. ബോര്‍ഡ് ഓഫ് ഏതര്‍ എനര്‍ജി, എച്ച്എംസി എംഎം ഓട്ടോ, എച്ച്എംസിഎല്‍ കൊളംബിയ എന്നിവയുടെ ഡയറക്ടറായും ഗുപ്ത പ്രവര്‍ത്തിക്കുന്നുണ്ട്. ഹീറോ മോട്ടോകോര്‍പ്പില്‍ എത്തുന്നതിന് മുമ്പ് അദ്ദേഹം മൂന്ന് വര്‍ഷം വേദാന്തയിലും 20 വര്‍ഷം യൂണിലിവറിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it