ലക്ഷ്യം ആഗോള വിപണി; ഇലക്ട്രിക് വാഹനങ്ങളുമായി ഹീറോ മോട്ടോകോര്‍പ് ഉടനെത്തും
ഇലക്ട്രിക് വാഹന വിപണിയില്‍ ആഗോള തലത്തില്‍ സാന്നിധ്യമാവുകയാണ് ലക്ഷ്യമെന്ന് ഹീറോ മോട്ടോകോര്‍പ് (Hero Motocorp). വരുന്ന ഉത്സവ സീസണില്‍ കമ്പനിയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറങ്ങും. നേരത്തെ വിതരണ ശൃംഖലയിലെ തടസങ്ങള്‍ മൂലം ഇലക്ട്രിക് വാഹനം അവതരിപ്പിക്കുന്നത് രണ്ട് തവണ ഹീറോ നീട്ടിവെച്ചിരുന്നു.
വിഡ (Vida) എന്ന ബ്രാന്‍ഡിലാണ് ഹീറോ മോട്ടോകോര്‍പിന്റെ ഇലക്ട്രിക് മോഡലുകള്‍ എത്തുന്നത്. ഹീറോ ഇലക്ട്രിക്കുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഹീറോ ഇവികള്‍ക്കായി പുതിയ ബ്രാന്‍ഡ് അവതരിപ്പിച്ചത്.
ഇ-സ്‌കൂട്ടറുകളുടെ വിലയില്‍ തന്നെ വലിയ സ്വാധിനം ചെലുത്താന്‍ കമ്മ്യൂട്ടര്‍ ഇരുചക്ര വാഹന നിര്‍മാണത്തിന് പേരുകേട്ട ഹീറോ മോട്ടോകോര്‍പിന് ആകുമെന്നാണ് വിലയിരുത്തല്‍.
ഇവി വിഭാഗത്തില്‍ നിന്ന് ഉള്‍പ്പടെ 15 ശതമാനം വില്‍പ്പനയാണ് ആഗോള വിപണിയില്‍ നിന്ന് കമ്പനി ലക്ഷ്യമിടുന്നത്. 2021-22 സാമ്പത്തിക വര്‍ഷം ഹീറോ മോട്ടോകോര്‍പ് 4,944,150 യൂണീറ്റ് വാഹനങ്ങളാണ് ഉല്‍പ്പാദിപ്പിച്ചത്. അതില്‍ 4,643,526 യൂണീറ്റുകളാണ് ഇന്ത്യയില്‍ വിറ്റത്.