ഹിന്ദുജ കുടുംബത്തിലെ വഴക്കു തീരുമ്പോള്‍, ഇനിയെന്ത്?

ഹിന്ദുജ സഹോദരന്മാരുടെ വഴക്ക് ഒത്തുതീര്‍പ്പിലേക്ക് എന്നു സൂചന. എല്ലാ ബിസിനസും കൂട്ടായി നടത്താനുള്ള പഴയ തീരുമാനം മാറ്റി. ശ്രീചന്ദ്, ഗോപീചന്ദ്, അശോക്, പ്രകാശ് എന്നീ നാലു സഹോദരന്മാരുടേതാണ് ഹിന്ദുജ ഗ്രൂപ്പ്. ഒന്നിച്ചുള്ള മാനേജ്‌മെന്റ് നിര്‍ത്തി ഇനി ഗ്രൂപ്പ് കമ്പനികള്‍ നാലു സഹോദരന്മാര്‍ക്കുമായി വീതിക്കും എന്നാണു സൂചന. നിരവധി രാജ്യങ്ങളില്‍ ബിസിനസ് സ്ഥാപനങ്ങള്‍ ഉള്ള ഗ്രൂപ്പിന്റെ വിഭജനം മാസങ്ങള്‍ കൊണ്ടേ നടക്കൂ.

മൂത്ത സഹോദരന്‍ ശ്രീചന്ദ് പരമാനന്ദ് (എസ്പി) ഹിന്ദുജ ഇപ്പോള്‍ മറവിരോഗം അടക്കം ശാരീരിക പ്രശ്‌നങ്ങള്‍ മൂര്‍ഛിച്ച് ക്ഷീണാവസ്ഥയിലാണ്. അദ്ദേഹത്തിന്റെ ഏകമകള്‍ വിനൂ എസ്പിയുടെ സഹോദരന്മാരുമായി യോജിപ്പിലല്ല. ഹിന്ദുജ ബാങ്ക് അടക്കമുള്ള ബിസിനസുകളുടെ നടത്തിപ്പിനെപ്പറ്റി എസ്പിയും സഹാേദരന്മാരുമായി പല കേസുകള്‍ നിലവിലുണ്ട്.
'എല്ലാം എല്ലാവരുടേതാണ്, ഒന്നും ആരുടേതുമല്ല' എന്ന തത്വം സ്വീകരിച്ച് 2014-ല്‍ രൂപപ്പെടുത്തിയ കുടുംബ ഉടമ്പടി മാറ്റണമെന്നാണ് വിനൂ ആവശ്യപ്പെട്ടു പോന്നത്. അത് ഇപ്പോള്‍ സ്വീകരിക്കപ്പെട്ടു. ഹിന്ദുജ ബാങ്കിനു വേണ്ടിയാകും ഇനി വലിയ പോരാട്ടം. അതു കൈവിടാന്‍ ഒരു പക്ഷവും തയാറല്ല.
ഇന്ത്യയില്‍ അശോക് ലെയ്‌ലന്‍ഡ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഗള്‍ഫ് ഓയില്‍ കോര്‍പ്, ഗള്‍ഫ് ഓയില്‍ ല്യൂബ്രിക്കന്റ്‌സ്, ഹിന്ദുജ ഗ്ലോബല്‍ സൊലൂഷന്‍സ്, എന്‍എക്‌സ്ടി ഡിജിറ്റല്‍ തുടങ്ങി എട്ടു ലിസ്റ്റഡ് കമ്പനികള്‍ ഗ്രൂപ്പിനുണ്ട്. ലിസ്റ്റ് ചെയ്യാത്ത വേറേ ബിസിനസുകളുമുണ്ട്.
വര്‍ഷങ്ങളായി ഉടമകള്‍ തര്‍ക്കത്തിലായിരുന്നതു കൊണ്ട് ഹിന്ദുജ ഗ്രൂപ്പിന്റെ വളര്‍ച്ച മുരടിച്ചിരുന്നു. കമ്പനികളുടെ ഓഹരി വിലയും സാധ്യമായത്ര വളര്‍ച്ച നേടിയിട്ടില്ല. വിഭജനം കമ്പനികള്‍ക്കു പുതിയ വളര്‍ച്ച വഴികള്‍ തുറക്കാനിടയുണ്ട്.



Related Articles
Next Story
Videos
Share it