റിലയന്‍സ് ക്യാപിറ്റല്‍ കൈമാറ്റത്തില്‍ ട്വിസ്റ്റ്, തുക ഉയര്‍ത്തി ഹിന്ദുജ

റിലയന്‍സ് ക്യാപിറ്റലിനെ (Reliance Capital) ഏറ്റെടുക്കാന്‍ ഹിന്ദുജ ഗ്രൂപ്പിന്റെ (Hinduja Group) അപ്രതീക്ഷിത ശ്രമം. ഇ-ലേലത്തില്‍ ടൊറെന്റ് ഗ്രൂപ്പിനോട് പരാജയപ്പെട്ട ഹിന്ദുജ ഗ്രൂപ്പ് 9,000 കോടി രൂപയ്ക്ക് കമ്പനിയെ ഏറ്റെടുക്കാമെന്നാണ് അറിയിച്ചത്. 8,640 കോടി രൂപയ്ക്കായിരുന്നു ടൊറന്റ് ലേലം വിജയിച്ചത്. അതേ സമയം 12,500-13,200 കോടി രൂപയ്ക്കിടയിലാണ് റിലയന്‍സ് ക്യാപിറ്റലിന്റെ ലിക്യുഡേഷന്‍ മൂല്യം.

ലേലത്തിന്റെ സമയം ഹിന്ദുജ മുന്നോട്ട് വെച്ചത് 8,150 കോടിയുടെ ഓഫര്‍ ആയിരുന്നു. ഹിന്ദുജ ഗ്രൂപ്പിന്റെ പുതിയ ഓഫര്‍ സ്വീകരിക്കപ്പെട്ടാല്‍ അതിനെതിരെ ടൊറന്റ് നിയമ നടപടികള്‍ക്ക് മുതിര്‍ന്നേക്കും. 24,000 കോടി രൂപയുടെ വായ്പ തിരിച്ചടിവില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് റിലയന്‍സ് ക്യാപിറ്റലിനെതിരെ പാപ്പരത്ത നടപടികള്‍ തുടങ്ങിയത്.

Read More: ലേലത്തുക 8,640 കോടി; റിലയന്‍സ് ക്യാപിറ്റലിനെ ടൊറെന്റ് ഏറ്റെടുക്കും

കമ്പനിയുടെ വായ്പാ ദാതാക്കള്‍ ചേര്‍ന്നാണ് ലേലത്തില്‍ ഉയര്‍ന്ന തുക ബിഡ് ചെയ്ത ടൊറന്റ് ഗ്രൂപ്പിന് ആസ്തികള്‍ കൈമാറുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. ഹിന്ദുജ ഗ്രൂപ്പിന്റെ ഓഫര്‍ സ്വീകരിച്ചാല്‍ ലേല നടപടികള്‍ നിയമക്കുരുക്കിലേക്ക് പോയേക്കാം എന്നതാണ് വായ്പാ ദാതാക്കളുടെ ആശങ്ക.

റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്, റിലയന്‍സ് സെക്യൂരിറ്റീസ്, റിലയന്‍സ് അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി, റിലയന്‍സ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവയാണ് റിലയന്‍സ് ക്യാപിറ്റലിന് കീഴിലുള്ള സ്ഥാപനങ്ങള്‍. കൂടാതെ നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ 51 ശതമാനം ഓഹരികളും ഇന്ത്യന്‍ കമ്മോഡിറ്റി എക്സ്ചേഞ്ചിലെ 20 ശതമാനം ഓഹരികളും റിലയന്‍സ് ക്യാപിറ്റലിന് ഉണ്ട്.

Related Articles
Next Story
Videos
Share it