ഖനനം പരിസ്ഥിതി സൗഹൃദമാക്കാന്‍ വന്‍ പദ്ധതി, ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപത്തിനൊരുങ്ങി ഹിന്ദുസ്ഥാന്‍ സിങ്ക്

ഖനന (Mining) പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കാന്‍ വന്‍ പദ്ധതിയുമായി ഹിന്ദുസ്ഥാന്‍ സിങ്ക് (Hindustan Zinc). അടുത്ത അഞ്ച് വര്‍ഷത്തിനിടെ 1 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഖനനം പരിസ്ഥിതി സൗഹൃദമാക്കാന്‍ നടത്തുക. ഇതിന്റെ ഭാഗമായി എല്ലാ ഖനന ഉപകരണങ്ങളും ഘട്ടം ഘട്ടമായി ബാറ്ററി-ഓപ്പറേറ്റഡ് ഇലക്ട്രിക് വാഹനങ്ങളാക്കി (ഇവി) മാറ്റുന്നതിനുള്ള പ്രക്രിയ ആരംഭിച്ചുകഴിഞ്ഞു.

അനുബന്ധ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലിങ്ക് ലിമിറ്റഡില്‍ വേദാന്തയ്ക്ക് (Vedanta) 64.9 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. സര്‍ക്കാരിന് 29.5 ശതമാനം ഓഹരിയുമുണ്ട്. നിലവില്‍ ഇന്ത്യയിലെ സിങ്ക് വിപണിയില്‍ 80 ശതമാനവും ഹിന്ദുസ്ഥാന്‍ ലിങ്ക് ലിമിറ്റഡിനാണ്.

ഖനനം (Mining) പരിസ്ഥിതി സൗഹൃദമാക്കുന്നതിന് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് ഉപകരണങ്ങള്‍, ഫ്രണ്ട്-ലൈന്‍ ഫ്‌ലീറ്റ്, യൂട്ടിലിറ്റി വാഹനങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിന് ആഗോള നിര്‍മാതാക്കളായ നോര്‍മെറ്റ്, എപിറോക്ക് എന്നിവയുമായി അടുത്തിടെ ഒരു പ്രാരംഭ കരാറില്‍ ഏര്‍പ്പെട്ടതായി കമ്പനി അടുത്തിടെ വ്യക്തമാക്കിയിരുന്നു.

കൂടാതെ, ഊര്‍ജ ഉപഭോഗത്തില്‍ റിന്യൂവബ്ള്‍ എനര്‍ജിക്ക് മുന്‍ഗണ നല്‍കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഊര്‍ജ്ജ ആവശ്യകതയുടെ 50 ശതമാനവും റിന്യൂവബ്ള്‍ എനര്‍ജിയിലൂടെ കണ്ടെത്താനാണ് ലക്ഷ്യം. കമ്പനിക്ക് ഇപ്പോള്‍ 273.5 മെഗാവാട്ട് കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദന ശേഷിയുണ്ട്.

ഉല്‍പ്പാദനം വര്‍ധിപ്പിച്ച് ബിസിനസ് വിപുലീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. ലോഹ ഉല്‍പ്പാദന ശേഷി പ്രതിവര്‍ഷം 1.2 മില്യണ്‍ ടണ്ണില്‍ നിന്ന് (എംടിപിഎ) 1.5 മില്യണ്‍ ടണ്ണായി ഉയര്‍ത്താനുള്ള പാതയിലാണെന്ന് കമ്പനി വ്യക്തമാക്കി. ഹിന്ദുസ്ഥാന്‍ സിങ്ക് അലോയ്സ് എന്ന ഉപസ്ഥാപനവും കമ്പനി സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി പ്രതിവര്‍ഷം 30,000 ടണ്‍ യൂണിറ്റ് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

Related Articles
Next Story
Videos
Share it