നിയമനങ്ങള്‍ കുറച്ചത് ഐടി കമ്പനികള്‍ക്ക് നേട്ടം

നിയമനം കുറച്ചത് രാജ്യത്തെ ഐടി കമ്പനികള്‍ക്ക് നേട്ടമായി. ഓരോ ജീവനക്കാരില്‍ നിന്നുമുള്ള നേട്ടം (profit per employee) നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ ഉയര്‍ന്നു. രാജ്യത്തെ ഏറ്റവും വലിയ നാല് കമ്പനികള്‍ ഒരു ജീവനക്കാരനില്‍ നിന്ന് ഇക്കാലയളവില്‍ നേടിയ അറ്റാദായം 1.7 ലക്ഷം രൂപയാണ്.

രണ്ടാം പാദത്തിലെ 1.57 ലക്ഷത്തെ അപേക്ഷിച്ച് ലാഭം ഉയര്‍ന്നത് 8.6 ശതമാനം ആണ്. ആദ്യപാദത്തില്‍ 1.47 ലക്ഷം രൂപയായിരുന്നു ഒരോ ജീവനക്കാരനില്‍ നിന്നും കമ്പനിയുടെ ലാഭം. അതേ സമയം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നേട്ടം 0.9 ശതമാനം ഇടിയുകയാണ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ഈ നാല് കമ്പനികളും ജീനക്കാരില്‍ നിന്ന് 1.95 ലക്ഷം രൂപയുടെ ലാഭം നേടിയിരുന്നു.

ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, വിപ്രോ എന്നിവയാണ് ഈ കമ്പനികള്‍. മൂന്നാം പാദത്തില്‍ 1,940 നിയമനങ്ങള്‍ മാത്രമാണ് ഈ കമ്പനികളെല്ലാം ചേര്‍ന്ന് നടത്തിയത്. കഴിഞ്ഞ ഒമ്പത് പാദങ്ങളിലായി ശരാശരി 47,000 നിയമനങ്ങള്‍ നടന്ന സ്ഥാനത്താണ് ഇടിവ്. എണ്ണം കുറഞ്ഞത് ലാഭത്തെ അടിസ്ഥാനമാക്കിയുള്ള ജീവനക്കാരുടെ കാര്യക്ഷമത, കണക്കുകളില്‍ ഉയരാന്‍ കാരണമായിട്ടുണ്ട്.

അതേ സമയം ആഗോളതലത്തില്‍ ടെക് കമ്പനികളുടെ പിരിച്ചുവിടല്‍ തുടരുകയാണ്. ഈ വര്‍ഷം ഇതുവരെ 25,000ല്‍ അധികം പേര്‍ക്കാണ് ജോലി നഷ്ടമായത്. ജീവനക്കാരുടെ എണ്ണം കുറയക്കുന്നതില്‍ ഇന്ത്യന്‍ ടെക് സ്റ്റാര്‍ട്ടപ്പുകള്‍ മുന്നിലാണ്. സാമ്പത്തിക മാന്ദ്യത്തിന്റെ ആശങ്കയില്‍ ചെലവ് ചുരുക്കലിന്റെ പാതയിലാണ് ടെക് കമ്പനികളെല്ലാം.

Related Articles
Next Story
Videos
Share it