Begin typing your search above and press return to search.
ഇത് ഹോം തിയേറ്ററുകളുടെ കാലം; ആസ്വാദനത്തിൻ്റെ പുത്തൻ ട്രെൻഡിനൊപ്പം മലയാളിയും
യുട്യൂബില്‍ കയറി "ഹോം തീയറ്റര്‍ മലയാളം" എന്ന് സെര്‍ച്ച് ചെയ്താല്‍ ഇന്ന് നിരവധി വീഡിയോകള്‍ നമുക്ക് കാണാന്‍ സാധിക്കും. ബജറ്റ് ഹോം തീയറ്ററുകളെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇത്തരം വീഡിയോകളിലെല്ലാം. 'നല്ല പ്രൊജക്ടര്‍ ഏത് ബ്രാന്റിന്റേതാണ് ' ചുരുങ്ങിയ ബജറ്റില്‍ ഹോം തീയറ്റര്‍ നിര്‍മിക്കാന്‍ എത്ര രൂപയാകും തുടങ്ങി... ഒരു വീട് വെക്കുമ്പോള്‍ ഹോം തീയറ്റര്‍ കൂടി വേണം എന്നത് എന്റെ സ്വപ്‌നമാണ് എന്നിങ്ങനെ നീളുന്നു ഇത്തരം വീഡിയോകള്‍ക്ക് വരുന്ന കമന്റുകള്‍.
കൊവിഡ് മൂലം തീയറ്ററുകള്‍ അടയ്ക്കുകയും ഓടിടി റിലീസുകള്‍ വ്യാപകമാവുകയും ചെയ്തതോടെ ഹോം തിയേറ്ററുകള്‍ എന്ന ആശയത്തിന് കേരളത്തില്‍ കൂടുതല്‍ പ്രചാരം ലഭിച്ചു. എറണാകുളം ഇടപ്പള്ളിയില്‍ ഓഡിയോ മാജിക് ഹോം സിനിമാസ് എന്ന പേരില്‍ ഹോം തിയേറ്റര്‍ ഇന്‍സ്റ്റാളേഷന്‍ സ്ഥാപനം നടത്തുന്ന ജീവന്‍ ശ്യാം പറയുന്നത് ഇപ്പോൾ ചെയ്യുന്ന വര്‍ക്കുകള്‍ ഇരട്ടിയായി എന്നാണ്. ഓടിടി പ്ലാറ്റ് ഫോമുകള്‍ വ്യാപകമായതും കൂടുതല്‍ സിനിമകള്‍ ഓടിടി റിലീസിന് എത്തിയതും ഈ മേഖലയ്ക്ക് ഗുണം ചെയ്‌തെന്ന് ജീവന്‍ ചൂണ്ടിക്കാട്ടുന്നു.
ലോക്ക്ഡൗണിന്റെ സമയം കൂടുതല്‍ സമയം വീട്ടിലിരുന്ന ആളുകള്‍ ബിഞ്ച് വാച്ചിങ്ങിലേക്ക് വന്നു. മൊബൈല്‍ സ്‌ക്രീനില്‍ സിനിമയും സീരീസും കാണുന്ന എല്ലാവരും കുറെകൂടി വലിയ സ്‌ക്രീനില്‍ ഇവ ആസ്വദിക്കണം എന്ന് താല്‍പ്പര്യം ഉള്ളവര്‍ തന്നെയാണ്. വീടിന്റെ സുരക്ഷിതത്വത്തില്‍ പ്രിയപ്പെട്ടവരുമായിരുന്നു ഒരു ഫീല്‍ഗുഡ് സിനിമ കാണാന്‍ ആഗ്രഹിക്കുന്നവരാണ് പലരും.
കൊവിഡിന് ശേഷം ഹോം തീയറ്ററുകളുടെ പ്രചാരം കൂടിയെന്നാണ് ഹോംതീയറ്ററുകള്‍ സ്ഥാപിച്ചു നല്‍കുന്ന എസ്എച്ച് മീഡിയയുടെ ഉടമ വര്‍ഗീസ് ഫ്രാന്‍സിസും പറയുന്നത്. 10 വര്‍ഷത്തോളമായി ഈ മേഖലയില്‍ ഉള്ള ആളാണ് വര്‍ഗീസ്. തുടക്കകാലത്ത് ഒരു വര്‍ഷം കൊണ്ട് ലഭിച്ചിരുന്ന ഓഡറുകള്‍ ഇന്ന് ഒരു മാസം കൊണ്ട് അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്.
ഇന്ന് 4-5 ലക്ഷം മുതല്‍ കേരളത്തിലെ പല സ്ഥാപനങ്ങളും ഹോംതീയറ്ററുകള്‍ സ്ഥാപിച്ചു നല്‍കുന്നുണ്ട്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍, സൗണ്ട് സിസ്റ്റം ടെക്‌നോളജി, ബ്രാന്റ് എന്നിവ അനുസരിച്ച് വില ഉയരും. ഒന്നേകാല്‍ കോടി രൂപ മുടക്കി വീട്ടില്‍ തിയേറ്ററുകള്‍ സ്ഥാപിച്ച ആളുകളും ഉണ്ട്. നാട്ടിലെ വലിയ തിയേറ്ററുകളില്‍ കാണുന്ന എല്ലാ സൗകര്യങ്ങളും വീടുകളിലും കൊണ്ടുവരാം എന്നാണ് ഹോം തിയേറ്റര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
2012ല്‍ സ്ഥാപനം തുടങ്ങിയപ്പോള്‍ ഈ മേഖലയില്‍ എതിരാളികളുണ്ടോ എന്നറിയില്ലായിരുന്നു. എന്നാല്‍ ഇന്ന് കേരളത്തില്‍ ഉടനീളം ഹോം തിയേറ്ററുകള്‍ സ്ഥാപിച്ചു നല്‍കുന്ന നൂറിലധികം സ്ഥാപനങ്ങള്‍ ഉണ്ടെന്ന് ജീവന്‍ ശ്യാം ചൂണ്ടിക്കാട്ടുന്നു. നേരത്തെ വലിയ കാശുകാരായിരുന്നു ഹോം തിയേറ്റര്‍ എന്ന ആഗ്രഹവുമായി സമീപിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സാധാരണക്കാരും വിളിക്കാറുണ്ടെന്ന് രജീഷ് പറയുന്നു. കോട്ടയം ഏറ്റുമാനൂരില്‍ പ്രവര്‍ത്തിക്കുന്ന ഡി മാക്‌സ് ഹോം സിനിമാസിന്റെ സഹ സ്ഥാപകനാണ് രജീഷ്.
ഇന്ന് വീട് വെക്കുമ്പോള്‍ തന്നെ പലരും ഹോം തിയേറ്ററിനുള്ള സ്ഥലവും കണ്ടെത്താറുണ്ട്. ഹോം തിയേറ്റര്‍ സ്ഥാപിക്കാന്‍ ഏറ്റവും കൂടുതല്‍ അന്വേഷണങ്ങള്‍ വരുന്നത് തിരുവനന്തപുരം ജില്ലയില്‍ നിന്നാണെന്നാണ് രജീഷ് പറയുന്നത്. കേരളത്തിലെ പലസ്ഥാപനങ്ങളെയും തേടി ബെംഗളൂരു, ചെ്‌ന്നൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളില്‍ നിന്നും വിളി എത്താറുണ്ട്.
ലക്ഷങ്ങള്‍ ഹോം തിയേറ്ററിനായി മുടക്കാന്‍ ഇല്ലാത്തവരാണെങ്കില്‍ സ്വന്തമായി പ്രൊജക്ടറോ അല്ലെങ്കില്‍ വലിയ എല്‍ഇഡി സ്മാര്‍ട്ട് ടിവിയോ വാങ്ങി സ്വീകരണ മുറികളില്‍ തന്നെ മിനി തിയേറ്ററുകള്‍ സജ്ജീകരിക്കുന്ന ട്രെന്റും ഇന്ന് കേരളത്തില്‍ ഉണ്ട്.
കൊവിഡാനന്തരം കേരളത്തില്‍ തിയേറ്ററുകള്‍ സജീവമായാലും ഇപ്പോഴുള്ള മാര്‍ക്കറ്റിന് വലിയ മാറ്റം സംഭവിക്കില്ല എന്നാണ് ഈ മേഖലയിലെ സംരംഭകര്‍ പറയുന്നത്. വ്യക്തമായ ആഗ്രഹത്തോടെയാണ് ഹോം തിയേറ്റര്‍ സ്ഥാപിക്കാന്‍ ഭൂരിഭാഗം ആളുകളും സമീപിക്കുന്നത്. ഭാവിയില്‍ ഇത്തരക്കാരുടെ എണ്ണം വര്‍ധിക്കുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍.
Next Story
Videos