ഡ്രൈവര്‍മാര്‍ക്ക് വിശ്രമുറി: തമിഴ്‌നാടിന്റെ നടപടിയില്‍ ഹോട്ടല്‍ മുറികളുടെ വാടക ഉയരാന്‍ സാധ്യത

ഹോട്ടലുകളിലും ലോഡ്ജുകളിലും അതിഥികളുടെ ഡ്രൈവര്‍മാര്‍ക്ക് ഡോര്‍മിറ്ററി, ടോയ്ലറ്റ് സേവനങ്ങള്‍ നല്‍കണമെന്ന തമിഴ്നാട് സര്‍ക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം മുറികളുടെ വാടക കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്ന് ഹോട്ടലുടമകള്‍ പറഞ്ഞതായി ഇക്‌ണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇവര്‍ക്കായി ഒരു ഡോര്‍മിറ്ററി, കട്ടിലിന് ചുറ്റും നടക്കാന്‍ മതിയായ ഇടം, ഓരോ എട്ട് കിടക്കകള്‍ക്കും ഒരു ടോയ്ലറ്റ്, പ്രത്യേക കുളിമുറി എന്നിവ നിര്‍ബന്ധമാക്കിക്കൊണ്ട് തമിഴ്നാട് കമ്പൈന്‍ഡ് ഡെവലപ്മെന്റ് ആന്റ് ബില്‍ഡിംഗ് (ടി.എന്‍.സി.ഡി.ബി) ചട്ടങ്ങള്‍ 2019 ഭേദഗതി ചെയ്തുകൊണ്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.

ഹോട്ടലുടമകള്‍ പറയുന്നത്

കൂടിയാലോചനകള്‍ ഇല്ലാതെയാണ് സര്‍ക്കാര്‍ ഇത് മുന്നോട്ട് വച്ചതെന്നും ഈ മാറ്റങ്ങള്‍ ചെറിയ ലോഡ്ജുകള്‍ക്കും അതുപോലെ ആഡംബര ഹോട്ടലുകള്‍ക്കും വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് സൗത്ത് ഇന്ത്യ ഹോട്ടല്‍സ് ആന്‍ഡ് റെസ്റ്റോറന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ടി നടരാജന്‍ പറഞ്ഞു.

ഹോട്ടലിന്റെയോ ലോഡ്ജിന്റെയോ പരിസരത്തോ 250 മീറ്ററിനുള്ളിലോ ഡോര്‍മിറ്ററി നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അത്തരമൊരു നിയമം വന്നാല്‍ ഹോട്ടലുകള്‍ക്ക് ഭൂമി ഏറ്റെടുക്കേണ്ടി വന്നേക്കാം. ഹോട്ടലുകള്‍ പൊതുവെ പ്രധാന സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഇതിന് ചെലവേറും. ഹോട്ടലുകള്‍ക്ക് സമീപമുള്ള സ്ഥലത്തിന്റെ ലഭ്യതക്കുറവ് ഇത് ഏറെ ദുഷ്‌കരമാക്കുമെന്ന് ഹോട്ടലുടമകള്‍ പറയുന്നു.

ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഒരു ഡ്രൈവര്‍ക്ക് പ്രതിദിനം ഏകദേശം 500 രൂപ വീതം ഹോട്ടലുകള്‍ക്ക് ചെലവാക്കേണ്ടി വരുമെന്ന് അവര്‍ പറയുന്നു. ഭേദഗതികളില്‍ വ്യക്തതയില്ലാത്തതില്‍ ഹോട്ടലുടമകളും അതൃപ്തി പ്രകടിപ്പിച്ചിച്ചുണ്ട്.

ഡ്രൈവര്‍മാരുടെ ഉറക്കവും വിശ്രമവും ഉറപ്പാക്കും

ഡ്രെവര്‍മാരുടെ സുരക്ഷ ലക്ഷ്യമിട്ട് അവര്‍ ജോലി പുനരാരംഭിക്കുന്നതിന് മുമ്പ് അവര്‍ക്ക് മതിയായ ഉറക്കവും വിശ്രമവും ഉറപ്പാക്കുന്നതാണ് ഈ ഭേദഗതി. കാരണം തമിഴ്നാട്ടില്‍ റോഡപകടങ്ങളുടെ എണ്ണം 2019ലെ 62,685ല്‍ 2022ല്‍ 64,106 ആയി. മതിയായ ഉറക്കവും വിശ്രമവും ഡ്രെവര്‍മാര്‍ക്ക് ലഭിക്കാത്തതും അത്തരം അപകടങ്ങള്‍ക്ക് കാരണമാണെന്ന് വിലയിരുത്തിയാണ് സർക്കാർ നടപടി.Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it