ഹോട്ടല്‍ മേഖലയില്‍ ഉണര്‍വുണ്ടായിട്ടും ഇടത്തരം റസ്‌റ്റോറന്റ് ഉടമകള്‍ ഇപ്പോഴും കുരുക്കില്‍

കടുത്ത സാമ്പത്തിക ബാധ്യതയാല്‍ 30 ശതമാനം പേര്‍ പിന്‍വാങ്ങി.
ഹോട്ടല്‍ മേഖലയില്‍ ഉണര്‍വുണ്ടായിട്ടും ഇടത്തരം റസ്‌റ്റോറന്റ് ഉടമകള്‍ ഇപ്പോഴും കുരുക്കില്‍
Published on

സംസ്ഥാനത്തെ ഹോട്ടല്‍, റസ്‌റ്റോറന്റ് മേഖല ഇളവുകളോടെ ഉണര്‍വിലേക്കെന്ന വാര്‍ത്തകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ മേഖലയിലെ ചെറുകിട ഇടത്തരം വിഭാഗം ഇപ്പോഴും പ്രതിസന്ധിയിലാണ്. ലോണുകള്‍ അടച്ചു തീര്‍ക്കാന്‍ കഴിയാതെ കടുത്ത നികുതി ബാധ്യതയുടെ പിഴപ്പലിശയില്‍ നിന്നും രക്ഷ നേടാനാകാതെയാണ് ഇടത്തരം വിഭാഗത്തിലെ ഓരോ റസ്‌റ്റോറന്റ് വ്യാപാരിയും മുന്നോട്ട് പോകുന്നത്.

ടൂറിസം മേഖലയിലെ ഇപ്പോഴത്തെ ഉണര്‍വ് ജനങ്ങള്‍ക്കിടയിലെ കോവിഡ് മാനദണ്ഡങ്ങളുടെ ഇളവ് കൊണ്ടുള്ള ജനങ്ങളുടെ മേഖലയിലേക്കുള്ള വരവ് കൂടാന്‍ ഇടയായി എന്നുള്ളത് കൊണ്ടാണ്. ഇത് മനികച്ച ഒരു സൂചന കൂടിയാണ്. അതേസമയം മേഖലയിലെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ തുടരുന്നുണ്ടെന്ന് സംസ്ഥാന ഹോട്ടല്‍സ് ആന്‍ഡ് റസ്‌റ്റോറന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം മോയ്തീന്‍ കുട്ടി ഹാജി പറയുന്നു.

മേഖല ആഗ്രഹിക്കുന്നത് തിരിച്ചുവരവ് മാത്രമല്ല, നിലവിലെ പ്രശ്‌നങ്ങളില്‍ നിന്നും കുരുക്കഴിച്ച് സംരംഭകരെ പുറത്തുകൊണ്ട് വരാനുള്ള പദ്ധതി കൂടിയാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

' 30 ശതമാനം ഇടത്തരം ഹോട്ടല്‍ ബിസിനസുകാരും മേഖലയില്‍ നിന്നും പിന്മാറി. 20 ശതമാനത്തോളം പേര്‍ നിലനില്‍പ്പിനെക്കുറിച്ചുള്ള ആശങ്കയിലാണ്. എപ്പോള്‍ വേണമെങ്കിലും റസ്‌റ്റോറന്റ് പൂട്ടിപ്പോയേക്കാവുന്നവരുമുണ്ട്. മേഖലയില്‍ പലിശ കുറച്ചുകൊണ്ടുള്ള ഇടക്കാല വായ്പകള്‍ സര്‍ക്കാരിന്റെ പിന്തുണയോടെ അവതരിപ്പിക്കേണ്ടതായി വരും. അത് പോലെ തന്നെ നികുതിയിളവുകളുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കേണ്ടതായും വരും. മേഖലയില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സംവിധാനത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അനധികൃത ഭക്ഷ്യഭക്ഷ്യേതര ഉല്‍പ്പന്ന സേവനദാതാക്കളുണ്ട്. ഇവരെ നിയന്ത്രിക്കാനുള്ള നടപടികളും അത്യാവശ്യമാണ്. വഴിയോരക്കച്ചവടങ്ങളും നിയന്ത്രണങ്ങള്‍ക്ക് കീഴില്‍ വരണം.'' അദ്ദേഹം പറയുന്നു.

ഹോം സ്‌റ്റേകള്‍ ഉണര്‍ന്നു

ഹോം സ്‌റ്റേകള്‍ക്ക് റസ്‌റ്റോറന്റ് അനുമതി ഇല്ലാതിരുന്നത് കൊണ്ട് തന്നെ വലിയ ലാഭമില്ലാതെയുള്ള പ്രവര്‍ത്തനങ്ങളായിരുന്നുവെന്ന് ആലപ്പുഴ മേരാ മന്‍ ഹോം സ്‌റ്റേ പ്രവര്‍ത്തിപ്പിക്കുന്ന സിബി പറയുന്നു. അദ്ദേഹത്തിന്റെ അടുത്ത മാസം വരെയുള്ള വീക്കെന്‍ഡ് ബുക്കിംഗുകള്‍ പൂര്‍ത്തിയായതായും അദ്ദേഹം പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ പല ഹോം സ്‌റ്റേ സംരംഭകരുടെയും ലോണ്‍ കുടിശ്ശികകളും ജോലിക്കാരുടെ ശമ്പളമുള്‍പ്പെടെയുള്ള കാര്യങ്ങളും പാതിവഴിയിലാണ്. നിലവില്‍ പ്രവര്‍ത്തനമില്ലാതിരുന്നിട്ടും ശമ്പളം നല്‍കേണ്ട അവസ്ഥയായിരുന്നു ജീവനക്കാര്‍ക്ക്. അത്‌പോലെ മുടങ്ങിപ്പോയ ഇഎംഐകളും. ഇത്തരത്തിലാണ് നിരവധി പേരുടെ അവസ്ഥ.

വന്‍കിടക്കാര്‍ക്ക് മാത്രമാണ് മേഖലയിലെ ഇളവുകള്‍ കൂടുതല്‍ നേട്ടമാകുക. യാത്രാ ഇളവുകള്‍ ഉള്‍പ്പെടെ വിവിധ ഘടകങ്ങള്‍ ലക്ഷ്വറി ഹോട്ടല്‍ മേഖലയ്ക്ക് ഗുണകരമായിട്ടുണ്ട്. ബാറും റസ്‌റ്റോറന്റുകളും പൂളുകളും കൂടെ തുറന്നു പ്രവര്‍ത്തിക്കുന്നതോടെ ലക്ഷ്വറി ഹോട്ടല്‍ മേഖല കൂടുതല്‍ കരുത്താര്‍ജിക്കുമെന്നാണ് മേഖലയിലുള്ളവരും പറയുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com