അതീവ ജാഗ്രതയോടെ പ്രവര്‍ത്തനം പുനരാരംഭിക്കാനൊരുങ്ങി ഹോട്ടല്‍, റെസ്റ്റോറന്റ് ഉടമകള്‍; മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയാണ്

അതീവ ജാഗ്രതയോടെ പ്രവര്‍ത്തനം പുനരാരംഭിക്കാനൊരുങ്ങി ഹോട്ടല്‍, റെസ്റ്റോറന്റ് ഉടമകള്‍; മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയാണ്
Published on

റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, മാളുകള്‍ എന്നിവ ജൂണ്‍ 9 മുതല്‍ നിയന്ത്രണവിധേയമയി പ്രവര്‍ത്തിപ്പിക്കാമെന്ന് അറിയിപ്പ് വന്നതിനു പിന്നാലെ കേരളത്തിലും റസ്റ്റോറന്റ്, ഹോട്ടലുടമകള്‍ ബിസിനസ് തിരിച്ചു പിടിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും കാര്യങ്ങളുടെ സ്ഥിതി സമാധാനപരമാകുന്നില്ല. ക്വാറന്റീനില്‍ ഉള്ളവര്‍, വിദേശത്തു നിന്നെത്തുന്നവര്‍ എന്നിവര്‍ക്കൊക്കെ ഭക്ഷണം വിളമ്പേണ്ടി വരുന്നതിന്റെ ഭയത്തിലാണ് പലരും. എന്നാല്‍ ലോക്ഡൗണിനിടയിലും ഓണ്‍ലൈന്‍ മാര്‍ഗങ്ങളിലൂടെ പാഴ്‌സല്‍ സര്‍വീസ് നടത്തിയിരുന്നവര്‍ അണുവിമുക്തമാക്കലും ടേക്ക്എവേ കൗണ്ടറുകളും ഓണ്‍ലൈന്‍ പേയ്‌മെന്റ് സജ്ജമാക്കലുമൊക്കെ വളരെ മുമ്പേ ചെയ്തതിനാല്‍ ഇത്തരക്കാര്‍ക്ക് ജൂണ്‍ ഒമ്പത് മുതല്‍ കൂടുതല്‍ ബിസിനസിലേക്ക് കടക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തില്‍ പത്തോളം റസ്‌റ്റോറന്റുകള്‍ നടത്തുന്ന ആലിബാബ, ബാബ് അറേബ്യ ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് ശൃംഖലയുടെ മാനേജിംഗ് ഡയറക്റ്റര്‍ സിദ്ദിഖ് പറയുന്നത് തങ്ങളുടെ നാലോളം ഹോട്ടലുകള്‍ മാത്രമേ ഇപ്പോള്‍ തുറക്കുന്നുള്ളു എന്നാണ്. ഓണ്‍ലൈന്‍ ഡെലിവറി നടത്തിയിരുന്ന എറണാകുളം പനമ്പിള്ളി നഗര്‍, തിരുവനന്തപുരം വെള്ളയമ്പലം തുടങ്ങിയ സ്ഥലങ്ങളിലെ റസ്റ്റോറന്റുകളാകും ഉടന്‍ സജ്ജമാകുക. തൃശൂരും തുറക്കാന്‍ പദ്ധതിയുണ്ട്. ഹോട്ടലുകള്‍ പൂര്‍വ സ്ഥിതിയിലാകാന്‍ ഇനിയും നാളുകളേറെയെടുക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. 50 ശതമാനം സീറ്റിംഗ് മാത്രമേ ക്രമീകരിക്കാന്‍ കഴിയൂ.

ഒറ്റ പ്രാവശ്യം മാത്രം ഉപയോഗിക്കുന്ന പ്രിന്റ് ഔട്ട് മെനു, ടേക്ക് എവേ കൗണ്ടറില്‍ കൂടുതല്‍ സുരക്ഷ, സാനിറ്റൈസര്‍, ടോയ്‌ലറ്റ്, വാഷ് എന്നിവിടങ്ങളില്‍ ഡിസിന്‍ഫെക്ഷന്‍ ക്രമീകരണം എന്നിവ സജ്ജമാക്കുന്നത് പോലെ നിരവധി കാര്യങ്ങള്‍ ചെയ്യുകയാണ്. ഇത്തരത്തിലാണ് മറ്റ് ഹോട്ടലുകളുടെയും കാര്യം. എന്നാല്‍ ജനങ്ങള്‍ പുറത്തേക്കുള്ള സഞ്ചാരം കുറച്ചതിനാല്‍ പഴയ ബിസിനസ് പുനസ്ഥാപിക്കാന്‍ കഴിയില്ലെന്നാണ് മറ്റൊരു പ്രമുഖ ഹോട്ടലുടമയുടെ അഭിപ്രായം. ചുരുങ്ങിയ സൗകര്യങ്ങളില്‍ ഗുണമേന്മയുള്ള സര്‍വീസ് നല്‍കാനാണ് തങ്ങള്‍ ശ്രദ്ധിക്കുന്നതെന്ന് ഫോര്‍ട്ട് കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ ബിരിയാണി സെന്റര്‍ ഉടമ പറഞ്ഞു.

ജൂണ്‍ എട്ടിനു തുറക്കാമെങ്കിലും അന്ന് സ്ഥാപനം അണുവിമുക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയാണ്.

റെസ്റ്റോറന്റുകള്‍
  • ബുഫേ പരമാവധി ഒഴിവാക്കുക. നടത്തുന്നുവെങ്കില്‍ സാമൂഹിക അലകം കൃത്യമായി പാലിക്കണം.
  • മെനു കാര്‍ഡുകള്‍ ഒരാള്‍ ഉപയോഗിച്ച ശേഷം നശിപ്പിക്കുന്ന രീതിയില്‍ ഡിസ്പോസിബിള്‍ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കണം
  • തുണികൊണ്ടുള്ള നാപ്കിനുകള്‍ക്ക് പകരം പേപ്പര്‍ നാപ്കിന്‍ ഉപയോഗിക്കുക
  • റസ്റ്റോറന്റുകളില്‍ ഭക്ഷണം വിളമ്പുന്നവര്‍ മാസ്‌കും കൈയ്യുറയും ധരിക്കണം
  • ഫുഡ് കോര്‍ട്ടുകളിലും റസ്റ്റോറന്റുകളിലും സിറ്റിങ് കപ്പാസിറ്റുയുടെ 50 ശതമാനം മാത്രമേ പാടുള്ളൂ
  • ജീവനക്കാര്‍ മാസ്‌കും കൈയുറയും ധരിക്കണം.
  • ഡിജിറ്റല്‍ മാര്‍ഗത്തിലുള്ള പണം കൈമാറ്റം പ്രോത്സാഹിപ്പിക്കണം
  • എല്ലാ ടേബിളുകളും ഉപഭോക്താവ് പോയ ശേഷം അണുവിമുക്തമാക്കണം
  • മാളുകള്‍ക്കുള്ളിലെ സിനിമാ ഹാളുകള്‍ അടച്ചിടണം
  • കുട്ടികളുടെ കളിസ്ഥലങ്ങള്‍, ഗെയിം ആര്‍ക്കേഡുകള്‍ എന്നിവ തുറക്കരുത്.
ഹോട്ടലുകള്‍
  • ഹോട്ടലുകളില്‍ സാനിറ്റൈസര്‍, താപപരിശോധനാ സംവിധാനങ്ങള്‍ എന്നിവയുണ്ടായിരിക്കണം
  • ജീവനക്കാര്‍ക്കും ഗസ്റ്റുകള്‍ക്കും രോഗലക്ഷണം ഉണ്ടായിരിക്കരുത്
  • ജീവനക്കാരും അതിഥികളും ഹോട്ടലിലുള്ള മുഴുവന്‍ സമയവും മുഖാവരണം നിര്‍ബന്ധമായും ധരിച്ചിരിക്കണം
  • അകത്തേക്കും പുറത്തേക്കുമുള്ള പ്രവേശനത്തിന് പ്രത്യേക സംവിധാനമുണ്ടായിരിക്കണം
  • ലിഫ്റ്റില്‍ കയറുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം, അകലം പാലിക്കണം
  • എസ്‌കലേറ്ററുകളില്‍ ഒന്നിടവിട്ട പടികളില്‍ നില്‍ക്കണം
  • അതിഥികള്‍ യാത്രാചരിത്രം, ആരോഗ്യസ്ഥിതി എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി നല്‍കണം
  • പേയ്മെന്റുകള്‍ ഓണ്‍ലൈന്‍ മാര്‍ഗത്തിലാക്കണം, സ്പര്‍ശനം ഒഴിവാക്കണം
  • താമസിക്കുന്ന ഹോട്ടലുകളില്‍ ലഗേജുകള്‍ അണുവിമുക്തമാക്കണം
  • കണ്ടെയ്ന്‍മെന്റ് സോണുകള്‍ സന്ദര്‍ശിക്കരുതെന്ന് ആവശ്യപ്പെടണം
  • റൂം സര്‍വീസ് പരമാവധി പ്രോത്സാഹിപ്പിക്കണം
  • റൂമിന്റെ വാതില്‍ക്കല്‍ ആഹാരസാധനങ്ങള്‍ വെക്കണം, അതിഥികളുടെ കൈയ്യില്‍ നേരിട്ട് നല്‍കരുത്
  • എയര്‍കണ്ടീഷണറുകള്‍ 24-30 ഡിഗ്രിയില്‍ പ്രവര്‍ത്തിപ്പിക്കണം
  • പരിസരവും ശൗചാലയവും അണുവിമുക്തമാക്കണം
  • കുട്ടികളുടെ കളിസ്ഥലങ്ങള്‍ അടച്ചിടണം

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com