ഹൗസ്‌ബോട്ട് ടൂറിസം മേഖല കോവിഡിന് മുമ്പുള്ള നിലയിലേക്ക്, പ്രതിസന്ധിയാകുന്നത് വിലക്കയറ്റം

കേരളത്തിലെ കായല്‍ ടൂറിസം മേഖല വീണ്ടും തിരിച്ചുവരവിന്റെ പാതയിലാണ്. വിദേശ ടൂറിസ്റ്റുകളുടെ വരവോടെ കേരളത്തിലെ ടൂറിസം മേഖലയിലാകെ ഉണര്‍വായിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചതും നിയന്ത്രണങ്ങള്‍ മാറിയതും മറ്റ് മേഖലകളിലെ പോലെ കായല്‍ ടൂറിസം മേഖലയ്ക്കും കരുത്തുനല്‍കാന്‍ സഹായിച്ചിട്ടുണ്ട്. ഹൗസ്‌ബോട്ട് ടൂറിസം മേഖലയ്ക്ക് ഇത് തിരിച്ചുവരവിന്റെ ദിനങ്ങളാണെന്നു പറയാമെങ്കിലും വിലക്കയറ്റം മേഖലയെ തളര്‍ത്തുകയാണ്.

മൂന്നാര്‍ പാക്കേജുകള്‍
ഇടുക്കിയിലെ നീലക്കുറിഞ്ഞി വസന്തവും ദീപാവലി അവധിയും ഉത്തരേന്ത്യയില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രക്കാരുടെ ഒഴുക്ക് കൂട്ടിയിട്ടുണ്ട്. മൂന്നാര്‍ പാക്കേജുകള്‍ പലതും ആലപ്പുഴയിലെയും കുമരകത്തെയും ഹൗസ്‌ബോട്ട് യാത്രയുമായി കോര്‍ത്തിണക്കിയാണ് വരുന്നതെന്ന് ടൂര്‍ ഓപ്പറേറ്റേഴ്‌സ് പറയുന്നു. എന്നാല്‍ ആലപ്പുഴയിലെ ഹൗസ്‌ബോട്ട് വ്യവസായ മേഖലയ്ക്ക് ഇത് പ്രത്യക്ഷത്തില്‍ ഉണര്‍വെന്ന് തോന്നുമെങ്കിലും പ്രത്യക്ഷമായി ഹൗസ്‌ബോട്ട് മേഖലയില്‍ പ്രതിസന്ധികള്‍ ഒഴിയുന്നില്ലെന്ന് സ്‌പൈസസ് റൂട്ട്‌സ് ഹൗസ്‌ബോട്ട് മാനേജിംഗ് ഡയറക്റ്ററും ഓള്‍ കേരള ഹൗസ്‌ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായ ജോബിന്‍ പറയുന്നു.
വിലക്കയറ്റമാണ് വില്ലനാകുന്ന പ്രധാനഘടകം. ഇതിന് ഒരു 'സിംപിള്‍ മാത്തമാറ്റിക്‌സ്' പറയാം, ഹൗസ്‌ബോട്ടുകളിലെ അടുക്കളകളിലേക്കെത്തുന്ന അവശ്യസാധനങ്ങളുടെയും പാചകവാതകത്തിന്റെയുമെലസ്ലാം നിരക്കുകള്‍ മുകളിലേക്കാണ്. ഒരു ദിവസവും രാത്രിയും ചേര്‍ന്നുള്ള ഓവര്‍നൈറ്റ് ക്രൂയിസിന് മീനും ചിക്കനും ഉള്‍പ്പെടെ ഒരു കുടുംബത്തിനായി വാങ്ങുന്ന സാധനങ്ങളുടെ വില 3000 ആയിരുന്നെങ്കില്‍ അരി വില അടക്കം വര്‍ധിച്ചതോടെ ഇപ്പോള്‍ അത് 4000 ആയി കുതിച്ചുയര്‍ന്നിരിക്കുകയാണ്.
എസി ഹൗസ്‌ബോട്ടുകള്‍ക്ക് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനും ബോട്ടിന്റെ എന്‍ജിന് വേണ്ടി ഉപയോഗിക്കാനും ഡീസല്‍ ആവശ്യമാണ്. ഒരു ദിവസം 2700 രൂപയുടെ ഡീസല്‍ ആണ് വേണ്ടി വരുന്നത്. കോവിഡിന് മുന്‍പുള്ള നിലയേക്കാള്‍ ഇത് ഏകദേശം 30 ശതമാനത്തോളം അധികമാണ്. ഇത്തരത്തില്‍ എസി അല്ലാത്ത ബോട്ടുകള്‍ക്കും ചിലവുകള്‍ ഏറെ വര്‍ധിച്ചിരിക്കുന്നു. എസി ഹൗസ്‌ബോട്ടുകള്‍ക്കാണ് നിലവില്‍ ഡിമാന്‍ഡ് ഏറെയും.
നിരക്ക് താഴ്ത്തല്‍
കോവിഡിന് ശേഷം മേഖലയ്ക്ക് വന്ന ക്ഷീണത്തോടെ നിര്‍ബന്ധിതമായി പാക്കേജുകളുടെ നിരക്ക് താഴ്ത്തലിന് സംരംഭകരെ നിര്‍ബന്ധിതരായിരിക്കുന്നത്. കോവിഡിന് മുമ്പുള്ള നിരക്കുകളെക്കാള്‍ പകുതിയോ 30-40 ശതമാനം കുറവായ നിരക്കുകളിലോ ആണ് പലരും
പാക്കേജുകള്‍ ലഭ്യമാക്കിയിട്ടുള്ളത്. ഇത് മേഖലയില്‍ കടുത്ത മത്സരത്തിന് വഴിവച്ചിട്ടുണ്ട്. അതിനാല്‍ വലിയ മാര്‍ജിനുകള്‍ താഴ്‌ത്തേണ്ടി വരുന്ന ഹൗസ്‌ബോട്ട് വ്യവസായികള്‍ക്ക് പ്രവര്‍ത്തനച്ചെലവിന്റെ തുക മാത്രമാണ് വരുമാനമായി നേടാനാകുന്നതെന്നു മേഖലയിലെ പലരും വ്യക്തമാക്കുന്നു.
വ്യവസായികള്‍ പലരും ലോണുകളുള്ളവരാണ്. ഉയര്‍ന്ന പ്രവര്‍ത്തന ചെലവ് കൂടിയാകുമ്പോള്‍ മേഖലയില്‍ പ്രതിസന്ധി നീങ്ങി എന്നു പറയാനാകില്ലെന്ന് റോയല്‍ റിവര്‍ ക്രൂയിസ് എംഡി രാഹുല്‍ രമേഷ് പറയുന്നു. ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ചെലവ്, ജീവനക്കാരുടെ ശമ്പളം, അതിഥികളെ ബോട്ടുകളിലേക്ക് എത്തിക്കുന്ന വാഹനങ്ങളുടെ ചെലവ്, ഡീസല്‍ പെട്രോള്‍ ചെലവ് എന്നിവയെല്ലാം കണക്കിലെടുക്കുമ്പോള്‍ ബിസിനസ് വലിയ ഒരു ഉണര്‍വിലാണ് എന്ന് പറയാന്‍ കഴിയില്ലെന്നാണ് സംരംഭകരുടെ അഭിപ്രായം.


Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it