

ഇത്തവണ ദാവോസിൽ അരങ്ങേറിയ ലോക സാമ്പത്തിക ഫോറത്തിൽ (ദാവോസ് 2026) മഹാരാഷ്ട്ര സർക്കാരും കാനഡ കേന്ദ്രമാക്കി ഉന്നത സാങ്കേതികവിദ്യ മേഖലയിൽ നിർണായക സേവനങ്ങൾ നൽകുന്ന സന്നദ്ധ സംഘടനയായ കാനസ് ഇന്റർനാഷണലും (CANEUS International) ഒത്തുച്ചേർന്ന്, ലോകത്തെ ആദ്യത്തെ സമർപ്പിത മിഡ്-ടെക്നോളജി റെഡിനെസ് ലെവൽ (TRL 4-6) ഇൻസ്റ്റിട്യൂട്ട് സ്ഥാപിക്കാനുള്ള ധാരണാപത്രത്തിൽ ഒച്ചുവെച്ചിരുന്നു.
എയ്റോസ്പേസ്, ബഹിരാകാശം, ഊർജം, ഡീപ്-ടെക് തുടങ്ങിയ മേഖലകളിൽ നൂതന കണ്ടുപിടുത്തങ്ങളും നൈപുണി വികസനവും സിസ്റ്റംസ് ഇന്റഗ്രേഷനും ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സ്ഥാപനം കെട്ടിപ്പടുക്കുന്നത്. മുംബൈ നഗരത്തോട് ചേർന്ന് ഒരുകോടി ചതുരശ്ര അടി വിസ്തീർണത്തിൽ സ്ഥാപിക്കാൻ ഉദ്ദശേിക്കുന്ന പുതിയ മിഡ്-ടിആർഎൽ ഇൻസ്റ്റിട്യൂട്ട് എങ്ങനെയാണ് ഇന്ത്യൻ വ്യവസായ മേഖലയ്ക്കും നിർണായക ചുവടുവെപ്പാകാൻ പോകുന്നതെന്ന് നോക്കാം.
ഒരു നവീന സാങ്കേതികവിദ്യയിൽ നിന്നും പുതിയ ഉത്പന്നം തയ്യാറായി വിപണിയിലേക്ക് എത്തുന്നത് മുൻപ് നിരവധി വെല്ലുവിളികൾ മറികടക്കേണ്ടതുണ്ട്. ഇതിൽ ആശയരൂപീകരണവും ലാബിലെ ഗവേഷണങ്ങളും ഉൾപ്പെടുന്ന ആദ്യഘട്ടം (1-3 levels) കഴിഞ്ഞ് മാതൃക ഉത്പന്നവും (പ്രോട്ടോടൈപ്പ്) അതിന്റെ ശരിക്കുള്ള പരിശോധനയും ഉൾപ്പെടുന്ന മധ്യഘട്ടവും (4-6 levels) പിന്നിട്ടാണ് വിപണിയിൽ മത്സരിക്കാൻ ശേഷിയുള്ള പുത്തനൊരു ഉത്പന്നമായി അവസാന ഘട്ടത്തിലാണ് (7-9 levels) പിറവിയെടുക്കുന്നത്.
ആശയത്തിൽ നിന്നും ഉത്പന്നത്തിലേക്കുള്ള ഈ സങ്കീർണ യാത്രയിൽ മിക്ക ഉദ്യമങ്ങളും തകർന്നടിയുന്നത് 4-6 വരെയുള്ള മധ്യഘട്ടത്തിനിടയിലാണ് (മിഡ്-ടിആർഎൽ). ഇവിടെ ലാബിലെ പരീക്ഷണത്തിൽ വിജയഫലം കാണിക്കുമെങ്കിലും വ്യവസായിക തലത്തിലേക്ക് ഉയരാനാകാതെ പരാജയപ്പെടുന്നു. കൂടൂതൽ പരീക്ഷണങ്ങളും അപഗ്രഥനവും ഒക്കെ ആവശ്യമായ ഈ ഘട്ടത്തിൽ, സ്റ്റാർട്ടപ്പ് കമ്പനികൾക്ക് മതിയായ തുടർ നിക്ഷേപവും വ്യവസായ മേഖലയിൽ നിന്നുള്ള അനുയോജ്യ പങ്കാളിയേയും നൂതന ഗവേഷണ സൗകര്യങ്ങളും ഒക്കെ ലഭിക്കാതെ പോകുന്നതാണ് തിരിച്ചടിയാകുന്നത്.
ഔദ്യോഗിക നിയന്ത്രണ ഏജൻസികൾ, ഗവേഷണ സ്ഥാപനങ്ങൾ, ഉപകരണ നിർമാതാക്കൾ, വ്യവസായ പങ്കാളികൾ എന്നിവരെ ഉൾപ്പെടുത്തി നവീന സാങ്കേതികവിദ്യയിൽ സഹകരണത്തിനുള്ള ഒരു ആഗോള കേന്ദ്രമെന്ന നിലയിലാണ് കാനസ് ഇന്റർനാഷണലും മഹാരാഷ്ട്ര സർക്കാരും സംയുക്തമായി മുംബൈയിൽ നിർമിക്കുന്ന മിഡ്-ടിആർഎൽ ഇൻസ്റ്റിട്യൂട്ട് വിഭാവനം ചെയ്തിരിക്കുന്നത്.
ഇതിലൂടെ എയ്റോസ്പേസ്, ഡീപ്-ടെക് മേഖലകളിൽ പ്രവർത്തിക്കുന്ന വൻകിട വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ സാധിക്കും. ഇത് രാജ്യത്തിന്റെ സാങ്കേതിക, സാമ്പത്തിക മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കും. ചുരുക്കത്തിൽ ലാബിൽ പിറവിയെടുക്കുന്ന ഒരു നൂതന സാങ്കേതിക ആശയത്തെ മത്സരക്ഷമതയുള്ള വാണിജ്യ ഉത്പന്നമായി മാറ്റിയെടുക്കുന്നതിനിടെ നേരിട്ടിരുന്ന തടസ്സങ്ങൾ മറികടക്കാനുള്ള പാലമായി പുതിയ മിഡ്-ടിആർഎൽ ഇൻസ്റ്റിട്യൂട്ട് പ്രവർത്തിക്കുമെന്ന് സാരം.
Read DhanamOnline in English
Subscribe to Dhanam Magazine