ഏഴ് കാപ്പിക്കുരുവില്‍ നിന്ന് 4 ലക്ഷം ടണ്ണിലേക്ക്; കോഫി ഇന്ത്യയ്ക്ക് ഉന്മേഷം പകരുന്നതിങ്ങനെ

കോഫീ ചരിതം
മനുഷ്യനും കോഫിയും തമ്മിലുള്ള അഭേദ്യമായ ബന്ധം തുടങ്ങുന്നത് എത്യോപ്യയില്‍ എഡി 800 കളിലാണ്. ഒരു തരം ചെറുപഴം കഴിച്ച ആടുകള്‍ പതിവില്ലാ ഉന്മേഷത്തോടെ തുള്ളിച്ചാടുന്നത് കണ്ടാണ് ഇടയന്‍ ഖാലിദ് (ഖല്‍ദി എന്നും കാണാം) അത് പറിച്ചെടുക്കുകയും അതുകൊണ്ടുള്ള പാനീയം ഉണ്ടാക്കുകയും ചെയ്തത്. പിന്നാലെ ഖാലിദുമായി ബന്ധപ്പെട്ടവരും പാനീയത്തിന്റെ ഉന്മേഷമറിഞ്ഞു. എഡി 1000 ആയപ്പോഴേക്കും ഇത് അറേബ്യയിലേക്കും പടര്‍ന്നു. അറബികളാവട്ടേ, ലോകം മൊത്തം സഞ്ചരിക്കുന്നതിനിടെ, ഇത് കൊണ്ടുപോവുകയും അവിടങ്ങളില്‍ ശീലമാക്കി മാറ്റുകയും ചെയ്തു. ഒട്ടേറെ അറബികള്‍ വന്ന ഇന്ത്യയിലും കോഫി ശീലമായി മാറി. പക്ഷേ, കോഫി വളര്‍ത്തിയെടുക്കാനുള്ള വിത്തിനെപ്പറ്റിയുള്ള വിവരം അവര്‍ രഹസ്യമാക്കിവെച്ചു. ട്രേഡ് സീക്രട്ട് എന്നു പറയാം. 17-ാം നൂറ്റാണ്ടുവരെ അറബികള്‍ മാത്രം കോഫി വിളയിപ്പിക്കുകയും പുറംരാജ്യങ്ങളിലേക്ക് വില്‍ക്കുകയും ചെയ്തു. 1600 കളില്‍ മക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് വന്ന ബാബ ബുധന്‍ എന്ന സന്യസ്തന്‍ ഏഴ് വിത്തുകള്‍ തന്റെ ഊന്നുവടിക്കുള്ളില്‍ ഒളിപ്പിച്ചുകടത്തുകയും കര്‍ണാടക ചിക്ക്മംഗളൂരുവിലെ ആശ്രമത്തിനടുത്ത് കുഴിച്ചിടുകയും ചെയ്തു. ആ മുറ്റത്തു നിന്നാണ് ഇന്ത്യന്‍ കോഫി വ്യവസായത്തിന്റെ തുടക്കമെന്നു പറയാം.
ബ്രസീല്‍, കൊളംബിയ, ഇന്തൊനേഷ്യ, എത്യോപ്യ എന്നീ രാജ്യങ്ങള്‍ക്കൊപ്പം കോഫി ഉല്‍പ്പാദനത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ് ഇന്ന് ഇന്ത്യ. അറബിക്ക, റോബസ്റ്റ എന്നീ രണ്ട് ഇനം കോഫികളാണ് പ്രധാനമായുമുള്ളത്. ബാബ ബുധനാണ് ഇന്ത്യയില്‍ കോഫി കൊണ്ടുവന്നതെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്നതും വിളവെടുക്കുന്നതും അദ്ദേഹമല്ല. 1820 കളില്‍ ബ്രിട്ടീഷ് കമ്പനികളാണ് ദക്ഷിണേന്ത്യയില്‍ ഇതിന് തുടക്കമിടുന്നത്. പിന്നീടിങ്ങോട്ടുള്ള വര്‍ഷങ്ങള്‍ വന്‍ വളര്‍ച്ചയുടേതായിരുന്നു. 1856ല്‍ മൈസൂരില്‍ ഏഴ് ബ്രിട്ടീഷ് തോട്ടമുടമകള്‍ മാത്രമാണുണ്ടായിരുന്നത്. 1869 ഓടെ അത് 662 പേരായി. 8,094 ഹെക്ടറില്‍ കൃഷി വ്യാപിച്ചു.
മറ്റു രാജ്യങ്ങളിലും ഇതുപോലെ കോഫി വളര്‍ന്നപ്പോഴും ഗുണമേന്മ കൊണ്ട് ഇന്ത്യന്‍ കോഫികള്‍ക്ക് ലോകവിപണിയില്‍ വന്‍ ഡിമാന്റായി.
നല്ല മഴ ലഭിക്കുന്ന ഇടങ്ങള്‍ തന്നെയാണ് ആദ്യകാലത്ത് കൃഷിക്കായി തെരഞ്ഞെടുത്തത്. ചിക്ക്മംഗളൂരുവില്‍ വമ്പന്‍ രീതിയില്‍ ആദ്യമായി (1830) തുടങ്ങിയ ങ്യഹലാീില്യ എസ്റ്റേറ്റ് ഇന്നും പ്രതാപത്തോടെ തുടരുന്നു. പിന്നീട് സകലാസ്പുരത്തും യമ്മദൊഡ്ഡിയിലും വിശാലമായ തോട്ടങ്ങള്‍ വന്നു. മലബാര്‍ മുസ്ലിംകളാണ് കുടകില്‍ കോഫി പ്ലാന്റുകള്‍ക്ക് വിത്തുപാകുന്നത്. പിന്നീട് പലരും വന്ന് 1856 ഓടെ കുടകില്‍ മാത്രം 11,331 ഹെക്ടറിലേക്ക് കൃഷി വ്യാപിച്ചു. കുടകില്‍ 1200 ഹെക്ടറില്‍ കൃഷി നടത്തിക്കൊണ്ട് 1870ല്‍ കര്‍ണാടിക് കോഫി എന്ന ആദ്യകമ്പനി രംഗത്തെത്തി.
തുടക്ക കാലത്തു തന്നെ കേരളത്തിലും കോഫി കൃഷിയെത്തി. 1825ല്‍ വയനാട് മാനന്തവാടിയിലാണ് 'അഞ്ചരക്കണ്ടി ബ്രൗണ്‍' എന്ന പേരില്‍ കോഫി വളര്‍ത്തിത്തുടങ്ങിയത്. 1860ല്‍ നെല്ലിയാമ്പതിയില്‍ അര്‍ണോള്‍ഡിന്റെ പ്ലാന്റേഷന്‍ വന്നു. ഇതേ കാലത്തു തന്നെ തമിഴ്നാട്ടിലെ നീലഗിരിക്കുന്നുകളിലും കോഫി പ്ലാന്റേഷനുകള്‍ പൊന്തിവന്നു. ഗോവ, അസം, ഒറീസ, ആന്തമാന്‍, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ അക്കാലത്തു തന്നെ കൃഷി തുടങ്ങിയെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല.
അറബിക്ക, റോബസ്റ്റ എന്നിങ്ങനെ രണ്ടിനം കോഫികളും ഇന്ത്യയില്‍ കൃഷി ചെയ്യുന്നുണ്ട്. തുടക്കകാലത്ത് ഏറെയും ഉണ്ടായിരുന്നത് അറബിക്കയാണ്. 19-ാം നൂറ്റാണ്ടായപ്പോഴാണ് ഇന്തോ-ചൈനയില്‍ നിന്ന് റോബസ്റ്റ എന്ന ഇനം ഉണ്ടാവുന്നത്.
കോഫി വ്യവസായം
ഇന്ത്യയ്ക്ക്, ഇന്ന് അഭിമാനിക്കാവുന്ന നേട്ടമുള്ള പ്ലാന്റേഷന്‍ മേഖലയാണ് കോഫി. ഏതാണ്ടï് 4.15 ലക്ഷം ഹെക്ടര്‍ വരും ഇന്ത്യയില്‍ കാപ്പിത്തോട്ടങ്ങള്‍. ഇതില്‍ 2.06 ഹെക്ടര്‍ അറബിക്കയും 20.9 ഹെക്ടര്‍ റോബസ്റ്റയുമാണ്. വാര്‍ഷിക ശരാശരി ഉല്‍പ്പാദനം 3,10,000 ടണ്ണാണ്. ഇതിന്റെ 75 ശതമാനവും കയറ്റി അയക്കുന്നു. ഖജനാവിലേക്ക് പ്രതിവര്‍ഷം 4600 കോടി രൂപയുടെ വിദേശ നാണ്യം നേടിത്തരുന്നുണ്ട് കോഫി.
കൃഷി, സംസ്‌കരണം, വിപണനം എന്നീ ഘട്ടങ്ങളിലായി പത്തു ലക്ഷത്തിലേറെ പേര്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് ജോലിയിലേര്‍പ്പെടുന്നു. പശ്ചിമഘട്ട, പൂര്‍വ്വഘട്ട മലനിരകളിലും വന്‍തോതില്‍ മഴ ലഭിക്കുന്നതുമായ പ്രദേശങ്ങളിലാണ് കൃഷി വ്യാപിച്ചുകിടക്കുന്നത്.
ഉല്‍പ്പാദനം
ഇന്ത്യയില്‍ 2021-22 വര്‍ഷത്തില്‍ 3,69,000 ടണ്‍ ഉല്‍പ്പാദനമാണ് പ്രതീക്ഷിക്കുന്നത്. ഇത് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 35,000 ടണ്‍ കൂടുതലാണ്. അറബിക്കയുടെ ഉല്‍പ്പാദനത്തില്‍ 9,300 ടണ്ണും റോബസ്റ്റയുടെ ഉല്‍പ്പാദനത്തില്‍ 25,700 ടണ്ണും വര്‍ധന കൈവരിച്ചായിരിക്കും ഈ നേട്ടം.
2021 വര്‍ഷത്തില്‍ രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന മൊത്തം കോഫിയില്‍ റോബസ്റ്റ 70.7
ശതമാനവും (2,60,700 ടണ്‍) അറബിക്ക 29.3 ശതമാന (1,08,300 ടണ്‍) വുമാണ്.
കയറ്റുമതി
ഇന്ത്യയുടെ കോഫി കയറ്റുമതി അളവില്‍ ഇടിവാണുണ്ടായതെങ്കിലും മൂല്യം നോക്കുമ്പോള്‍ നേട്ടമുണ്ടായെന്നു പറയാം. 2019-20 വര്‍ഷത്തില്‍ 3,26,555 ടണ്‍ കയറ്റുമതി ചെയ്തപ്പോള്‍ 2020-21ല്‍ 3,10,702 ടണ്‍ മാത്രമാണ് കയറ്റി അയക്കാനായത്. എന്നാല്‍ ഇതിന്റെ വിലയില്‍ വന്ന വര്‍ധന കയറ്റുമതി നേട്ടത്തിലാക്കാന്‍ സഹായിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4.9 ശതമാനം വര്‍ധനയാണ് വിലയിലുണ്ടായത്.
കോഫിയും ആഗോള ഡിമാന്‍ഡും
ഇന്റര്‍നാഷണല്‍ കോഫീ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട അവസാന കണക്ക് പ്രകാരം, 2020-21 കോഫി ഇയറില്‍ (ഒക്ടോബര്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെ) പ്രതീക്ഷിത ഉല്‍പ്പാദനം 60 കിലോഗ്രാം അടങ്ങുന്ന 169.64 മില്യണ്‍ ബാഗാണ്. ഇത് തൊട്ടുമുമ്പത്തെ വര്‍ഷത്തില്‍ നിന്ന് (168.8 മില്യണ്‍ ബാഗ്) 0.8 ശതമാനം ഉയര്‍ന്നു (ഗ്രാഫ് കാണുക).
കോഫിയുടെ കയറ്റുമതിയില്‍ ആഗോള തലത്തില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2020 ഒക്ടോബറില്‍ മൊത്തം കയറ്റുമതി 10.13 മില്യണ്‍ ബാഗായിരുന്നു. എന്നാല്‍ ഇത് 2021 ഒക്ടോബറില്‍ 4.4 ശതമാനം താഴ്ന്ന് 9.68 മില്യണ്‍ ബാഗായി. സൗത്ത് അമേരിക്കന്‍ കയറ്റുമതിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയപ്പോള്‍, ഏഷ്യ, ഓഷ്യാനിയ മേഖലയിലെ കയറ്റുമതിയില്‍ വമ്പന്‍ കുതിപ്പാണുണ്ടായത്. 2021-22 കോഫി വര്‍ഷത്തിലെ ആദ്യ മാസത്തില്‍ (2021 ഒക്ടോബറില്‍) 25.8 ശതമാനം വര്‍ധനയോടെ 3.13 മില്യണ്‍ ബാഗുകളാണ് ഏഷ്യ, ഓഷ്യാനിയ മേഖലയില്‍ കയറ്റു മതി നടന്നത്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഇത് 2.49 മില്യണ്‍ ബാഗായിരുന്നു.





Related Articles
Next Story
Videos
Share it