അരിക്കും തൈരിനും വരെ ജിഎസ്ടി; ഹോട്ടലുകള്‍ക്ക് ഇരുട്ടടി!

25 കിലോഗ്രാമിന് താഴെ പേയ്ക്ക് ചെയ്ത് വില്‍ക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്കും പയര്‍ വര്‍ഗങ്ങള്‍ക്കും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും (Milk Products) 5 ശതമാനം ജിഎസ്ടി (GST) ഏര്‍പ്പെടുത്തിയത് ഹോട്ടല്‍ മേഖലയ്ക്ക് (Hotel Industry) പ്രഹരമാകും. കോവിഡ് (Covid19) സൃഷ്ടിച്ച പ്രതിസന്ധിയില്‍നിന്ന് സംസ്ഥാനത്തെ ഹോട്ടല്‍ മേഖല തിരിച്ചുവരുന്നതിനിടെയാണ് ജിഎസ്ടിയുടെ രൂപത്തില്‍ തിരിച്ചടി. നേരത്തെ, ഇന്ധനവില വര്‍ധനവും വിലക്കയറ്റവും കാരണം വറുചട്ടിയിലായ ഹോട്ടല്‍ മേഖല വിഭവങ്ങള്‍ക്ക് നേരിയ വില വര്‍ധനവ് നടത്തിയാണ് പിടിച്ചുനിന്നത്. ഇതിനിടെയാണ് ഭക്ഷ്യധാന്യങ്ങള്‍ക്കും പയര്‍ വര്‍ഗങ്ങള്‍ക്കും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും ജിഎസ്ടി ഏര്‍പ്പെടുത്തിയത്.

''കോവിഡിന് ശേഷം ഹോട്ടല്‍ മേഖല തിരിച്ചുകയറിയിട്ടുണ്ട്. പക്ഷേ അതിനിടയില്‍ ഇന്ധനവില വര്‍ധന, വിലക്കയറ്റം അങ്ങനെ പല പ്രതിസന്ധികളും കടന്നുവന്നു. പരമാവധി ഉപഭോക്താക്കളെ ബാധിക്കാത്ത രീതിയിലാണ് സംസ്ഥാനത്തെ ഹോട്ടല്‍ മേഖല ഈ സാഹചര്യങ്ങളെയെല്ലാം മറികടന്നത്. പക്ഷേ, ഇപ്പോഴുള്ള ജിഎസ്ടി വര്‍ധന വീണ്ടും കനത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഭക്ഷ്യവിഭവങ്ങള്‍ക്ക് അവശ്യമായ വസ്തുക്കള്‍ക്കാണ് ജിഎസ്ടി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ചെലവ് ഗണ്യമായി വര്‍ധിപ്പിക്കും'' കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റും ഗുരുവായൂരിലെ ഹോട്ടല്‍ ഉടമയുമായ ബിജുലാല്‍ ധനത്തോട് പറഞ്ഞു.
കച്ചവടം കോവിഡിന് മുന്‍പത്തെ നിലയിലേക്ക് എത്തിയെങ്കിലും ഇടക്കിടെയുണ്ടാകുന്ന വില വര്‍ധനവ് കാരണം കാര്യമായ നീക്കിയിരിപ്പ് പോലുമില്ലാത്ത സ്ഥിതിയാണെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ''വാണിജ്യ വാതക വില (Commercial Gas Price), ഇന്ധനവില (Fuel Price), വിലക്കയറ്റം എല്ലാം കൂടി ഹോട്ടല്‍ ഉടമകള്‍ക്ക് കനത്ത പ്രഹരമാണ്. ഇവയുടെ വില വര്‍ധിക്കുന്നതിനനുസരിച്ച് വിഭവങ്ങള്‍ക്ക് വലിയ രീതിയിലുള്ള വില വര്‍ധനവ് നടപ്പാക്കാന്‍ സാധിക്കില്ല. കാരണം, ഉപഭോക്താക്കളെ കൂടി കണക്കിലെടുത്താണ് വിഭവങ്ങളുടെ വില വര്‍ധിപ്പിക്കാനാവൂ. അതുകൊണ്ട് തന്നെ ഈ വില വര്‍ധനവ് ഹോട്ടല്‍ ഉടമകളുടെ നീക്കിയിരിപ്പ് ഇല്ലാതാക്കുന്ന സ്ഥിതിയാണ്. കച്ചവടമുണ്ടെങ്കിലും ഓരോ പ്രതിസന്ധികള്‍ വരുമ്പോഴും നീക്കിയിരിപ്പ് കുറഞ്ഞ് വരികയാണ്'' ബിജുലാല്‍ ഹോട്ടല്‍ രംഗത്തെ പ്രതിസന്ധി ചൂണ്ടിക്കാട്ടുന്നു.
നേരത്തെ, വിലക്കയറ്റം കാരണം 10 ശതമാനത്തോളം വില വര്‍ധനവാണ് ഹോട്ടല്‍ വിഭവങ്ങളിലുണ്ടായത്. എന്നാല്‍ ഇപ്പോള്‍ 5 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയതിലൂടെ സമാനമായി ചെലവിലും ഈയൊരു വര്‍ധനവുണ്ടായേക്കുമെന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്. ഇത് വില വര്‍ധിപ്പിക്കേണ്ട സാഹചര്യത്തിലേക്ക് എത്തിക്കുമെന്നും ഇവര്‍ പറയുന്നു.
അതേസമയം, ഹോട്ടല്‍ രംഗത്തെ ഈ പ്രതിസന്ധികളില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് സമരപരിപാടികളുമായി മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലുമാണ് സംസ്ഥാനത്തെ ഹോട്ടല്‍ ഉടമകളെന്നും ജുലൈ 27ന് ശേഷം സമരങ്ങള്‍ തുടങ്ങുമെന്നും ബിജുലാല്‍ പറഞ്ഞു.


Ibrahim Badsha
Ibrahim Badsha  

Related Articles

Next Story

Videos

Share it