ഇന്ത്യയുടെ ഫാര്‍മ തലസ്ഥാനമായി വളരുന്ന ഹൈദരാബാദിലേക്ക് കമ്പനികളെ ആകര്‍ഷിക്കുന്നത് എന്ത് ?

എന്താണ് ഹൈദരാബാദിനെ അടയാളപ്പെടുത്തുന്നത്? ആഗോള തലത്തിലുള്ള പ്രമുഖ കമ്പനികളടക്കം നൂറുകണക്കിന് ഐറ്റി കമ്പനികളുള്ള പ്രധാന ഐറ്റി ഹബ്ബായി ഉയര്‍ന്നു വന്നതിനു ശേഷം ആഗോള സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള ഫാര്‍മ കമ്പനികളുടെ പ്രിയപ്പെട്ട ഇടമായി മാറിക്കൊണ്ടിരിക്കുകയാണ് ഹൈദരാബാദ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഫാര്‍മ/ബയോടെക് മേഖലകളിലായി ഈ നഗരം 7500 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 220 ഓളം കമ്പനികള്‍ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ ഏകദേശം 35000 പേര്‍ക്ക് തൊഴില്‍ ലഭിക്കും.
എന്താണ് കമ്പനികളെ ഹൈദരാബാദിലേക്ക് ആകര്‍ഷിക്കുന്നത്?
വിദഗ്ധരായ തൊഴിലാളികളുടെ ലഭ്യതയും മികച്ച ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിധ്യവുമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ഇതേ ഘടകങ്ങളാണ് പ്രമുഖ ഐറ്റി കമ്പനികളെ ബാംഗളൂരിലേക്ക് ആകര്‍ഷിച്ചതും നഗരം ഇന്ത്യയുടെ സിലിക്കണ്‍ വാലിയായി മാറിയതും.
രണ്ടാമതായി ഫാര്‍മ കമ്പനികള്‍ക്ക് അനുയോജ്യമായ വൈവിധ്യമാര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെയുണ്ട് എന്നതാണ്. പുതിയ ഫാര്‍മ സിറ്റി (Hyderabad Pharma City), മെഡിക്കല്‍ ഡിവൈസസ് പാര്‍ക്ക്, മികച്ച രീതിയില്‍ സ്ഥാപിച്ചിരിക്കുന്ന ജീനോം വാലി തുടങ്ങിയവയൊക്കെ തദ്ദേശ-ആഗോള സ്ഥാപനങ്ങളെ ആകര്‍ഷിക്കുന്നു.
കോവിഡ് 19 വാക്സിന്‍ (Covid19 Vaccine) നിര്‍മാണമടക്കം നടത്തിയ നഗരം ഒരു വാക്സിന്‍ ബയോടെക് ഹബ്ബായി ഉയര്‍ന്നു വരുന്നുണ്ട്. ഭാരത് ബയോടെകിന്റെ കൊവാക്സിന്‍ (Bharat Biotech Covaxin), റഷ്യന്‍ സ്ഥാപനം വികസിപ്പിച്ചെടുത്ത് ഡോ റെഡ്ഡീസ് ലബോറട്ടറീസ് ഉല്‍പ്പാദിപ്പിച്ച സ്ഫുട്നിക് V, ബയോളജിക്കല്‍ ഇ യുടെ കോര്‍ബെവാക്സ് എന്നിവയെല്ലാം ഹൈദരാബാദില്‍ നിന്നാണ് നിര്‍മിച്ചിരിക്കുന്നത്. ബള്‍ക്ക് ഡ്രഗ്സ് രംഗത്തെ മുന്‍നിര സംസ്ഥാനമായിരുന്നു ആന്ധ്രപ്രദേശ്.
പതിറ്റാണ്ടുകളായി ഫാര്‍മ മേഖലയിലുള്ള കരുത്തിന്റെ പേരില്‍ ഹൈദരാബാദ് അറിയപ്പെടുന്നുണ്ട്. അതോടൊപ്പം കരുത്ത് എടുത്തുകാട്ടിയുള്ള സര്‍ക്കാര്‍ പ്രമോഷനുകളും ഏറെ സഹായകമായി.
ഫാര്‍മ (Pharma) , ബയോടെക് (Biotech) മേഖലയില്‍ ഹൈദരാബാദിന്റെ കരുത്ത് നിക്ഷേപകരെ ബോധ്യപ്പെടുത്തുന്നതിനായി വ്യവസായ മന്ത്രി കെ ടി രാമറാവു അടുത്തിടെ യുഎസിലെത്തിയിരുന്നു.
കേരളത്തിന് അവരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. തെരെഞ്ഞെടുത്ത മേഖലകളില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ അതിന് പ്രാപ്തമാക്കുന്ന ഇക്കോ സംവിധാനവും വൈദഗ്ധ്യമുള്ള മനുഷ്യവിഭവ ശേഷിയും ദീര്‍ഘവീക്ഷണവും പ്രതിബദ്ധതയുമുള്ള രാഷ്ട്രീയ നേതൃത്വവും ആവശ്യമാണ്. പത്രപ്രസ്താവനകളും പരസ്യങ്ങളും കൊണ്ട് മാറ്റം സാധ്യമാകില്ല


Related Articles
Next Story
Videos
Share it