ഒരു ലിറ്റര്‍ പെട്രോളിന് എണ്ണക്കമ്പനികള്‍ നേടുന്ന ലാഭമെത്ര? കണക്കുകള്‍ ഇങ്ങനെ

ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുമ്പോള്‍ പൊതുമേഖലാ എണ്ണവിതരണ കമ്പനികളായ ഇന്ത്യന്‍ ഓയിലും ബി.പി.സി.എല്ലും എച്ച്.പി.സി.എല്ലും നേടുന്ന ലാഭമെത്ര? ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഓരോ ലിറ്റര്‍ പെട്രോളിനും 3-4 രൂപയുടെ ലാഭമാണ് എണ്ണവിതരണ കമ്പനികള്‍ നേടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം, ഓരോ ലിറ്റര്‍ ഡീസല്‍ വില്‍ക്കുമ്പോഴും നേരിടുന്നത് മൂന്നു രൂപയുടെ നഷ്ടവുമാണ്.

നടപ്പുവര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് 17 രൂപയുടെയും ഡീസലില്‍ നിന്ന് 35 രൂപയുടെയും നഷ്ടം എണ്ണക്കമ്പനികള്‍ നേരിട്ടിരുന്നു. ഇത് കഴിഞ്ഞ ഡിസംബറില്‍ പെട്രോളിന് 8-10 രൂപയും ഡീസലിന് 3-4 രൂപയും ലാഭമായി ഉയരുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ പെട്രോളിന് 3-4 രൂപ ലാഭത്തിലേക്കും ഡീസലിന് 3 രൂപ നഷ്ടത്തിലേക്കും കുറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലാഭക്കുറവിന് പിന്നില്‍
2022 മേയ്ക്ക് ശേഷം പൊതുമേഖലാ എണ്ണ വിതരണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില പരിഷ്‌കരിച്ചിട്ടില്ല. കേരളത്തില്‍ പെട്രോളിന് 109.73 രൂപയും ഡീസലിന് 98.53 രൂപയുമാണ് കേരളത്തില്‍ (തിരുവനന്തപുരം) വില.
രണ്ടുവര്‍ഷത്തിനിടെ ക്രൂഡോയില്‍ വില വന്‍തോതില്‍ കയറ്റിറക്കത്തിന് സാക്ഷിയായിട്ടും ആഭ്യന്തര ഇന്ധനവില ആനുപാതികമായി പരിഷ്‌കരിക്കാതിരുന്നത് ലാഭമാര്‍ജിനെ ബാധിച്ചുവെന്നാണ് എണ്ണക്കമ്പനികളുടെ വിലയിരുത്തല്‍. ഇതാണ്, വില്‍പന ലാഭം കുറയാനിടയാക്കിയതും.
എന്നിട്ടും വമ്പന്‍ ലാഭം
പെട്രോളിന് ലാഭം തുച്ഛമാണെന്നും ഡീസല്‍ വില്‍പന നഷ്ടത്തിലാണെന്നും പറയുമ്പോഴും നടപ്പുവര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള 9 മാസക്കാലയളവില്‍ മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികളും കൂടി രചിച്ചത് 69,000 കോടി രൂപയുടെ ലാഭമാണ്.
നടപ്പുവര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ നേരിട്ട 21,200 കോടി രൂപയുടെ നഷ്ടം ഉള്‍പ്പെടെ നികത്തുന്നതിന്റെ ഭാഗമായി കൂടിയാണ്, ഇടക്കാലത്ത് ക്രൂഡോയില്‍ വില കുറഞ്ഞിട്ടും എണ്ണക്കമ്പനികള്‍ ഇന്ധനവില താഴ്ത്താന്‍ തയ്യാറാകാതിരുന്നത്.
കുറയുമോ പെട്രോള്‍, ഡീസല്‍ വില?
ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കേ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ കേന്ദ്രം മുതിരുമെന്നാണ് പൊതുവേ പ്രതീക്ഷിക്കപ്പെട്ടത്. കേന്ദ്ര ബജറ്റിലോ അതിന് മുമ്പോ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കുമെന്നും കരുതിയിരുന്നു.
പുതുവര്‍ഷ സമ്മാനമെന്നോണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ധന വിലക്കുറവ് പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇതേക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ പോലും നടത്തിയിട്ടില്ലെന്നാണ് പുതിയ സൂചനകള്‍. മൂന്നാംവട്ടവും മോദിയുടെ നേതൃത്വത്തില്‍ തന്നെയുള്ള സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന ആത്മവിശ്വാസമാണ് എന്‍.ഡി.എയ്ക്കുള്ളതെന്ന് വിലയിരുത്തപ്പെടുന്നു. ബജറ്റിലും വോട്ട് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ കുത്തിനിറയ്ക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ശ്രമിക്കാതിരുന്നതും ഇതേ ആത്മവിശ്വാസത്താലാണെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
Related Articles
Next Story
Videos
Share it