'പുതിയ മാറ്റങ്ങള്‍ പ്രായോഗികമല്ല!' റംസാന്‍ കാലത്തെ കോവിഡ് നിയന്ത്രണം ഹോട്ടലുകള്‍ക്ക് വന്‍ തിരിച്ചടിയാകുമെന്ന് മേഖലയിലുള്ളവര്‍

കോവിഡ് നിയന്ത്രണം കര്‍ശനമായത് ഹോട്ടല്‍ റസ്‌റ്റോറന്റ് മേഖലയ്ക്ക് വന്‍ തിരിച്ചടിയാകുമെന്ന് മേഖലയിലുള്ളവര്‍. റംസാന്‍ കാലമായതിനാല്‍ തന്നെ രാത്രി അടച്ചിടുക പ്രായോഗികമല്ലെന്നും മേഖലയിലെ സംരംഭകരും സംസ്ഥാന വ്യാപാരി വ്യവസായി ഏകോപന സമിതിയും അഭിപ്രായപ്പെട്ടു. കേരളത്തില്‍ പ്രത്യേകിച്ച് വടക്കന്‍ കേരളത്തില്‍ നോമ്പ് കാലത്ത് 80 ശതമാനം ഹോട്ടലുകളും വൈകിട്ടാണ് പ്രവര്‍ത്തനം ആരംഭിക്കുക. ഈ സാഹചര്യത്തില്‍ 9 മണിക്ക് അടയ്ക്കുക എന്നത് ബിസിനസിനെ ബാധിക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഹോട്ടലുകളുടെ സമയ ക്രമീകരണം തിരക്ക് സൃഷ്ടിക്കുമെന്നും രോഗ വ്യാപനത്തിനുള്ള സാധ്യത കൂട്ടുമെന്നും സംസ്ഥാന വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് കെ അഹമ്മദ് ഷരീഫ് അഭിപ്രായപ്പെട്ടു.

24 മണിക്കൂര്‍ പ്രവര്‍ത്തനം
ഹോട്ടലുകളില്‍ സമയക്രമീകരണം നടത്തുന്നതിനുപകരം ഹോട്ടലുകളില്‍ സമയം കൂട്ടി ആളുകളുടെ ഇടപെടല്‍ കുറച്ചുകൊണ്ടുള്ള സുരക്ഷാ നടപടികളില്‍ ആണ് ശ്രദ്ധ ഊന്നേണ്ടതെന്നും അഹമ്മദ് ഷരീഫ് പറഞ്ഞു. സര്‍ക്കാരിന്റെ പുതിയ തീരുമാനത്തോടുള്ള പ്രതിഷേധം ഉടന്‍ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോട്ടലുകളില്‍ ആളുകള്‍ ഇപ്പോള്‍ തന്നെ സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചാണ് ഭക്ഷണം കഴിക്കാനെത്തുന്നത്. നാലുപേരടങ്ങുന്ന കുടുംബമായി എത്തിയാല്‍ പോലും ആറ് സീറ്റിംഗ് ആണ് ഉപയോഗിക്കുന്നത്. രണ്ട് പേര്‍ നാല് പേരുള്ള സീറ്റും. അത്തരത്തില്‍ നോക്കിയാല്‍ ഇപ്പോഴും മിക്ക റസ്‌റ്റോറന്റുകളും 50 ശതമാനം മാത്രം ഉപഭോക്താക്കളുമായാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ തന്നെ 20 ശതമാനത്തോളം ബിസിനസ് നഷ്ടമുണ്ട്. ഇത് 50 ശതമാനത്തോളമാകാനാണ് പുതിയ സാഹചര്യം വഴിവയ്ക്കുക എന്ന് ആലിബാബ ചെയ്ന്‍ ഓഫ് റസ്റ്റോറന്റ്‌സ് സാരഥി സിദ്ദിഖ് പറഞ്ഞു.
ഹോട്ടലുകളില്‍ പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം അനുവദിക്കാനും രാത്രി 9 മണിക്ക് ശേഷം പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനുമാണ് ഇന്നലെ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചെര്‍ന്ന ഉന്നത തലയോഗത്തില്‍ തീരുമാനമായത്. നേരത്തെ തന്നെ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇലക്ഷന്‍ കാലത്ത് സുരക്ഷാ നടപടികളില്‍ അയവു വരുത്തിയതാണ് രോഗവ്യാപനം വര്‍ധിച്ചതെന്നും കോട്ടയം ജില്ലയിലെ വ്യാപാരി വ്യവസായി സമിതി അംഗം അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹോട്ടലുകളില്‍ ആളുകളെ പകുതിയേ കയറ്റൂ എന്നത് സുരക്ഷാ നടപടി ആയതിനാല്‍ തന്നെ സ്വീകാര്യമാണ്. എന്നാല്‍ സമയക്രമീകരണം ആണ് കുരുക്കിലാക്കുക എന്നും അദ്ദേഹം പറഞ്ഞു.
''ബീച്ചില്‍ സായാഹ്ന സവാരിക്കെത്തുന്നവരും നോമ്പുതുറയ്ക്കായി എത്തുന്ന കുടുംബാംഗങ്ങളുമാണ് വൈകുന്നേരങ്ങളില്‍ ഈ പ്രദേശങ്ങളിലെ ഹോട്ടല്‍ ബിസിനസ് മെച്ചപ്പെടുത്തുന്നത്. എന്നാല്‍ പുതിയ നിയന്ത്രണങ്ങള്‍ വന്നതോടെ ജനങ്ങള്‍ക്കിടയില്‍ ഭയം വര്‍ധിക്കാനിടയാക്കും''. ആലപ്പുഴ ബീച്ച് ബേ റസ്റ്റോറന്റ് ഉടമ നിയാസ് യൂനുസ് വ്യക്തമാക്കി.
കഴിഞ്ഞ ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ നിന്നും കര കയറുന്ന ഹോട്ടല്‍ ഉടമകളുടെ അവസ്ഥ വീണ്ടും പഴയതിലേക്കു മടങ്ങുമോ എന്ന ആശങ്കയിലാണ് പലരുമെന്ന് അദ്ദേഹം പറഞ്ഞു. നോമ്പ് കാലത്ത് വൈകുന്നേരം മാത്രം പ്രവര്‍ത്തനമാരംഭിക്കുന്ന ഹോട്ടലുകാര്‍ക്ക് ഇത് വന്‍ നഷ്ടമാകും വരുത്തിവയ്്ക്കുക എന്നതില്‍ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
''നിയന്ത്രണങ്ങളോടെ പൂര്‍ണ പ്രവര്‍ത്തന സമയം അനുവദിക്കുകയായിരുന്നു ഈ സമയത്ത് വേണ്ടതെ''ന്ന് ഫോര്‍ട്ട്‌കൊച്ചിയിലെ ഒരു റസ്‌റ്റോറന്റ് ഉടമ പറയുന്നു. ഇലക്ഷന്‍ കഴിയും വരെ നിയന്ത്രണങ്ങളോട് കണ്ണടച്ച സര്‍ക്കാര്‍ തന്നെയാണ് രോഗവ്യാപനത്തിന്റെ അളവ് ഉയര്‍ത്തിക്കാട്ടി ഇപ്പോള്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. രാത്രി 9 മണിക്കുശേഷം മാത്രം കോവിഡ് പകരുമെന്ന തരത്തിലുള്ള മണ്ടന്‍ ആശയമാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നതെന്നും പേര് വെളിപ്പെടുത്താനാകാത്ത റസ്റ്റോറന്റ് ഉടമ പ്രതികരിച്ചു.


Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it