Begin typing your search above and press return to search.
നിപ്പ വൈറസ്; ഭീതി കൂടുമ്പോഴും ടൂറിസം മേഖല പ്രതീക്ഷയില്‍
കേരളത്തില്‍ നിപ്പ വൈറസ് സാന്നിധ്യം വിവിധ മേഖലയെ പോലെ ടൂറിസം മേഖലയെയും ആശങ്കയിലാക്കിയിട്ടുണ്ട്. കേരളത്തിന്റെ തെക്കേ ജില്ലകളിലെ ടൂറിസം മേഖലയ്ക്ക് ആശങ്കയ്ക്ക് വഴിയില്ലായിരുന്നുവെങ്കിലും വയനാടുള്‍പ്പെടുന്ന വടക്കന്‍ ജില്ലകള്‍ ആശങ്കയുടെ നിഴലിലാണ്. കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരില്‍ നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മരണമുണ്ടായ സാഹചര്യത്തില്‍ ഭോപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധ സംഘം ബുധനാഴ്ച എത്താനിരിക്കുകയാണ്.
എന്നാല്‍ കോവിഡ് മാനദണ്ഡങ്ങളോടെ വിനോദ സഞ്ചാരമേഖല തുറന്ന സാഹചര്യത്തില്‍ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും തിരക്കനുഭവപ്പെടുന്നുണ്ട്. കേരളത്തിനു പുറത്തുള്ള സഞ്ചാരികളും വയനാട് എത്തിച്ചേരുന്നത് തുടരുകയാണെന്ന് ഓള്‍ ഇന്ത്യ ട്രാവല്‍ കോര്‍ഡിനേറ്ററായ ഷമീന പറയുന്നു.
''ഇക്കഴിഞ്ഞ രണ്ട് മാസങ്ങളില്‍ ഇപ്പോഴാണ് ഇത്രയും സഞ്ചാരികള്‍ എത്തുന്നത്, നിപ്പയെക്കുറിച്ചുള്ള ആശങ്കകള്‍ പലരും വിളിച്ചു ചോദിക്കുന്നുണ്ടെങ്കിലും സഞ്ചാരികളുടെ വരവിനെ അത് ബാധിച്ചിട്ടില്ല. അതേസമയം കോവിഡ് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്നും ഞായറാഴ്ച ലോക്ഡൗണ്‍ മാറ്റിയത് സഞ്ചാരമേഖലയ്ക്ക് ഗുണം ചെയ്യും.'' ഷമീന പറയുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി 200 ഓളം സഞ്ചാരികളെയാണ് വിവിധ ഹോട്ടലുകളിലേക്കായി ബുക്കിംഗ് നല്‍കിയതെന്നും അവര്‍ വ്യക്തമാക്കുന്നു.
കോവിഡ് മാനദണ്ഡങ്ങളോടെ പ്രവര്‍ത്തിക്കാമെന്ന ആശ്വാസത്തില്‍ ഹോട്ടലുകളും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ നിപയെക്കുറിച്ചുള്ള ആശങ്ക പഴം ബിസിനസിനെയും ജ്യൂസ്് വില്‍പ്പനയുള്‍പ്പെടെയുള്ള ഓര്‍ഡറുകളെ ബാധിച്ചിട്ടുണ്ട്. നിപയുടെ ആശങ്ക ദേശീയ മാധ്യമങ്ങളില്‍ ഇന്നലെ മുതലാണ് പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. വാര്‍ത്തകള്‍ ഇനിയും കൂടിയാല്‍ ചിലപ്പോള്‍ അത് ടൂറിസം മേഖലയെയും ദോഷമായി ബാധിച്ചേക്കുമോ എന്ന ആശങ്ക സ്റ്റീഫന്‍ എന്ന ഹോം സ്‌റ്റേ ഉടമസ്ഥന്‍ പങ്കുവയ്ക്കുന്നു.
'കോവിഡ് തുടങ്ങും മുമ്പാണ് ലിവിക് എന്ന ഹോം സ്‌റ്റേ വാങ്ങിയത്, എന്നാല്‍ ഇതുവരെ 100 യാത്രക്കാരോളം മാത്രമാണ് റൂം ബുക്കിംഗ് നടത്തിയതെ'ന്ന് അദ്ദേഹം പറയുന്നു. കോവിഡ് ലോക്ഡൗണ്‍ ഇളവുകള്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. വാരാന്ത്യങ്ങളിലെ യാത്രക്കാരുടെ എണ്ണം കൂടാനിടയുണ്ട്. ഇത് കോമ്പോ ഓഫറുകളിലൂടെ കേരളത്തിനു പുറത്തുള്ളവര്‍ക്ക് പ്രയോജനപ്പെടുത്താനാകും. നല്ല കാലാവസ്ഥയെന്നതും പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് അദ്ദേഹം പറയുന്നു.
നിപ പ്രതിരോധം ഊര്‍ജിതമാകും
സംസ്ഥാനത്ത് കോവിഡിനു സമാന്തരമായി നിപ്പ പ്രതിരോധവും ഊര്‍ജിതമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സമ്പര്‍ക്ക പട്ടികയിലുള്ള ആര്‍ക്കും ഗുരുതര രോഗലക്ഷണങ്ങളില്ല. നിപ്പ സ്റ്റേറ്റ് കണ്‍ട്രോള്‍ സെല്‍ ആരംഭിച്ചിട്ടുണ്ടെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം നിപ്പ വാര്‍ഡില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം വിശദമാക്കി. പ്രതിരോധ യജ്ഞത്തിന് മന്ത്രിമാര്‍ നേരിട്ടു മേല്‍നോട്ടം വഹിക്കാനാണ് തീരുമാനം.
Next Story
Videos