ചെറുകിട സംരംഭകര്‍ക്ക് ലോക വിപണിയുടെ വാതില്‍ തുറന്ന് റബ്ബര്‍ ബോര്‍ഡ്

പ്രകൃതിദത്ത റബ്ബര്‍ ഉത്പന്നങ്ങളുടെ വിപണി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റബ്ബര്‍ ബോര്‍ഡിന്റെ വിര്‍ച്വല്‍ ട്രേഡ്ഫെയര്‍ ആരംഭിച്ചത്. രാജ്യത്തെ പ്രകൃതിദത്ത റബ്ബര്‍ ഉപയോഗിച്ച് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ചെറുകിട സംരംഭകരെ കൂടി കയറ്റുമതി രംഗത്തേക്ക് എത്തിക്കുകയാണ് 365 ദിവസം നീളുന്ന ട്രേഡ് ഫെയറിന്റെ ലക്ഷ്യം.

കഴിഞ്ഞ വര്‍ഷം 25000 കോടി രൂപയുടെ വിദേശ നാണ്യമാണ് റബ്ബര്‍ ഉത്പന്നങ്ങളുടെ കയറ്റുമതിയിലൂടെ രാജ്യം നേടിയത്. ഓരോ വര്‍ഷവും നാല് ശതമാനത്തിനത്തിന്റെ വര്‍ധനവ് കയറ്റുമതിയില്‍ ഉണ്ടാകുന്നുണ്ട് എന്നാണ് കണക്കുകള്‍. രാജ്യത്തു നിന്നുള്ള കയറ്റുമതിയുടെ 60 ശതമാനവും ടയര്‍ ആണ്. മുപ്പത്തിനായിരത്തോളം റബ്ബര്‍ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നിടത്താണ് ടയര്‍ മുന്നിട്ടു നില്‍ക്കുന്നത്. ഇവിടെയാണ് ചെറികിട സംരംഭകരുടെ (എംഎസ്എംഇ) സാധ്യതകള്‍ തുറന്നു കിടക്കുന്നത്.
ചെറുകിട സംരംഭകര്‍ക്ക് അവസരം
രാജ്യത്തെ റബ്ബര്‍ ഉത്പന്നങ്ങളുടെ കയറ്റുമതി സംബന്ധിച്ച കാര്യങ്ങള്‍ നോക്കുന്നത് വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള കാപെക്‌സില്‍ (capexil) ആണ്. എന്നാല്‍ കാപെക്‌സിലിന്റെ പ്രവര്‍ത്തനങ്ങള്‍ റബ്ബര്‍ ബോര്‍ഡിന് തൃപ്തികരം അല്ല. 4500 സ്ഥാപനങ്ങള്‍ക്ക് റബ്ബര്‍ബോര്‍ഡ് ലൈസന്‍സ് നല്‍കിയതില്‍ വെറും 350 പേര്‍ മാത്രമാണ് റബ്ബര്‍ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുള്ളു. ഇതിനൊരു മാറ്റം ഉണ്ടാവുകയാണ് റബ്ബര്‍ ബോര്‍ഡിന്റെ ലക്ഷ്യം.
ഫെയറില്‍ പ്രദര്‍ശനത്തിന് ഏത്തുന്ന ഒരു ചെറിയ സംരംഭകന് പോലും തന്റെ ഉത്പന്നങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ മാര്‍ക്കറ്റ് ചെയ്യാനുള്ള സാധ്യതകളാണ് ബോര്‍ഡ് തുറന്നു നല്‍കുന്നത്. റബ്ബര്‍ ബോര്‍ഡിന്റെ വെബ്ബ്‌സൈറ്റിലൂടെ വിര്‍ച്വല്‍ ട്രേഡ് ഫെയറില്‍ പ്രവേശിച്ച് സംരംഭകര്‍ക്ക് എക്‌സ്‌പോര്‍ട്ടര്‍ എന്ന നിലയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഉപഭോക്താക്കളുമായി വാട്‌സ്ആപ്പ് ഉള്‍പ്പടെയുള്ള മാധ്യമങ്ങളിലൂടെ ആശവിനിമയം നടത്താനുള്ള സൗകര്യം മുതല്‍ ഉത്പന്നങ്ങളുടെ വീഡിയോകള്‍ ലൈവ് സ്ട്രീമിങ് നടത്താനുള്ള സൗകര്യംവരെ ട്രേഡ് ഫെയര്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്. കയറ്റുമതി മേഖലയിലേക്ക് തിരിയാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഏറ്റവും നല്ല അവസരമായാണ് വിര്‍ച്വല്‍ ട്രേഡ് ഫെയര്‍ വിലയിരുത്തപ്പെടുന്നത്. നിലവില്‍ സൗജന്യമായി സംരംഭകര്‍ക്ക് ട്രേഡ് ഫെയറിന്റെ ഭാഗമാകാം. ഒരു വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പരിപാടി എന്ന നിലയില്‍ റബ്ബര്‍ ഉത്പന്നങ്ങളുടെ കയറ്റുമതി രംഗത്തെ വലിയ സാധ്യതകളാണ് ട്രേഡ് ഫെയര്‍ തുറക്കുന്നത്.
പ്രമുഖ കമ്പനികള്‍ ഉള്‍പ്പടെ 117 ഓളം സ്ഥാപനങ്ങള്‍ ട്രേഡ് ഫെയറിന്റെ ഭാഗമായി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ അറുപതോളം കമ്പിനികള്‍ മാത്രമാണ് ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. പല കമ്പനികളുടെയും വിവരങ്ങള്‍ വെബ്ബ്‌സൈറ്റിലേക്ക് നല്‍കിക്കൊണ്ടിരിക്കുകയാണെന്നും അത് ഉടന്‍ പൂര്‍ത്തിയാകുമെന്നും റബ്ബര്‍ ബോര്‍ഡ് വക്താവ് അറിയിച്ചു.
പ്രദര്‍ശനത്തിന് എത്തുന്ന ഉത്പന്നങ്ങള്‍ക്ക് നാച്ചുറല്‍ റബ്ബര്‍ ബ്രാന്റിങ്ങ് നല്‍കുന്ന കാര്യവും റബ്ബര്‍ ബോര്‍ഡ് പരിഗണിക്കുന്നുണ്ട്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പ്രകൃതിദത്ത റബ്ബറിന്റെ ഡിമാന്റ് വര്‍ധിപ്പിക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ നടപ്പാക്കി ഉത്പങ്ങളെ മുന്‍നിരയില്‍ എത്തിക്കണമെന്ന്
റബ്ബര്‍ ബോര്‍ഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെഎന്‍ രാഘവന്‍ പറഞ്ഞു. കൂടുതല്‍ സംരംഭകര്‍ കയറ്റുമതിയിലേക്ക് തിരിഞ്ഞാല്‍ അത് റബ്ബര്‍ കര്‍ഷകര്‍ക്കും ഗുണകരമാകുമെന്നാണ് വിലയിരുത്തുപ്പെടുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it