

അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയായ ബർക്ക്ഷെയർ ഹാത്തവേയുടെ (Berkshire Hathaway) ചെയർമാൻ സ്ഥാനത്ത് നിന്ന് ആഗോള നിക്ഷേപക ഇതിഹാസം വാറൻ ബഫെറ്റ് ഒഴിയുന്നു. 1970 മുതൽ അരനൂറ്റാണ്ടിലേറെയായി കമ്പനിയെ നയിച്ച 96-കാരനായ വാറൻ ബഫെറ്റിന് പകരം മകൻ ഹൊവാർഡ് ജി. ബഫെറ്റ് (71) പുതിയ ചെയർമാനായി ചുമതലയേൽക്കും.
സ്ഥാനമൊഴിയുന്ന വാറൻ ബഫെറ്റ് ഇനി 'ചെയർമാൻ എമരിറ്റസ്' (Chairman Emeritus) പദവി അലങ്കരിക്കും. ചെയർമാൻ സ്ഥാനത്തുനിന്ന് മാറുമെങ്കിലും കമ്പനിയുടെ ഡയറക്ടർ ബോർഡിൽ അദ്ദേഹം തുടരും. നേരത്തെ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) സ്ഥാനത്തുനിന്ന് വാറൻ ബഫെറ്റ് പടിയിറങ്ങിയിരുന്നു. തുടർന്ന് ഗ്രെഗ് ആബെൽ (Greg Abel) കമ്പനിയുടെ സി.ഇ.ഒ ആയി ചുമതലയേറ്റിരുന്നു.
1993 മുതൽ ബർക്ക്ഷെയർ ഹാത്തവേയുടെ ബോർഡ് അംഗമാണ് ഹൊവാർഡ് ജി. ബഫെറ്റ്. 1954 ഡിസംബർ 16-ന് ജനിച്ച ഹൊവാർഡ് വ്യവസായി, കൃഷിക്കാരൻ, ജീവകാരുണ്യ പ്രവർത്തകൻ, സംരക്ഷണ വിദഗ്ധൻ, ഫോട്ടോഗ്രാഫർ, മുൻ രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനാണ്.
1977-ൽ നെബ്രാസ്കയിൽ കൃഷി ആരംഭിച്ച അദ്ദേഹം നിലവിൽ ഇല്ലിനോയിയിലെ 1,500 ഏക്കർ വരുന്ന ഫാമിലി ഫാം മേൽനോട്ടം വഹിക്കുന്നു. കൂടാതെ സൗത്ത് ആഫ്രിക്കയിലും അരിസോണയിലുമായി ആയിരക്കണക്കിന് ഏക്കർ ഗവേഷണ ഫാമുകൾ ഫൗണ്ടേഷനുകൾ വഴി അദ്ദേഹം നടത്തുന്നുണ്ട്.
കോർപ്പറേറ്റ് ലോകത്തും നീണ്ട പരിചയസമ്പത്തുള്ള വ്യക്തിയാണ് ഹൊവാർഡ്. 2010 ഡിസംബർ മുതൽ ദി കൊക്കാ കോള കമ്പനിയുടെ (The Coca-Cola Company) ബോർഡ് അംഗമാണ്. ആർച്ചർ ഡാനിയൽസ് മിഡ്‌ലാന്റ് (ADM), ഗ്ലോബൽ സപ്ലൈ ഇന്റഗ്രേഷൻ ഗ്രൂപ്പ് (GSI Group), കോൺഅഗ്ര ഫുഡ്സ്, അഗ്രോ ടെക് ഫുഡ്സ്, ലിൻഡ്സെ കോർപ്പറേഷൻ തുടങ്ങിയ വൻകിട കമ്പനികളുടെ ബോർഡുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അമേരിക്കൻ ബിസിനസ് ചരിത്രത്തിൽ വാറൻ ബഫെറ്റ് ഉണ്ടാക്കിയ സ്വാധീനം സമാനതകളില്ലാത്തതാണെന്ന് സി.ഇ.ഒ ഗ്രെഗ് ആബെൽ പറഞ്ഞു. "വാറൻ പടുത്തുയർത്തിയ കോർപ്പറേറ്റ് സംസ്കാരവും മൂല്യങ്ങളും ബാർക്ക്‌ഷെയറിന്റെ ഹൃദയമായി തുടരും. അതിന്റെ സംരക്ഷകനായി ഹൊവാർഡ് ഉണ്ടാകും," അദ്ദേഹം വ്യക്തമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine