'ഞാന്‍ അത്തരക്കാരനല്ല': കേന്ദ്രത്തിന് പരോക്ഷ മറുപടിയുമായി മാരികോ ചെയര്‍മാന്‍

ആറ് ലക്ഷം കോടി രൂപ സമാഹരണ ലക്ഷ്യത്തോടെയുള്ള ദേശീയ ആസ്തി പണമാക്കല്‍ പരിപാടിയെ കേന്ദ്രമാക്കി ചൂടുപിടിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ പരോക്ഷ പ്രതികരണവുമായി മാരികോ ചെയര്‍മാന്‍ ഹര്‍ഷ് മാരിവാല. രാജ്യത്തെ മുതിര്‍ന്ന വ്യവസായ പ്രമുഖനായ ഹര്‍ഷ് മാരിവാലയുടെ ട്വീറ്റാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. ''ഒരു ബിസിനസ് വില്‍പ്പന നടത്തി പണമുണ്ടാക്കാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ബിസിനസുകാരനല്ല ഞാന്‍' എന്നാണ് ഹര്‍ഷ് മാരിവാലയുടെ ട്വീറ്റ്.

കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ച ദേശീയ ആസ്തി പണമാക്കല്‍ പരിപാടിയെ കുറിച്ച് പ്രത്യക്ഷത്തില്‍ ഒന്നും പറയുന്നില്ലെങ്കില്‍ പരോക്ഷമായി ആ പരിപാടിയിലുള്ള പ്രതികരണമാണ് ഈ ട്വീറ്റെന്നാണ് സൂചന.

''ഞാനെപ്പോഴും ദീര്‍ഘകാല ലക്ഷ്യങ്ങള്‍ വെച്ച് ചിന്തിക്കുന്ന വ്യക്തിയാണ്. ഒരു പ്രസ്ഥാനം, അത് കെട്ടിപ്പടുത്ത വ്യക്തികളേക്കാള്‍ വലുതായി വളരണമെന്നും ആഗ്രഹിക്കുന്നു. തലമുറകളായി കൈമാറി വരുന്ന പൈതൃകം ഇവിടെ ശേഷിപ്പിച്ചുകൊണ്ട് തന്നെ കടന്നുപോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്,'' ട്വീറ്റില്‍ ഹര്‍ഷ് മാരിവാല തുടരുന്നു.

രാജ്യത്തിന്റെ പൊതുമേഖലയിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് കൈമാറി അതിന്റെ ശരിയായ മൂല്യം മുതലെടുക്കാനുള്ള പദ്ധതിയായാണ് ദേശീയ ആസ്തി പണമാക്കല്‍ പരിപാടി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യം 70 വര്‍ഷം കൊണ്ട് കെട്ടിപ്പടുത്ത, രാജ്യത്തിന്റെ കീരിടത്തിലെ രത്‌നങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ അടുത്ത രണ്ടുമൂന്ന് ബിസിനസ് സുഹൃത്തുക്കള്‍ക്ക് സമ്മാനമായി നല്‍കാന്‍ ഒരുങ്ങുകയാണെന്ന് ഈ പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്ന രാഹുല്‍ ഗാന്ധി അഭിപ്രായപ്പെടുന്നു. കേന്ദ്രത്തിന്റെ പരിപാടിയെ 'ദേശീയ ദുരന്തം' എന്നാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ വിശേഷിപ്പിക്കുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it