ഐ.ബി.എസ്: അസാമാന്യ ചങ്കൂറ്റം, അസാധാരണ നേട്ടം

''ഞങ്ങളുടെ വളര്‍ച്ചയ്ക്ക് ഇപ്പോള്‍ ഫണ്ട് വേണമെന്നില്ല. കാരണം അതിനുള്ള പണം കയ്യിലുണ്ട്. വന്‍കിട ഏറ്റെടുക്കല്‍ വേണ്ടിവന്നാല്‍ ഐ.പി.ഒ നടത്താനും ഞങ്ങള്‍ റെഡിയാണ്''- അടുത്തിടെ ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവേ ഐ.ബി.എസ് സോഫ്റ്റ്‌വെയർ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി.കെ മാത്യൂസ് പറഞ്ഞ വാക്കുകളാണിത്.

1997ല്‍ 55 ജീവനക്കാരുമായി തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങിയ ഐ.ബി.എസ്, വിമാനയാത്രാ (ഏവിയേഷന്‍)​ മേഖലയിലെ ലോകത്തെ മറ്റേതൊരു ടെക്നോളജി കമ്പനിക്കും എത്തിപ്പിടിക്കാനാവാത്ത അത്ര ഉയരത്തിലാണ് ഇന്നുള്ളത്. എന്നാല്‍ ഈ നിലയിലേക്കുള്ള വളര്‍ച്ച അത്ര സുഗമമായിരുന്നില്ല.
വേറിട്ട വഴി
ഐ.ഐ.ടി കാണ്‍പൂരില്‍ നിന്ന് എയ്റോനോട്ടിക്കല്‍ എന്‍ജിനീയറിംഗില്‍ എം.ടെക് ബിരുദം നേടി സൈന്യത്തില്‍ ജോലിയില്‍ പ്രവേശിച്ച വി.കെ മാത്യൂസ് അവിടെ നിന്ന് വഴിമാറി സഞ്ചരിച്ചാണ് എയര്‍ ഇന്ത്യയ്ക്കൊപ്പം ചേര്‍ന്നത്. പിന്നീട് എമിറേറ്റ്സ് എയര്‍ലൈനിന്റെ മാതൃകമ്പനിയിലേക്ക് ചേക്കേറി. എയര്‍ ട്രാന്‍സ്പോര്‍ട്ട് മേഖലയെ കുറിച്ച് ആഴത്തില്‍ പഠിച്ച വി.കെ മാത്യൂസ് ആ രംഗത്തെ സാധ്യതകള്‍ കണ്ടറിഞ്ഞാണ് സ്വന്തം സംരംഭത്തിന് വിത്തുപാകിയത്. ആദ്യ വര്‍ഷം തന്നെ ലോകത്തിലെ പ്രമുഖ എയര്‍ലൈന്‍ കമ്പനിയെ ഉപഭോക്താവായി ലഭിച്ചെങ്കിലും പരീക്ഷണത്തിന്റെ നാളുകള്‍ കമ്പനി കാത്തിരിക്കുന്നുണ്ടായിരുന്നു.
വെല്ലുവിളി മറികടന്ന വിധം
''ബിസിനസില്‍ ഓരോ ദിവസവും വെല്ലുവിളിയാണ്; അതിന്റെ തീവ്രത ഏറിയും കുറഞ്ഞുമിരിക്കുമെന്ന് മാത്രം''- വി.കെ മാത്യൂസ് പറയുന്നു.
ഐ.ബി.എസ് നേരിട്ട സുപ്രധാനമായ ഒരു വെല്ലുവിളിയെ കുറിച്ച് മാത്യൂസ് പറയുന്നത് ഇങ്ങനെ:
ഏറ്റവും വലുതും ഞങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയുയര്‍ത്തിയതുമായ വെല്ലുവിളികളില്‍ ഒന്ന് 2002ലേതായിരുന്നു. ട്രാവല്‍ മേഖലയെ അമ്പരിപ്പിച്ചുകൊണ്ട് സ്വിസ്എയര്‍ ഗ്രൂപ്പ് പാപ്പരായി. സ്വിസ് എയര്‍ ഗ്രൂപ്പ് ഞങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവ് മാത്രമല്ല സംയുക്ത പങ്കാളി കൂടിയായിരുന്നു അന്ന്. ഒറ്റയടിക്ക് ഞങ്ങളുടെ പ്രധാന വരുമാന സ്രോതസ് അടഞ്ഞു.
മാത്രമല്ല, കിട്ടാനുണ്ടായിരുന്ന പണം പോലും കിട്ടില്ലെന്നായി. ഈ സംഭവവികാസത്തിന്റെ വ്യാപ്തി അറിയാവുന്നവരെല്ലാം ഐ.ബി.എസിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ എന്നെ ഉപദേശിച്ചു. അക്കാലത്ത് എന്റെ കൈയിലുണ്ടായ ഏക ആസ്തി വിമാനയാത്രാ മേഖലയെ കുറിച്ച് ആഴത്തില്‍ അറിവുള്ള എന്റെ ടീമായിരുന്നു. എല്ലാ റിസ്‌കുകളെയും വകഞ്ഞുമാറ്റിക്കൊണ്ട് ഞങ്ങള്‍ ഉത്പന്നങ്ങൾ നിര്‍മിക്കാന്‍ തുടങ്ങി.
ട്രാവല്‍ ഇന്‍ഡസ്ട്രിയിലെ പ്രോഡക്റ്റ് കമ്പനിയായി ഐ.ബി.എസ് ഉയര്‍ന്നുവന്നതിന്റെ അടിത്തറ ഇതായിരുന്നു. മുമ്പോട്ടുള്ള യാത്ര തീര്‍ച്ചയായും അതികഠിനമായിരുന്നു. പക്ഷേ ഞങ്ങള്‍ അതിജീവിച്ചു. ആ യാത്രയ്ക്ക് പിന്നില്‍ കഠിനാധ്വാനമുണ്ട്, ആത്മാര്‍പ്പണമുണ്ട്, ബുദ്ധിപൂര്‍വമുള്ള ബിസിനസ് തീരുമാനങ്ങളുണ്ട്. തിരിഞ്ഞുനോക്കുമ്പോള്‍ എനിക്കൊരു കാര്യത്തില്‍ അങ്ങേയറ്റത്തെ അഭിമാനമുണ്ട്; ഒരൊറ്റ ജീവനക്കാരനെ പോലും ആ കാലത്തോ അതിനുശേഷമോ പിരിച്ചുവിട്ടിട്ടില്ല.
വിജയത്തിന് പിന്നിലെ സുപ്രധാന ഘടകം
ഫോക്കസ്, പര്‍പ്പസ്, വാല്യു. ഇവ മൂന്നുമാണ് ഐ.ബി.എസിന്റെ വിജയത്തിന് പിന്നിലെ കാരണങ്ങളെന്ന് വി.കെ മാത്യൂസ് പറയുന്നു. ഇവയെ ഇങ്ങനെയാണ് അദ്ദേഹം വിശദീകരിക്കുന്നത്.
ഫോക്കസ്: ഞങ്ങള്‍ ഫോക്കസ് ചെയ്യുന്ന മേഖല ട്രാവല്‍ രംഗമാണ്. അതോടൊപ്പം തന്നെ എല്ലായ്പ്പോഴും വിപണിയിലെ മത്സരത്തില്‍ നിന്ന് വേറിട്ട് നിര്‍ത്താനും ഈ രംഗത്ത് തന്നെ നിര്‍ണായക സംഭാവന നല്‍കാന്‍ പാകത്തിലുള്ള സോഫ്റ്റ് വെയര്‍ ഉത്പന്നങ്ങൾ സൃഷ്ടിക്കാനുമുള്ള അടുത്ത തലമുറ ടെക്‌നോളജിയിലുമാണ് ഞങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്.
പര്‍പ്പസ് ആന്‍ഡ് സ്ട്രാറ്റജി: ഞങ്ങള്‍ നിലകൊള്ളുന്നത്തന്നെ ടെക്നോളജി ഇന്നൊവേഷനിലൂടെ ട്രാവല്‍ ബിസിനസിനെ പുനര്‍നിര്‍വചിക്കുന്നതിനാണ്. ഞങ്ങള്‍ സൃഷ്ടിക്കുന്ന സിസ്റ്റവും ടെക്നോളജിയും നാളുകള്‍ കഴിയുമ്പോള്‍ കാലഹരണപ്പെടും. പക്ഷേ ഞങ്ങളുടെ കസ്റ്റമേഴ്സിന് വിപണിയിലെ മത്സരങ്ങളെ നേരിട്ട് മുന്‍നിരയില്‍ നില്‍ക്കേണ്ടതുണ്ട്. അതുകൊണ്ട് ഞങ്ങള്‍ അവരുടെ ബിസിനസിനെ അടുത്ത തലമുറ ടെക്നോളജി പ്ലാറ്റ്ഫോമുകളുടെ പിന്‍ബലത്തില്‍ രൂപാന്തരീകരണം നടത്താനും നവീകരിക്കാനും സഹായിക്കുന്നു.
മൂല്യങ്ങളും സംസ്‌കാരവും: ഇത്രയും വര്‍ഷങ്ങള്‍കൊണ്ട് ഞങ്ങള്‍ ലോകോത്തര പ്രൊഫഷണലുകളുടെ ഒരു ടീമിനെ വളര്‍ത്തിയെടുത്തിട്ടുണ്ട്. കസ്റ്റമറുടെ ആവശ്യങ്ങളില്‍ ശ്രദ്ധ കൊടുത്ത് ഏറ്റവും മികച്ചത് അവര്‍ക്കായി നല്‍കാന്‍ എല്ലായ്പ്പോഴും ശ്രമിക്കുന്ന അങ്ങേയറ്റം ആത്മാര്‍പ്പണത്തോടെ പാഷനോടെ ജോലി ചെയ്യുന്നവരാണവര്‍. ഞങ്ങളുടെ യാത്രയിലെ കയറ്റിറക്കങ്ങളില്‍ മുന്നോട്ട് പോകാന്‍ കരുത്തേകുന്നത് ഇതാണ്.
ടീമിനെ പ്രചോദിപ്പിക്കുന്നത്
പൊതുവില്‍, ജീവനക്കാരെ പ്രചോദിപ്പിക്കുന്ന ഘടകങ്ങള്‍ ഇതൊക്കെയാണ്.
1. അവരുടെ ജോലിയുടെ ഗുണമേന്മയും അതിന്റെ വരുംവരായ്കകളും. 2. പഠിക്കാനും കരിയറില്‍ മുന്നേറാനുമുള്ള അവസരങ്ങള്‍. 3. വര്‍ക്ക് കള്‍ച്ചറും ജോലിസ്ഥലത്തെ സാഹചര്യങ്ങളും. 4. അംഗീകാരവും വേതനവും.
SaaS സോഫ്റ്റ്‌വെയർ കമ്പനിയെന്ന നിലയില്‍ ഐ.ബി.എസിലെ ജീവനക്കാരുടെ വൈവദഗ്ധ്യം സമാനതകളില്ലാത്തതാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ചവര്‍. മാത്രമല്ല ഇവിടുത്തെ തൊഴില്‍ സംസ്‌കാരവും പ്രോത്സാഹനം പകരുന്നതാണ്. വളരാന്‍ വലിയ അവസരങ്ങള്‍ കമ്പനിയില്‍ തന്നെയുണ്ട്.
കമ്പനിക്കുള്ളില്‍ നിന്ന് തന്നെ വളര്‍ന്ന് ആഗോള സാരഥികളായി മാറിയവരെ അവര്‍ക്ക് റോള്‍ മോഡലായി നേരില്‍ കാണാനുള്ള അവസരം ഇവിടെയുണ്ട്. അടുത്തിടെ ഗ്രേറ്റ് പ്ലെയ്സ് ടു വര്‍ക്ക് നടത്തിയ എംപ്ലോയി സാറ്റിസ്ഫാക്ഷന്‍ സര്‍വെയില്‍ ജോലി ചെയ്യാന്‍ മികച്ച കമ്പനിയായി ഐ.ബി.എസിനെ തിരഞ്ഞെടുത്തിരുന്നു.
2015ല്‍ ഐ.ബി.എസ് സോഫ്റ്റ് വെയറിന്റെ 30 ശതമാനം ഓഹരികള്‍ 17 കോടി ഡോളറിന് പ്രമുഖ നിക്ഷേപക സ്ഥാപനമായ ബ്ലാക്ക് സ്റ്റോണ്‍ സ്വന്തമാക്കിയിരുന്നു. അടുത്തിടെ ലണ്ടനിലെ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ എപാക്സ് ഫണ്ട്സ് ബ്ലാക്ക് സ്റ്റോണിന്റെ കൈവശമുണ്ടായിരുന്ന ഐ.ബി.എസ് ഓഹരികളും സ്വന്തമാക്കി. 45 കോടി ഡോളര്‍ (3,700 കോടി രൂപ) യുടേതായിരുന്നു ഈ ഇടപാട്. മുഖ്യ ഓഹരി പങ്കാളിയായി വി.കെ മാത്യൂസ് തുടരുന്നു.


(This story was published in the 15&30 June 2023 issue of Dhanam Magazine)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it