

ലോകത്തിലെ പ്രമുഖ കാര്‍ഗോ എയര്‍ലൈനായ ഡെല്‍റ്റ കാര്‍ഗോ തങ്ങളുടെ പ്രവര്‍ത്തനം ഡിജിറ്റല്‍വല്‍കരിക്കാനും ലാഭസാധ്യത വര്‍ധിപ്പിക്കാനും ഉപഭോക്താക്കള്‍ക്കും ബിസിനസ് പങ്കാളികള്‍ക്കുമുള്ള സേവനം മെച്ചപ്പെടുത്താനുമായി ഐബിഎസ് സോഫ്റ്റ് വെയറിന്റെ ഐ കാര്‍ഗോ പ്ലാറ്റ് ഫോം തെരഞ്ഞെടുത്തു. ആദ്യന്തമുള്ള പ്രവര്‍ത്തന സംവിധാനം നിരീക്ഷിക്കുക, ബിസിനസ് സംബന്ധമായ തീരുമാനങ്ങളെടുക്കുന്നതിന് തത്സമയസഹായം നല്‍കുക എന്നിവയ്ക്കായി ഐ കാര്‍ഗോയുടെ സേവനം ഡെല്‍റ്റ കാര്‍ഗോ പ്രയോജനപ്പെടുത്തും.
ലോകത്തിലെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ കാര്‍ഗോ കമ്പനിയാണ് ഡെല്‍റ്റ കാര്‍ഗോ. ഐകാര്‍ഗോയുടെ ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ് ഫോം ഡെല്‍റ്റ കാര്‍ഗോയുടെ വിപണന പ്രക്രിയയില്‍ വിപുലമായ ഏകീകരണം സാധ്യമാക്കും. ഒപ്പം തന്നെ ഡെല്‍റ്റ കാര്‍ഗോയുടെ സാങ്കേതിക സംവിധാനത്തില്‍ നൂതനശേഷി ഉറപ്പാക്കുകയും ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫെയ്സ് എന്ന സംവിധാനത്തിലൂടെ ഉപഭോക്താക്കളുമായും ബിസിനസ് പങ്കാളികളുമായും സേവനദാതാക്കളുമായും കാര്യക്ഷമമായ ആശയവിനിമയം സാധ്യമാക്കുകയും ചെയ്യും.
വ്യോമയാന വ്യവസായ മേഖലയിലെ പ്രമുഖ സോഫ്റ്റ് വെയര്‍ സേവന സ്ഥാപനമായ ഐബിഎസിന്റെ പങ്കാളിത്തത്തോടെ ഡെല്‍റ്റ കാര്‍ഗോ ലക്ഷ്യമിടുന്നത്, 2021 ല്‍ കൈവരിച്ച റെക്കോഡ് വരുമാനത്തെത്തുടര്‍ന്ന് നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യത്യസ്തവും നൂതനവുമായ അനുഭവം നല്‍കുക എന്നതാണ്. വിപണി, കാര്‍ഗോ ടെര്‍മിനല്‍ പ്രവര്‍ത്തനങ്ങള്‍, എയര്‍മെയില്‍ മാനേജ്മെന്റ്, കസ്റ്റംസ് സുരക്ഷ, ഗുണനിലവാര മാനേജ്മെന്റ്, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ എന്നിവയായിരിക്കും ഐകാര്‍ഗോയിലൂടെ ഐബിഎസ് മെച്ചപ്പെടുത്തുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine