ബിസിനസ് തുടങ്ങാന്‍ ശമ്പളത്തോടെ അവധിയെടുക്കാം, ജീവനക്കാരുടെ സംരംഭക സ്വപ്നങ്ങൾക്ക് പിന്തുണയേകി പി.സി. മുസ്തഫയുടെ ഐ.ഡി ഫ്രഷ്

ഐ.ഡിയുടെ മുഴുവൻ ബിസിനസ് ശൃംഖലയും പാർട്ട്ണർ നെറ്റ്‌വർക്കുകളും പുതിയ സംരംഭകർക്കായി തുറന്നു നൽകും
ബിസിനസ് തുടങ്ങാന്‍ ശമ്പളത്തോടെ അവധിയെടുക്കാം, ജീവനക്കാരുടെ സംരംഭക സ്വപ്നങ്ങൾക്ക് പിന്തുണയേകി പി.സി. മുസ്തഫയുടെ ഐ.ഡി ഫ്രഷ്
Published on: 

സ്വന്തമായി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്ന കമ്പനിയിലെ ജീവനക്കാരെ പിന്തുണയ്ക്കുന്നതിനായി 'സംരംഭകത്വ നയ'വുമായി (Entrepreneurship Policy) ഐ.ഡി ഫ്രഷ് ഫുഡ്സ് (iD Fresh Food) ഗ്ലോബൽ സിഇഒ പി.സി മുസ്തഫ. വയനാട്ടിലെ കൂലിവേലക്കാരന്റെ മകനിൽ നിന്ന് കഠിനാധ്വാനത്തിലൂടെ വൻ ബിസിനസ് വിജയം കൈവരിച്ച വ്യക്തിയാണ് പി.സി മുസ്തഫ.

ബംഗളൂരുവിലെ ചെറിയൊരു അടുക്കളയിൽ 50,000 രൂപ നിക്ഷേപത്തിലാണ് 2005 ല്‍ ഐ.ഡി ഫ്രഷ് ഫുഡ്സ് പ്രവർത്തനമാരംഭിച്ചത്. ആദ്യഘട്ടങ്ങളിൽ നിരവധി വെല്ലുവിളികളും ഭയവും നേരിട്ടെങ്കിലും, തങ്ങളിൽ വിശ്വസിച്ച മനുഷ്യരുടെ പിന്തുണയാണ് വളർച്ചയ്ക്ക് കരുത്തായതെന്ന് ഐ.ഐ.എം ബാംഗ്ലൂർ പൂർവ വിദ്യാർത്ഥി കൂടിയായ പി.സി. മുസ്തഫ ഓർക്കുന്നു. ആ വിശ്വാസവും പിന്തുണയും സ്വന്തം ജീവനക്കാർക്കും പകർന്നുനൽകുകയാണ് കമ്പനി.

പദ്ധതിയുടെ പ്രധാന നേട്ടങ്ങൾ:

ഇക്കോസിസ്റ്റം പിന്തുണ: ഐ.ഡിയുടെ മുഴുവൻ ബിസിനസ് ശൃംഖലയും പാർട്ട്ണർ നെറ്റ്‌വർക്കുകളും പുതിയ സംരംഭകർക്കായി തുറന്നു നൽകുന്നു.

നേതൃത്വനിരയുടെ മെന്റർഷിപ്പ്: ഐ.ഡിയുടെ നേതൃത്വ നിരയിൽ നിന്ന് നേരിട്ടുള്ള ബിസിനസ് മാർഗനിർദ്ദേശങ്ങൾ നൽകുന്നു.

ഭാഗിക ശമ്പളത്തോടെയുള്ള ലീവ് (Partially Paid Sabbatical): സംരംഭത്തിന്റെ തുടക്കത്തിലെ അനിശ്ചിതത്വമുള്ള ദിവസങ്ങളിൽ സഹായകരമാകാൻ ഭാഗികമായി ശമ്പളത്തോടുകൂടിയ അവധി അനുവദിക്കുന്നു.

തിരിച്ചുവരാനുള്ള വാതിൽ (Safety Net): തുടങ്ങുന്ന സംരംഭം വിജയകരമായില്ലെങ്കിൽ തിരികെ ഐ.ഡിയിലെ പഴയ ജോലിയിലേക്ക് മടങ്ങിവരാനുള്ള പൂർണ സ്വാതന്ത്ര്യം നൽകുന്നു.

സ്വപ്നങ്ങൾ പിന്തുടരുന്നതും സാമ്പത്തിക സുരക്ഷിതത്വവും തമ്മിൽ ജീവനക്കാർക്ക് ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കേണ്ട അവസ്ഥ വരരുത് എന്നതാണ് ഈ നയത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. മിടുക്കരായ ജീവനക്കാർ സ്ഥാപനം വിട്ടുപോകുമ്പോൾ വിഷമമുണ്ടെങ്കിലും, അവർ ഭാവിയിൽ വലിയ നേട്ടങ്ങൾ കൈവരിക്കുന്നത് കാണുന്നത് വലിയ അഭിമാനമാണെന്ന് മുസ്തഫ പറയുന്നു.

ഐ.ഡി ഫ്രഷ് ഫുഡ്സ്

100 ശതമാനം പ്രകൃതിദത്തവും പ്രിസർവേറ്റീവുകളോ കെമിക്കലുകളോ ഇല്ലാത്തതുമായ 'റെഡി-ടു-കുക്ക്' (Ready-to-cook) ഭക്ഷ്യോത്പന്നങ്ങൾ വിപണിയിൽ എത്തിച്ചാണ് കമ്പനി ശ്രദ്ധേയമായത്. 2025-26 സാമ്പത്തിക വർഷത്തില്‍ കമ്പനിയുടെ വരുമാനം ഏകദേശം 870 കോടി രൂപയായി വര്‍ധിച്ചു. അസിം പ്രേംജിയുടെ 'പ്രേംജി ഇൻവെസ്റ്റ്' (Premji Invest), ഹെലിയോൺ വെഞ്ച്വേഴ്സ്, അപാക്സ് പാർട്ണേഴ്സ് തുടങ്ങിയ പ്രമുഖ ഗ്രൂപ്പുകൾക്ക് കമ്പനിയിൽ നിക്ഷേപമുണ്ട്. 2027 അവസാനത്തോടെ ഐപിഒക്ക് തയാറാകാനുള്ള ലക്ഷ്യവും കമ്പനി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങൾക്ക് പുറമെ യു.എ.ഇ, ഒമാൻ, സൗദി അറേബ്യ, ഖത്തർ, യു.എസ്, യു.കെ തുടങ്ങിയ രാജ്യങ്ങളിലേക്കും കമ്പനി പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```