8,000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ഐജിഎല്‍, പദ്ധതികളിങ്ങനെ

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 8,000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ പദ്ധതികളുമായി ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (ഐജിഎല്‍). സിറ്റി ഗ്യാസ് ശൃംഖല വിപുലീകരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിലൂടെ വില്‍പ്പനയില്‍ 40 ശതമാനത്തിലധികം വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ.

ഐജിഎല്‍ നിലവില്‍ ഡല്‍ഹിയിലും സമീപ നഗരങ്ങളിലുമാണ് പ്രവര്‍ത്തിക്കുന്നത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളിലെ ഏതാനും ജില്ലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. 8,000 കോടി രൂപയില്‍, 6,000 കോടി രൂപ ഏഴ് പുതിയ ലൈസന്‍സ് ഏരിയകളില്‍ സിറ്റി ഗ്യാസ് ഇന്‍ഫ്രാ സ്ഥാപിക്കുന്നതിനും ബാക്കിയുള്ളത് നിലവിലുള്ള നാല് മേഖലകളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമായി വിനിയോഗിക്കുമെന്ന് ഐജിഎല്‍ മാനേജിംഗ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ പറഞ്ഞു.
ശരാശരി വില്‍പ്പന അളവ് നിലവിലെ 6.9 ദശലക്ഷം മെട്രിക് സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്ററില്‍ നിന്ന് അഞ്ച് വര്‍ഷത്തിനുള്ളില്‍ 10 ദശലക്ഷമായി ഉയര്‍ത്തും. ഗതാഗതത്തിനായി ഇവി ചാര്‍ജിംഗ്, ബാറ്ററി സ്വാപ്പിംഗ്, എല്‍എന്‍ജി എന്നിവയിലേക്ക് കടക്കാനും ഐജിഎല്‍ പദ്ധതിയിടുന്നു. ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്കായി 50 ബാറ്ററി സ്വാപ്പിംഗ് സൗകര്യങ്ങള്‍ ഒരുക്കാനാണ് ഐജിഎല്ലിന്റെ പദ്ധതിയിടുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ സിഎന്‍ജി സ്റ്റേഷനുകളുടെ എണ്ണം 711ല്‍ നിന്ന് 1,100 ആയി ഉയര്‍ത്താനും പിഎന്‍ജി കണക്ഷനുകള്‍ 20 ലക്ഷത്തില്‍ നിന്ന് 27 ലക്ഷം വീടുകളിലേക്ക് എത്തിക്കുകയും ചെയ്യും. ഡല്‍ഹിയിലെ 12 മെഗാ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 150 സിഎന്‍ജി സ്റ്റേഷനുകള്‍ ഈ വര്‍ഷം സ്ഥാപിക്കാനും പദ്ധതിയുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it