ഇടുക്കിക്ക് തിലകക്കുറിയായി ടാറ്റയുടെ പുത്തൻ ഹോട്ടൽ
മൂന്നാറില്‍ അത്യാഢംബര ഹോട്ടലുമായി ടാറ്റാ ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗമായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി (ഐ.എച്ച്.സി.എല്‍). ഐ.എച്ച്.സി.എല്ലിന്റെ കീഴിലുള്ള ബ്രാന്‍ഡായ 'സിലക്ഷന്‍സ്' (seleQtions) ശ്രേണിയില്‍ വരുന്ന 'സീനിക് മൂന്നാര്‍' എന്ന പേരിലുള്ള ഹോട്ടലാണ് ഇടുക്കിയിലെ ആനച്ചാലുള്ള ഈട്ടിസിറ്റിയില്‍ ആരംഭിച്ചത്.
പ്രൈവറ്റ് പൂളോടുകൂടിയ വില്ലകളടക്കം 55 മുറികളുള്ള ഹോട്ടലാണിത്. നീലക്കുറിഞ്ഞി തീമിലുള്ള ഇന്റീരിയറാണ് ഹോട്ടലിനെ മനോഹരമാക്കുന്നത്. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന 'ദ് ഹബ് കിച്ചന്‍' റസ്റ്ററന്റും 'ട്രീ സ്‌കൈ' ബാറും സ്പായും സ്വിമ്മിംഗ് പൂളും ജിംനേഷ്യവും ഉണ്ട്. കുന്നുകള്‍ക്കും താഴ്വരകള്‍ക്കും തേയിലത്തോട്ടങ്ങള്‍ക്കും നടുവിലുള്ള സീനിക് മൂന്നാറില്‍ ബാങ്ക്വറ്റ് ഹാള്‍ സൗകര്യവും ലഭ്യമാണ്.
വിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം ഹോട്ടല്‍ മേഖലയുടെ ടൂറിസം സാധ്യതകള്‍ കൂടി വര്‍ധിപ്പിക്കുകയെന്നതാണ് സീനിക് മൂന്നാറിന്റെ ലക്ഷ്യമെന്ന് ഐ.എച്ച്.സി.എല്‍ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പുനീത് ചത്വാള്‍ പറഞ്ഞു.
ഇതോടെ താജ്, സിലക്ഷന്‍സ്, വിവാന്റ, ജിഞ്ചര്‍ എന്നീ ബ്രാന്‍ഡുകളിലായി ഐ.എച്ച്.സി.എല്ലിന് കേരളത്തില്‍ മൊത്തം 20 ഹോട്ടലുകളായി. ഇതില്‍ 6 എണ്ണത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.