

ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി ശൃംഖലയായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി (IHCL) കാസർഗോഡ് ജില്ലയിലെ ബേക്കലില്‍ പുതിയ 'ജിഞ്ചര്‍' ഹോട്ടല്‍ ആരംഭിക്കുന്നു. ജിഞ്ചര്‍ ബ്രാന്‍ഡിലുള്ള കേരളത്തിലെ ആറാമത്തെ ഹോട്ടലാണിത്. 2027ല്‍ ഈ ഗ്രീന്‍ഫീല്‍ഡ് പദ്ധതി പ്രവര്‍ത്തനമാരംഭിക്കും. ഹോട്ടല്‍ പേള്‍ ഡ്യൂണ്‍സ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള സഹകരണത്തിലൂടെയാണ് പുതിയ ഹോട്ടല്‍ വരുന്നത്.
ജിഞ്ചര്‍ ബേക്കല്‍ കൂടി പ്രവര്‍ത്തനമാരംഭിക്കുന്നതോടു കൂടി ഐ.എച്ച്.സി.എല്ലിന്റെ മൂന്ന് ബ്രാന്‍ഡുകള്‍ക്ക് ബേക്കലില്‍ സാന്നിദ്ധ്യമുണ്ടാകുമെന്ന് ഐ.എച്ച്.സി.എല്‍ റിയല്‍ എസ്റ്റേറ്റ് ആൻഡ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുമ വെങ്കിടേഷ് പറഞ്ഞു. മനോഹരമായ പ്രകൃതിദൃശ്യങ്ങളുള്ള ബേക്കല്‍ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. വളരുന്ന ഈ വിനോദസഞ്ചാര വിപണിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണ് ശ്രമിക്കുന്നതെന്നും സുമ വെങ്കിടേഷ് പറഞ്ഞു.
മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കും അടുത്തായി സ്റ്റേറ്റ് ഹൈവേയിലാണ് 150 മുറികളുള്ള പുതിയ ജിഞ്ചര്‍ ഹോട്ടല്‍. വൈവിദ്ധ്യമാര്‍ന്ന ആഗോള, പ്രദേശിക വിഭവങ്ങള്‍ ലഭ്യമാക്കുന്ന ക്യുമിന്‍ ഓള്‍-ഡേ ഡൈനര്‍, അധിക മീറ്റിംഗ് റൂമുകളുള്ള ബാങ്ക്വറ്റ് ഹാള്‍, നീന്തല്‍ക്കുളം, ഫിറ്റ്‌നസ് സെന്റര്‍, കുട്ടികളുടെ കളിസ്ഥലം എന്നീ സൗകര്യങ്ങള്‍ ഹോട്ടലിലുണ്ടാകും.
പുതിയ ഹോട്ടല്‍ കൂടി വരുന്നതോടെ ഐ.എച്ച്.സി.എല്ലിന് കേരളത്തില്‍ താജ്, സെലക്ഷന്‍സ്, വിവാന്ത, ജിഞ്ചര്‍ എന്നീ ബ്രാന്‍ഡുകളിലായി 19 ഹോട്ടലുകളുണ്ടാകും. പണി പൂര്‍ത്തിയായി വരുന്ന ആറെണ്ണം ഉള്‍പ്പെടെയാണിത്.
Read DhanamOnline in English
Subscribe to Dhanam Magazine