ആനന്ദ് അംബാനിയെ റിലയന്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ വേണ്ടെന്ന്; എതിര്‍വോട്ട് ചെയ്യാന്‍ നിര്‍ദേശം

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (RIL) ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയ മകനായ ആനന്ദ് അംബാനിയെ തിരഞ്ഞെടുക്കുന്നതിനെതിരെ പ്രോക്‌സി അഡ്വൈസറി സ്ഥാപനമായ ഐ.ഐ.എ.എസ് (IiAS). നിക്ഷേപക സ്ഥാപനങ്ങളോട് ആനന്ദ് അംബാനിക്കെതിരെ വോട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബോര്‍ഡിലേക്ക് കടക്കാനുള്ള പ്രായം ആനന്ദിനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഐ.ഐ.എ.എസിന്റെ ശുപാര്‍ശ. അതേസമയം ആനന്ദിന്റെ മുതിര്‍ന്ന സഹോദരങ്ങളായ ആകാശ് അംബാനിയുടെയും ഇഷ അംബാനിയുടെയും നിയമനത്തിന് ഐ.ഐ.എ.എസ് പച്ചക്കൊടി കാണിച്ചിട്ടുണ്ട്. ഇരുവര്‍ക്കും 31 വയസുണ്ട്.

Also Read : ഇസ്രായേല്‍ യുദ്ധത്തിനിടെ കത്തിക്കയറി സ്വര്‍ണം; കേരളത്തില്‍ പവന് ഒറ്റയടിക്ക് ഇത്രയും വിലവര്‍ധന ഏറെക്കാലത്തിന് ശേഷം ആദ്യം

പ്രായം പോര
28കാരനായ ആനന്ദിനെ നോണ്‍ എക്‌സിക്യൂട്ടീവ്, നോണ്‍ ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടറാക്കുന്നത് വോട്ടിംഗ് മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് എതിരാണെന്നാണ് റെക്കമെന്റേഷന്‍ നോട്ടില്‍ ഐ.ഐ.എ.എസ് പറയുന്നത്. ആനന്ദിന് യോഗ്യതയില്ലെങ്കില്‍ മാറ്റാരുടേയെങ്കിലും പേര് ഡയറക്ടര്‍ സ്ഥാനത്തേക്ക് നിര്‍ദേശിക്കുമെന്നും സ്ഥാപനം അറിയിച്ചിട്ടുണ്ട്.
10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അല്ലെങ്കില്‍ 30ന് മുകളില്‍ പ്രായം എന്നതാണ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് നിയമിക്കുന്നതിനുള്ള നിബന്ധന. കമ്പനിയുടെ സ്ഥാപകന്‍ അല്ലെങ്കില്‍ പ്രമോട്ടര്‍ ഫസ്റ്റ് ജനറേഷനില്‍ ഉള്‍പ്പെടുന്നതാണെങ്കില്‍ പ്രായത്തില്‍ ഇളവ് അനുവദിക്കാറുണ്ട്.
ഓഹരിയുടമകളുടെ മീറ്റിംഗില്‍ എങ്ങനെ വോട്ട് ചെയ്യണമെന്ന് നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് ശുപാര്‍ശകള്‍ നല്‍കുന്ന റിസര്‍ച്ച് ആന്‍ഡ് കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളാണ് പ്രോക്‌സി അഡൈ്വസറി.
എല്ലാ പ്രോക്‌സി അഡൈ്വസറി സ്ഥാപനങ്ങളും ആനന്ദിന്റെ നിയമനത്തിന് എതിരല്ല. ഇന്‍ഗവേണ്‍ എന്ന സ്ഥാപനം മൂന്ന് നിയമനങ്ങള്‍ക്കും വോട്ടിംഗ് നല്‍കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
അധികാരം പുതു തലമുറയിലേക്ക്
കഴിഞ്ഞ മാസമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍മാരായി മുകേഷ് അംബാനിയുടെ മൂന്ന് മക്കളെയും ഡയറക്ടര്‍ ബോര്‍ഡിലേക്ക് നിയമിക്കുന്നതിന്‌ അനുമതി തേടികൊണ്ട് ഓഹരിയുടമകള്‍ക്ക് റിമോട്ട് ഇ-വോട്ടിംഗിനുള്ള പോസ്റ്റല്‍ ബാലറ്റ് അയച്ചത്. ഒക്ടോബര്‍ 26ന് വോട്ടിംഗ് പ്രക്രിയ അവസാനിക്കും.
ഇഷ, ആകാശ്, ആനന്ദ് എന്നിവരായിരിക്കും അടുത്ത അഞ്ച് വര്‍ഷം കമ്പനിയുടെ ഉയര്‍ന്ന പദവികള്‍ വഹിക്കുകയെന്ന് ഓഗസ്റ്റില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it