വിവാഹ മോചന നടപടികള്‍ കഴിയും വരെ റെയ്മണ്ടില്‍ ഗൗതം സിംഗാനിയ വേണ്ട, എതിര്‍ വോട്ട് ചെയ്യാന്‍ നിര്‍ദേശം

ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് മാറ്റി നിറുത്തണമെന്നും ആവശ്യം

റെയ്മണ്ട് ഗ്രൂപ്പ് മേധാവി ഗൗതം സിംഘാനിയയെ വീണ്ടും കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി തിരിഞ്ഞെടുക്കുന്നതിനെതിരെ പ്രോക്‌സി അഡൈ്വസറി സ്ഥാപനമായ ഇൻസ്റ്റിറ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റർ അഡൈ്വസറി സര്‍വീസസ് (IiAS). ജൂണ്‍ 27ന് നടക്കുന്ന കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ സിംഘാനിയയ്ക്ക് എതിരെ വോട്ട് ചെയ്യണമെന്ന് ഓഹരിയുടമകളോട് ആവശ്യപ്പെട്ടു.

വിവാഹമോചന നടപടികള്‍ പൂര്‍ത്തിയാകുന്നതു വരെ സിഘാനിയയെയും ഭാര്യ നവാസ് മോദിയെയും മാറ്റി നിറുത്തുണമെന്ന് ഡയറക്ടര്‍ ബോര്‍ഡിനോട് നിര്‍ദേശിച്ചിട്ടുമുണ്ട്. 1990 ഏപ്രില്‍ ഒന്നു മുതല്‍ റെയ്മണ്ടിന്റെ ബോര്‍ഡില്‍ സിംഘാനിയയുണ്ട്.
2024 ജൂലൈ ഒന്നു മുതല്‍ 2029 ജൂണ്‍ വരെയുള്ള അഞ്ച് വര്‍ഷത്തേക്ക് സിംഘാനിയയെ പുനര്‍നിയമിക്കുന്നതിനും അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള സി.എം.ഡിയുടെ ശമ്പളം അംഗീകരിക്കുന്നതിനും റെയ്മണ്ട് ഓഹരിയുടമകളുടെ അനുവാദം തേടിയിരുന്നു. ഇതിനെതിരെയാണ് ഐ.ഐ.എ.എസ് രംഗത്ത് എത്തിയിരിക്കുന്നത്. ഓഹരിയുടമകളുടെ മീറ്റിംഗില്‍ എങ്ങനെ വോട്ട്‌ ചെയ്യണമെന്ന് നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് ശിപാര്‍ശകള്‍ നല്‍കുന്ന റിസര്‍ച്ച് ആന്‍ഡ് കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളാണ് പ്രോക്‌സി അഡ്വസറി കള്‍.
പ്രതിഫലവും കൂടുതൽ
ഗാര്‍ഹിക പീഡനം ആരോപിച്ചാണ് ഭാര്യ നവാസ് മോദിയുമായി വിവാഹമോചനകേസ് നടക്കുന്നത്. കമ്പനിയുടെ പണം സിംഘാനിയ വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതായി കഴിഞ്ഞ ഡിസംബറില്‍ നവാസ് ആരോപിച്ചിരുന്നു. എന്നാല്‍ ഇതേകുറിച്ച് കമ്പനിയുടെ ബോര്‍ഡ് പ്രതികരിച്ചിരുന്നില്ല. കമ്പനിയുടെ പ്രമോട്ടര്‍മാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ നിന്ന് കമ്പനിയെ സംരക്ഷിക്കേണ്ടത് ഓഹരി ഉടമകളാണെന്നാണ് ഐ.ഐ.എ.എസിന്റെ അഭിപ്രായം.
സിംഗാനിയയുടെ പ്രതിഫലവും സമാന പദവികളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ഉയര്‍ന്നതാണെന്ന് ഐ.ഐ.എ.എസ് പറയുന്നു. 2024 സാമ്പത്തിക വര്‍ഷത്തിലെ ലാഭത്തില്‍ നിന്നുള്ള പ്രതിഫലം മാത്രം 35 കോടി രൂപ വരും. ഇതിലൊരു നിയന്ത്രണം വേണമെന്നും കൂടുതല്‍ പണമെടുക്കാന്‍ അനുവദിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നുമാണ് ഇവര്‍ പറയുന്നത്.
കേസ് നാള്‍ വഴികള്‍
കഴിഞ്ഞ നവംബര്‍ 13നാണ് ഭാര്യ നവാസ് മോദിയുമായി വേര്‍പിരിയുകയാണെന്ന് ഗൗതം സിംഘാനിയ എക്‌സിലൂടെ (ട്വിറ്റര്‍) പ്രഖ്യാപിച്ചത്. പിന്നാലെ സിംഘാനിയയ്‌ക്കെതിരെ ഒട്ടേറെ ആരോപണങ്ങളുമായി നവാസുമെത്തുമെത്തി. തന്നെയും മക്കളെയും ക്രൂരമായി മര്‍ദ്ദിച്ചിരുന്നെന്ന് ആരോപിച്ച അവര്‍ കമ്പനിയുടെ 11,660 കോടി രൂപ വരുന്ന സ്വത്തുക്കളില്‍ 75 ശതമാനം തനിക്കും പെണ്‍മക്കള്‍ക്കുമായി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കമ്പനിയുടെ കുടുംബപ്രശ്‌നങ്ങള്‍ പുറത്തു വന്നത് റെയ്മണ്ട് ഓഹരികളില്‍ വന്‍ ഇടിവുണ്ടാക്കിയിരുന്നു. രണ്ടാഴ്ച കൊണ്ട് ഓഹരി വില 19,00 രൂപയില്‍ നിന്ന് 1,650 രൂപയിലേക്ക് കൂപ്പ് കുത്തി. നിക്ഷേപകര്‍ക്ക് ഇതുണ്ടായിക്കയത് 1,700 കോടി രൂപയുടെ നഷ്ടമായിരുന്നു. എന്നാല്‍ കുടുംബജീവിതത്തിലെ പ്രശ്‌നങ്ങള്‍ കമ്പനിയെ ബാധിക്കാതെ സംരക്ഷിക്കുമെന്നും നിക്ഷേപകര്‍ക്ക് നഷ്ടമുണ്ടാകില്ലെന്നും ഉറപ്പ് നല്‍കിയുള്ള ഇ-മെയില്‍ സന്ദേശം ദൗതം സിഘാനിയ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും അയക്കുകയും ചെയ്തിരുന്നു.
ഓഹരികൾ ഇന്ന് ഇടിവിൽ
വലിയ വീഴ്ചയില്‍ നിന്ന് കരകയറാന്‍ റെയ്മണ്ടിന് പിന്നീട് സാധിച്ചു. ഈ വര്‍ഷം ഇതു വരെ റെയ്മണ്ട് ഓഹരി 39.53 ശതമാനമാണ് മുന്നേറിയത്. ഇന്ന് ഓഹരി വില നേരിയ ഇടിവിലാണ്. 0.48 ശതമാനം ഇടിഞ്ഞ് 2,427.15 രൂപയിലാണ് ഓഹരി വ്യാപാരം നടത്തുന്നത്.
2024 മാര്‍ച്ചിലവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ റെയ്മണ്ടിന്റെ സംയോജിത ലാഭം 1,638 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ 529 കോടി രൂപയില്‍ നിന്നാണ് ലാഭം ഉയര്‍ന്നത്. ഇക്കാലയളവില്‍ വരുമാനം 8,337 കോടി രൂപയില്‍ നിന്ന് 9,286 കോടിയുമായി. ബ്രാന്‍ഡഡ് വസ്ത്ര ബിസിനസില്‍ 350-400 പുതിയ ഷോറൂമുകളാണ് അടുത്ത രണ്ട്-മൂന്ന് വര്‍ഷത്തില്‍ റെയ്മണ്ട് പദ്ധതിയിടുന്നത്.

ഉപകമ്പനിയായ റെയ്മണ്ട് റിയല്‍റ്റി കഴിഞ്ഞയാഴ്ച മുംബൈയില്‍ 2,000 കോടി രൂപയുടെ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിപദ്ധതിയുടെ punar വികസത്തിനുള്ള കരാര്‍ നേടിയിരുന്നു. ഇത് ഓഹരികളിൽ രണ്ടു ശതമാനം വർധനയുണ്ടാക്കിയിരുന്നു.

മഹാരാഷ്ട്രയിലെ താനെയില്‍ 100 ഏക്കറോളം വരുന്ന സ്ഥലത്ത് 114 ലക്ഷം ചതുരശ്ര അടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റെയ്മണ്ട് റിയല്‍റ്റിക്ക് റെറയില്‍ നിന്ന് അനുമതി കിട്ടിയിട്ടുണ്ട്. ഇതില്‍ 40 ഏക്കറിലാണ് നിലവില്‍ നിര്‍മാണം നടക്കുന്നത്. 9,000 കോടി രൂപ മൂല്യം വരുന്ന അഞ്ച് പദ്ധതികളാണ് ഇവിടെ നടപ്പാക്കി വരുന്നത്. കൂടാതെ 16,000 കോടി രൂപ കൂടി നേടാനാകുന്ന പദ്ധതികള്‍ ഇവിടെ വികസിപ്പിക്കാനാകും. ഇതോടെ മൊത്തം 25,000 കോടി രൂപയുടെ വരുമാനമാണ് ഈ പദ്ധതിയില്‍ നിന്ന് കമ്പനി ലക്ഷ്യം വയ്ക്കുന്നത്.

Related Articles
Next Story
Videos
Share it