മൊബൈല്‍ തട്ടിപ്പുകള്‍ക്ക് പൂട്ടിടാന്‍ കേന്ദ്രം, ഐഎംഇഐ രജിസ്റ്റര്‍ ചെയ്യണം
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ നിയന്ത്രിക്കാന്‍ ഐഎംഇഐ (ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്വിപ്‌മെന്റ് ഐഡന്റിറ്റി-IMEI ) നമ്പര്‍ രജിസ്‌ട്രേഷനുമായി കേന്ദ്രം. ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ഐടി മന്ത്രാലയം പുറത്തിറക്കി. സര്‍ക്കാര്‍ പോര്‍ട്ടലില്‍ മൊബൈല്‍ നിര്‍മാതാക്കളാണ് ഐഎംഇഐ നമ്പര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.
ഇറക്കുമതി ചെയ്ത ഫോണുകള്‍ക്ക് ഇന്നലെ മുതല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. 2023 ജനുവരി മുതലാണ് ഇന്ത്യയില്‍ നിര്‍മിക്കുന്ന ഫോണുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത്. കൗണ്ടര്‍ഫീറ്റഡ് ഡിവൈസ് റെസ്ട്രിക്ഷന്‍ പോര്‍ട്ടലില്‍ ആണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. വ്യാജ ഇലക്ട്രോണിക് ഉപകരണങ്ങള്‍ തടയാനുള്ള പോര്‍ട്ടലാണിത്.
ഓരോ ഫോണിനും നല്‍കുന്ന സവിശേഷമായ ഐഎംഇഐ നമ്പര്‍ ഉപയോഗിച്ചാണ് സുരക്ഷാ ഏജന്‍സികള് ഫോണ്‍ ട്രാക്ക് ചെയ്യുന്നത്. ഡ്യുവല്‍ സിം ഫോണ്‍ ആണെങ്കില്‍ രണ്ട് വ്യത്യസ്ത ഐഎംഇഐ നമ്പര്‍ ഉണ്ടാവും. ഐഎംഇഐ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ ഏജന്‍സികള്‍ക്ക് എളുപ്പത്തില്‍ ഡിവൈസുകള്‍ ട്രാക്ക് ചെയ്യാനാവും. നിലവില്‍ ഒരേ ഐഎംഈഐ നമ്പര്‍ ഒന്നിലധികം ഫോണുകളില്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നവര്‍ രാജ്യത്തുണ്ട്. *#06# എന്ന നമ്പര്‍ ഡയില്‍ ചെയ്താല്‍ ഐഎംഇഐ നമ്പര്‍ അറിയാന്‍ സാധിക്കും.