
പ്രതിമാസ റീചാര്‍ജ് തുക അടച്ചിട്ടും ലക്ഷക്കണക്കിന് കേബിള്‍ ടിവി ഉപഭോക്താക്കള്‍ക്ക് സീ, സ്റ്റാര്‍, സോണി തുടങ്ങിയ ചാനലുകള്‍ ലഭിക്കുന്നില്ലെന്ന് പരാതി. ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിരക്കുകള്‍ (New tariff order 3.0) പ്രകാരം ചാനല്‍ നിരക്കുകള്‍ ഉയര്‍ത്താന്‍ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ വിസമ്മതിച്ചിരുന്നു. ഇതോടെയാണ് ഈ ചാനലുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കാതായത്.
ഐപിഎല്‍ മുടങ്ങുമോ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) അടുത്ത മാസം ആരംഭിക്കാനിരിക്കേയാണ് നിലവില്‍ ഈ പ്രശ്‌നം രൂക്ഷമായി നില്‍ക്കുന്നത്. വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം, ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) എന്നിവരെ ടാഗ് ചെയ്തുകൊണ്ട് പലരും ട്വിറ്ററില്‍ പ്രശ്‌നത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നു.
ഉപഭോക്താക്കളെ നഷ്ടപ്പെടും
പുതുക്കിയതോടെ ഡിടിഎച്ച്, കേബിള്‍ ടിവി നിരക്കുകള്‍ 30 ശതമാനമാണ് വര്‍ധിച്ചത്. നിരക്ക് വര്‍ധിപ്പിക്കുന്നത് ഉപഭോക്താക്കളെ നഷ്ടപ്പെടുത്തുമെന്നും ഉപഭോക്തൃ അടിത്തറയെ ബാധിക്കുമെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ഹാത്ത്വേ കേബിള്‍, ജിടിപിഎല്‍ ഹാത്ത്വേ, ഡെന്‍ നെറ്റ്‌വർക്ക് തുടങ്ങിയ കേബിള്‍ ടിവി വിതരണ കമ്പനികള്‍ വാദിച്ചിരുന്നു.
അംഗീകരിക്കാതെ ചിലര്‍
നിലവില്‍ ഡിഷ് ടിവിയും ടാറ്റ പ്ലേയും പോലുള്ള ഡയറക്ട്-ടു-ഹോം (ഡിടിഎച്ച്) ഓപ്പറേറ്റര്‍മാര്‍ പുതുക്കിയ നിരക്കുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഓള്‍ ഇന്ത്യ ഡിജിറ്റല്‍ കേബിള്‍ ഫെഡറേഷനില്‍ അംഗങ്ങളായ മിക്ക കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരും ഇതുവരെയും പുതുക്കിയ നിരക്കുകള്‍ അംഗീകരിച്ചിട്ടില്ല.
Read DhanamOnline in English
Subscribe to Dhanam Magazine