കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് കൂട്ടുന്നു; ഏപ്രില്‍ ഒന്നു മുതല്‍ നടപ്പിലാകും

ഏപ്രില്‍ ഒന്ന് മുതല്‍ അപേക്ഷിച്ചാല്‍ ഉടന്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്
construction
construction
Published on

ഇന്ധന സെസ്, വൈദ്യുതി നിരക്കിലെ വര്‍ധനവ്, വെള്ളക്കരത്തിലെ വര്‍ധനവ് തുടങ്ങിയവയ്ക്ക് ശേഷം സംസ്ഥാനത്ത് കെട്ടിട നിര്‍മാണ പെര്‍മിറ്റിനുള്ള ഫീസും വര്‍ധിപ്പിക്കാന്‍ തീരുമാനം. ഏപ്രില്‍ ഒന്നു മുതല്‍ വര്‍ധനവ് നിലവില്‍ വരും.

യുക്തിസഹമായ വര്‍ധനവ്

ഇന്ത്യയില്‍ ഏറ്റവും കുറവ് കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ് ഉള്ള സംസ്ഥാനമാണ് കേരളമെന്നും അതിനാല്‍ യുക്തിസഹമായ വര്‍ധനവാണ് നടപ്പിലാകുന്നതെന്നും തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനം വര്‍ധിച്ചാല്‍ മാത്രമേ കാര്യക്ഷമതയും ഗുണനിലവാരവുമുള്ള സേവനം നല്‍കാന്‍ കഴിയൂവെന്നും മന്ത്രി പറഞ്ഞു. കെട്ടിടങ്ങളില്‍ പിന്നീട് വരുത്തുന്ന കൂട്ടിച്ചേര്‍ക്കലുകള്‍, അനധികൃത നിര്‍മാണങ്ങള്‍ എന്നിവ ജി.ഐ.എസ് അധിഷ്ഠിത മാപ്പിംഗില്‍ കൂടി കണ്ടെത്തി നികുതി പിരിവ് ഊര്‍ജിതമാക്കും. ഇതിന് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നേതൃത്വം നല്‍കും.

അനധികൃതമെങ്കില്‍ നിയമ നടപടി

കെട്ടിട നികുതിയില്‍ ഓരോ വര്‍ഷവും അഞ്ചു ശതമാനം വീതമുണ്ടാകുന്ന വര്‍ധനവും ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരും. ഓരോ ഗ്രാമപഞ്ചായത്തും നഗരസഭയും അവരുടെ പരിധിയിലുള്ള കെട്ടിടങ്ങളുടെ നികുതി ഓരോ വര്‍ഷവും അഞ്ചുശതമാനം വര്‍ധനവ് എന്ന കണക്കില്‍ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള നികുതി കണക്കാക്കി വയ്ക്കണം.

എന്നാല്‍ 60 ചതുരശ്ര മീറ്റര്‍ വരെ സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന വീടിന് നികുതി വര്‍ധന ബാധകമല്ല. ഈ ഇളവ് പക്ഷേ ഫ്ളാറ്റുകള്‍ക്ക് ലഭിക്കില്ല. നേരത്തെ 30 ചതുരശ്രമീറ്റര്‍ വരെ വിസ്തീര്‍ണ്ണമുള്ള വീടുകളുള്ള ബി.പി.എല്‍ വിഭാഗങ്ങള്‍ക്ക് മാത്രമായിരുന്നു നികുതിയിളവ്. അനധികൃത നിര്‍മാണം കണ്ടെത്തിയാല്‍ മൂന്നിരട്ടി നികുതി ചുമത്തുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്യും.

കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഉടന്‍

പെര്‍മിറ്റിനുള്ള ഫീസ് വര്‍ധിപ്പിക്കുന്നതിനു പുറമേ സംസ്ഥാനത്തെ നഗരങ്ങളില്‍ ഏപ്രില്‍ ഒന്ന് മുതല്‍ അപേക്ഷിച്ചാല്‍ ഉടന്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്‍, നഗരസഭാ പരിധിയിലുള്ള 300 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള ലോ റിസ്‌ക് വിഭാഗത്തിലുള്ള കെട്ടിടങ്ങള്‍ക്ക് ആണ് ഇത് ബാധകമാകുക. ഇതുവരെ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ വന്ന് കെട്ടിടം പരിശോധിച്ച ശേഷമായിരുന്നു പെര്‍മിറ്റ് നല്‍കിയിരുന്നത്. ഇനി ഇതിനുപകരം കെട്ടിട ഉടമ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഓണ്‍ലൈനില്‍ സമര്‍പ്പിച്ചാല്‍ മതി.

അപേക്ഷിക്കുന്ന അന്നുതന്നെ സിസ്റ്റം ജനറേറ്റഡ് അനുമതി നല്‍കും. ഇതുവഴി പല തലങ്ങളിലുള്ള പരിശോധനയും കാലതാമസവും തടസങ്ങളും ഒഴിവാക്കാന്‍ കഴിയുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതുവരെ ഓണ്‍ലൈന്‍ ആയി സ്വയം സത്യവാങ്മൂലം നല്‍കുന്നത് ഓപ്ഷണല്‍ ആയിരുന്നത് ഏപ്രില്‍ മുതല്‍ നിര്‍ബന്ധമാക്കും വസ്തുതകള്‍ മറച്ചുവെച്ചാണ് സത്യവാങ്മൂലം നല്‍കിയത് എന്ന് ബോധ്യപ്പെട്ടാല്‍ കെട്ടിട ഉടമയ്ക്കും ലൈസന്‍സിക്കും എതിരെ പിഴയും നടപടികളുണ്ടാവും. പുതിയ സംവിധാനം വൈകാതെ ഗ്രാമപഞ്ചായത്ത് തലത്തിലേക്കും വ്യാപിപ്പിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com