സ്വതന്ത്ര ഡയറക്ടർമാർ ഇനി പരീക്ഷ പാസാകണം
കമ്പനി ബോർഡിൽ ഇനിമുതൽ സ്വതന്ത്ര ഡയറക്ടർമാരെ നിയമിക്കണമെങ്കിൽ അവർ ഒരു പരീക്ഷ പാസായിരിക്കണമെന്ന് കോർപറേറ്റ് കാര്യ സെക്രട്ടറി ഐ.ശ്രീനിവാസ്. കമ്പനികളിൽ പ്രശ്നങ്ങൾ ആരംഭിക്കുമ്പോൾ തന്നെ അവ കണ്ടെത്താനുള്ള കഴിവ് സ്വതന്ത്ര ഡയറക്ടർമാർക്കുണ്ടായിരിക്കണമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
വൻ വ്യവസായികൾ ബാങ്ക് തട്ടിപ്പ് നടത്തി നാടുവിടുന്നതും കൂടുതൽ കമ്പനികൾ സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ബാങ്ക് തിരിച്ചടവ് മുടക്കുന്നതും പോലുള്ള സാഹചര്യങ്ങളാകാം സർക്കാരിനെ ഇത്തരത്തിലുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്ന് സാമ്പത്തിക നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
ഇന്ത്യൻ കമ്പനി നിയമം, എത്തിക്സ്, മൂലധന വിപണി ചട്ടങ്ങൾ തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ അസ്സസ്മെന്റ് ആയിരിക്കും ഇത്. പരീക്ഷ പാസാകാൻ സമയപരിധി നിശ്ചയിക്കുമെങ്കിലും, എത്ര തവണ വേണമെങ്കിലും ടെസ്റ്റിൽ പങ്കെടുക്കാൻ അവസരമുണ്ടാകും.
വർഷങ്ങളായി കമ്പനി ബോർഡിൽ പ്രവർത്തിച്ച ഡയറക്ടർമാരെ പരീക്ഷയിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒഴിവാക്കുമെങ്കിലും, സർക്കാർ തയ്യാറാക്കുന്ന ഒരു ഡേറ്റബേസിൽ ഇവർ രജിസ്റ്റർ ചെയ്യേണ്ടി വരും.