

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഫ്രാന്‍സുമായി വീണ്ടും വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ. നിലവില്‍ വ്യോമസേന നേരിടുന്ന പോര്‍വിമാനങ്ങളുടെ കുറവ് പരിഹരിക്കാന്‍ 114 മള്‍ട്ടി-റോള്‍ യുദ്ധവിമാനങ്ങള്‍ (MRFA) വാങ്ങാനുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അടുത്ത മാസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ, ഈ കരാറില്‍ നിര്‍ണായക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
സര്‍ക്കാര്‍ തലത്തിലുള്ള (Government-to-Government) നേരിട്ടുള്ള ഇടപാടിലൂടെ ആവശ്യമായ യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കാനുള്ള നിര്‍ദ്ദേശം ഇന്ത്യന്‍ വ്യോമസേന (IAF) ഇതിനകം സമര്‍പ്പിച്ചു കഴിഞ്ഞു. എത്ര വിമാനങ്ങള്‍ വാങ്ങണം എന്ന കാര്യത്തില്‍ അന്തിമ ചര്‍ച്ചകള്‍ നടന്നു വരികയാണെങ്കിലും, ചുരുങ്ങിയത് 114 അത്യാധുനിക പോര്‍വിമാനങ്ങളെങ്കിലും വേണമെന്നാണ് വ്യോമസേനയുടെ കണക്കുകൂട്ടല്‍.
ഈ വിമാനങ്ങള്‍ സ്വന്തമാക്കുന്നതിന് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന്റെ (DAC) ഔദ്യോഗിക അനുമതി ആവശ്യമാണ്. ഇതിന് പിന്നാലെ വിലപേശലുകളും (Cost negotiations) ഒടുവില്‍ സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റിയുടെ (CCS) അംഗീകാരവും ഉണ്ടാകും.
ഈ കരാറിന്റെ ഏറ്റവും വലിയ പ്രത്യേകത വിമാനങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുമെന്നതാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍, റാഫേല്‍ യുദ്ധവിമാനങ്ങളുടെ ഫ്യൂസ്ലേജ് (വിമാനത്തിന്റെ പ്രധാന ഉടല്‍ ഭാഗം) ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനായി ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (TASL), ഫ്രാന്‍സിലെ ദസ്സാള്‍ട്ട് ഏവിയേഷനുമായി (Dassault Aviation) കരാറില്‍ ഒപ്പിട്ടിരുന്നു. ഇന്ത്യന്‍ ആവശ്യങ്ങള്‍ക്കും ദസ്സാള്‍ട്ടിന് ലഭിക്കുന്ന ആഗോള ഓര്‍ഡറുകള്‍ക്കുമായി ഫ്യൂസ്ലേജിന്റെ നാല് പ്രധാന ഭാഗങ്ങള്‍ നിര്‍മ്മിക്കുന്നതിനായി TASL ഹൈദരാബാദില്‍ ഒരു പ്രത്യേക നിര്‍മ്മാണ കേന്ദ്രം സജ്ജീകരിക്കുന്നുണ്ട്. ഈ പ്ലാന്റില്‍ നിന്നുള്ള ആദ്യ യൂണിറ്റുകള്‍ 2028 സാമ്പത്തിക വര്‍ഷത്തോടെ കൈമാറാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിവര്‍ഷം 24 ഫ്യൂസ്ലേജുകള്‍ നിര്‍മ്മിക്കാനുള്ള ശേഷി ഈ കേന്ദ്രത്തിനുണ്ടാകും.
വിമാനത്തിന്റെ നിര്‍മ്മാണ മൂല്യത്തിന്റെ 60 ശതമാനവും ഇന്ത്യയില്‍ തന്നെ നിലനിര്‍ത്താനാണ് ലക്ഷ്യം. എന്‍ജിന്‍ നിര്‍മ്മാണം, അറ്റകുറ്റപ്പണികള്‍ക്കുള്ള എം.ആര്‍.ഒ ഹബ്ബ് എന്നിവയും ഇന്ത്യയില്‍ സജ്ജമാക്കും. ഏകദേശം 10 ബില്യണ്‍ യൂറോയിലധികം മൂല്യമുള്ള കരാറാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read DhanamOnline in English
Subscribe to Dhanam Magazine