അമേരിക്കയില്‍ ക്രിസ്മസ് ഓര്‍ഡറുകളില്‍ ഇടിവ്, രക്ഷയ്‌ക്കെത്തി യൂറോപ്യന്‍ വിപണി; ഇന്ത്യന്‍ വസ്ത്ര കയറ്റുമതിക്കാര്‍ക്ക് ശുഭപ്രതീക്ഷ

അമേരിക്കയില്‍ വെല്ലുവിളി തുടരുമ്പോഴും ബ്രിട്ടനില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള ഓര്‍ഡറുകള്‍ മെച്ചപ്പെടുന്നത് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് പ്രതീക്ഷയാണ്
അമേരിക്കയില്‍ ക്രിസ്മസ് ഓര്‍ഡറുകളില്‍ ഇടിവ്, രക്ഷയ്‌ക്കെത്തി യൂറോപ്യന്‍ വിപണി; ഇന്ത്യന്‍ വസ്ത്ര കയറ്റുമതിക്കാര്‍ക്ക് ശുഭപ്രതീക്ഷ
Published on: 

അമേരിക്കയിലെ ക്രിസ്മസ്, പുതുവത്സര ഷോപ്പിംഗ് സീസണില്‍ ഇന്ത്യന്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് വന്‍ തിരിച്ചടി. ഉയര്‍ന്ന പണപ്പെരുപ്പത്തെ തുടര്‍ന്ന് യുഎസിലെ പ്രമുഖ ഇറക്കുമതിക്കാര്‍ ഓര്‍ഡറുകള്‍ 25 മുതല്‍ 30 ശതമാനം വരെ വെട്ടിക്കുറച്ചു.

ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും അമേരിക്കന്‍ വിപണിയിലെ മന്ദതയും സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ കയറ്റുമതി വരുമാനത്തെ പ്രതികൂലമായി ബാധിച്ചു. അതേസമയം, ബ്രിട്ടനില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള വര്‍ധിച്ച ഡിമാന്‍ഡ് മാത്രമാണ് കയറ്റുമതി മേഖലയ്ക്ക് ആശ്വാസമാകുന്നത്.

സെപ്റ്റംബറില്‍ വളര്‍ച്ച, ആദ്യ പകുതിയില്‍ ഇടിവ്

അപ്പാരല്‍ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം, 2026 സെപ്റ്റംബറില്‍ ഇന്ത്യയുടെ റെഡിമെയ്ഡ് വസ്ത്ര കയറ്റുമതി 110 കോടി ഡോളറിലെത്തി. മുന്‍വര്‍ഷം ഇതേ മാസത്തേക്കാള്‍ 13.7% വര്‍ധനയാണിത്. എന്നാല്‍, 2026-27 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ കയറ്റുമതി 6.2% ഇടിഞ്ഞ് 720 കോടി ഡോളറായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 770 കോടി ഡോളറായിരുന്നു.

ചരക്കുനീക്കത്തിനും കൂടുതല്‍ സമയം

അമേരിക്കയിലെയും യൂറോപ്പിലെയും വര്‍ഷാവസാന വില്‍പനയ്ക്കുള്ള വസ്ത്രങ്ങളുടെ കയറ്റുമതി സാധാരണയായി സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് നടക്കുന്നത്. എന്നാല്‍, ഇത്തവണ നവംബറോടെ കടകളില്‍ ഉല്‍പന്നങ്ങള്‍ എത്തിക്കാന്‍ കയറ്റുമതിക്കാര്‍ നേരത്തേ ചരക്കുനീക്കം ആരംഭിച്ചു. സൂയസ് കനാലിന് പകരം ആഫ്രിക്കയുടെ തെക്കേ അറ്റത്തുള്ള കേപ് ഓഫ് ഗുഡ് ഹോപ്പ് ചുറ്റിയുള്ള കപ്പല്‍ യാത്രയ്ക്ക് കൂടുതല്‍ സമയം വേണ്ടിവരുന്നതാണ് കാരണം.

ക്രിസ്മസ്, ശൈത്യകാലം, വസന്തകാലത്തിന്റെ തുടക്കം എന്നീ സീസണുകളിലെ വില്‍പനയ്ക്കായി വ്യാപാരികള്‍ തയാറെടുക്കുന്നതിനാല്‍ സെപ്റ്റംബറും ഒക്ടോബറും നിര്‍ണായക മാസങ്ങളാണെന്ന് ക്ലോത്തിംഗ് കണക്ഷന്‍സ് സിഇഒയും തിരുപ്പൂര്‍ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്റെ ഐടി വിംഗ് ഉപസമിതി ചെയര്‍മാനുമായ രാമു ഷണ്‍മുഖം ചൂണ്ടിക്കാട്ടി.

ബ്രിട്ടനും യൂറോപ്പും ആശ്വാസം

അമേരിക്കയില്‍ വെല്ലുവിളി തുടരുമ്പോഴും ബ്രിട്ടനില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള ഓര്‍ഡറുകള്‍ മെച്ചപ്പെടുന്നത് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് പ്രതീക്ഷയാണ്. ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തിലായതും യൂറോപ്യന്‍ യൂണിയനുമായുള്ള കരാറിനെക്കുറിച്ചുള്ള അനുകൂല വാര്‍ത്തകളും ഓര്‍ഡറുകള്‍ക്ക് ചെയ്യുന്നുവെന്നാണ് വിലയിരുത്തല്‍. യുഎസ് വിപണിയെ മാത്രം ആശ്രയിക്കാതെ യൂറോപ്പില്‍ കൂടുതല്‍ മെച്ചപ്പെട്ട വിപണി കിട്ടുന്നത് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ഗുണം ചെയ്യും.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com