ഇലക്ട്രിക് കാറുകള്‍ കൊണ്ടുമാത്രം സീറോ കാര്‍ബണ്‍ ലക്ഷ്യം സാധിക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് സുസൂക്കി

ഇലക്ട്രിക് കാറുകള്‍ (EV) മാത്രം പോരെന്ന നിലപാട് ആവര്‍ത്തിച്ച് സുസൂക്കി (Suzuki Motor Corporation). ഇവികള്‍ കൊണ്ട് മാത്രം നെറ്റ് കാര്‍ബണ്‍ സീറോ ലക്ഷ്യം സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. ഓട്ടോ എക്‌സ്‌പോ 2023ല്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ കമ്പനി റെപ്രസെന്റേറ്റീവ് ഡയറക്ടര്‍ ടോഷിഹിരോ സുസൂക്കിയാണ് (Toshihiro Suzuki) ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ആഗോള തലത്തില്‍ ഇവികള്‍ക്കാണ് പ്രാധാന്യമെങ്കിലും രാജ്യത്തെ വൈദ്യുതി ഉല്‍പ്പാദന രീതികള്‍ അനിയോജ്യമല്ലെന്നാണ് സുസൂക്കി പറഞ്ഞത്. ഫ്‌ലക്‌സ് ഫ്യുവല്‍. ഹൈബ്രിഡ്, എഥനോള്‍, ഹൈഡ്രജന്‍ കാറുകള്‍ക്കും പ്രാധാന്യം വേണമെന്നാണ് സുസൂക്കിയുടെ നിലപാട്. പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളെ പൂര്‍ണമായും ആഗീരണം ചെയ്യാന്‍ സാധിക്കുന്നതിനെയാണ് നെറ്റ് കാര്‍ബണ്‍ സീറോ കൊണ്ട് അര്‍ത്ഥമാക്കുന്നത്. 2070 ഓടെ നെറ്റ്-കാര്‍ബണ്‍ ആവുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതേ സമയം ഇന്നലെ ഓട്ടോ എക്‌സ്‌പോയില്‍ മാരുതി സുസൂക്കി അവതരിപ്പിച്ചത് ഇലക്ട്രിക് എസ്‌യുവി ആണ്. 2025 ല്‍ ആണ് മാരുതിയുടെ ആദ്യ ഇവി പുറത്തിറങ്ങുന്നത്.

ടാറ്റ, ഹ്യൂണ്ടായി, എംജി അടക്കമുള്ള വാഹന നിര്‍മാതാക്കളും ഇലക്ട്രിക് മോഡലുകളാണ് അവതരിപ്പിച്ചത്. അതേ സമയം ടാറ്റയുടെ നിലപാട് വ്യത്യസ്തമാണ്. ഹൈബ്രിഡ് മോഡലുകളില്‍ നിക്ഷേപം നടത്തുന്നതില്‍ കാര്യമില്ലെന്നാണ് ടാറ്റ മോട്ടോഴ്‌സ് എംഡി ശൈലേഷ് ചന്ദ്ര പറഞ്ഞത്. ഇലക്ട്രിക്, സിഎന്‍ജി വാഹനങ്ങളിലാവും ടാറ്റ ശ്രദ്ധ കേന്ദ്രീകരിക്കുക.

മാരുതി പിന്നിലാവുമോ

നിലവില്‍ രാജ്യത്തെ കാര്‍ വിപണിയില്‍ മാരുതി ഒന്നാമതാണ്. എന്നാൽ ഒരു ഇ വി മോഡല്‍ പോലും ഇതുവരെ വിപണിയിലിറക്കിയിട്ടില്ല. ടാറ്റയാണ് ഇവികളില്‍ നേട്ടമുണ്ടാക്കുന്ന പ്രധാനി. എസ്‌യുവി മോഡലുകളുടെ അഭാവവും മാരുതിക്ക് തിരിച്ചടിയാണ്. ഈ സാഹചര്യത്തിലും ഹൈബ്രിഡ്, സിഎന്‍ജി വാഹനങ്ങള്‍ക്കാണ് മാരുതി പ്രാധാന്യം നല്‍കുന്നത്. കുറഞ്ഞ വിലയില്‍ വാഹനങ്ങള്‍ പുറത്തിറക്കാനുള്ള ശ്രമമാണ് മാരുതിയെ ഇവി വിപണിയില്‍ നിന്ന് അകറ്റിയത്. എന്നാല്‍ ആദ്യമായി അവതരിപ്പിക്കുന്ന ഇവി ഉയര്‍ന്ന സെഗ്മെന്റിലായിരിക്കും എന്നാണ് വിലയിരുത്തല്‍. കംപ്രെസ് ചെയ്ത ബയോമീഥെയ്ന്‍ (Compressed Biomethane) ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ പുറത്തിറക്കുന്നതിനുള്ള പദ്ധതി മാരുതി ആസൂത്രണം ചെയ്യുമെന്ന് ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ നേരത്തെ അറിയിച്ചിരുന്നു.

നേരിയ ഇടിവില്‍ 8,274.30 രൂപ നിരക്കിലാണ് മാരുതി സുസൂക്കി ഓഹരികളുടെ നിലവിലെ (11.15 AM) വ്യാപാരം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it