Smartphone, Apple Iphone
Image : Canva

യു.എസിലേക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ ചൈനയെ മലര്‍ത്തിയടിക്കാന്‍ ഇന്ത്യ, മേയ് വരെ ഇറക്കിയത് 2.13 കോടി ഫോണുകള്‍, വിലക്കുറവ് തന്ത്രമേല്‍ക്കുമോ?

മേയ് വരെ യു.എസിലേക്ക് 2.13 കോടി സ്മാര്‍ട്ട്‌ഫോണുകളാണ് രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്തത്
Published on

2025ന്റെ പകുതി വരെയുള്ള കാലയളവില്‍ യു.എസിലേക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കുമതിയുടെ 36 ശതമാനവും നടത്തിയത് ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ആപ്പിളിന്റെ മാനുഫാക്ചറിംഗ് ഫാക്ടറികള്‍ വിപുലപ്പെടുത്തിയതാണ് ഇതിനു സഹായകമായത്. ഇതിനൊപ്പം ചൈനയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളും ഗുണമായി.

ജനുവരി മുതല്‍ മേയ് വരെ യു.എസിലേക്ക് 2.13 കോടി സ്മാര്‍ട്ട്‌ഫോണുകളാണ് രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് മൂന്ന് മടങ്ങാണ് വര്‍ധന. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ 935 കോടി ഡോളറിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കുമതിയാണ് നടന്നത്. 185 ശതമാനം വര്‍ധനയുമുണ്ട്. 2024 വര്‍ഷത്തെ മൊത്തം മൊത്തം ഇറക്കുമതിയേയും മറികടന്നാണ് വളര്‍ച്ച. മൂല്യ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കയറ്റുമതി നടത്തുന്നത് സ്മാര്‍ട്ട്‌ഫോണുകളാണ്.

ചൈന ചുരുങ്ങുന്നു

യു.എസിലേക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്ത് ചൈനയാണെങ്കിലും അടുത്തിടെയായി ആധിപത്യം നഷ്ടമാവുന്നുണ്ട്. ഈ വര്‍ഷത്തിന്റെ ആദ്യ അഞ്ച് മാസക്കാലയളവില്‍ ചൈനയുടെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി 27 ശതമാനം ഇടിഞ്ഞ് 2.94 കോടി യൂണിറ്റ് ആയി. അതായത് 1,000 കോടി ഡോളറിന്റെ സ്മാര്‍ട്ട്‌ഫോണുകളാണ് ചൈന യു.എസിലേക്ക് കയറ്റുമതി നടത്തിയത്. 2024ന്റെ ആദ്യത്തില്‍ 82 ശതമാനം വിഹിതമുണ്ടായിരുന്നത് 2025ല്‍ 49 ശതമാനമായി കുറഞ്ഞു.

സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി വിഹിതം കുറഞ്ഞതിനു പിന്നാലെ വില കുറച്ച് വിപണി പിടിക്കാനുള്ള ശ്രമം ചൈനീസ് നിര്‍മാതാക്കള്‍ ആരംഭിച്ചിട്ടുണ്ട്. ചൈനയുടെ കസ്റ്റംസിന്റെ കണക്കനുസരിച്ച് യു.എസിലേക്കുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ ശരാശരി കയറ്റുമതി വില ജൂണില്‍ മുന്‍വര്‍ഷത്തേക്കാള്‍ 45 ശതമാനം കുറഞ്ഞു. ബീയ്ജിംഗും വാഷിംഗ്ടണ്ണുമായുള്ള വ്യാപാരക്കരാറില്‍ 90 ദിവസത്തെ സാവകാശം ലഭിച്ചതിനിടെയായിരുന്നു വിലക്കുറവ്. ഈ വര്‍ഷം ആദ്യം ഏര്‍പ്പെടുത്തിയ നിരക്കുകള്‍ അനുസരിച്ച് ചൈനയില്‍ നിന്നുള്ള മിക്ക ഉത്പന്നങ്ങള്‍ക്കും 30 ശതമാനം വരെയാണ് നികുതി. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 20 ശതമാനം വരെയാകും നികുതി. സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിക്കമ്പനികളെ സംബന്ധിച്ച് വലിയ സമ്മര്‍ദ്ദമാണ് ഇതുണ്ടാക്കുക. ജൂണില്‍ മാത്രം യു.എസിലേക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ 72 ശതമാനം ഇടിവുണ്ടായി. 2011ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിമാസ ഇറക്കുമതിയാണിത്.

ആപ്പിള്‍ കരുത്തില്‍ ഇന്ത്യ

ആപ്പിള്‍ ഇന്ത്യയിലേക്ക് ഉത്പാദനം മാറ്റിയതാണ് ഇന്ത്യയ്ക്ക് ഗുണമായത്. 2020 മുതല്‍ ആപ്പിള്‍ ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ട്. ആദ്യം പഴയ മോഡലുകള്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ ഐഫോണ്‍ നിര പൂര്‍ണമായും ഫോക്‌സ്‌കോണ്‍ ഉള്‍പ്പെടെയുള്ള നിര്‍മാതാക്കള്‍ ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. നിലവില്‍ മൊത്തം ഐഫോണ്‍ ഉത്പാദനത്തിന്റെ 20 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. ഇക്കഴിഞ്ഞ മേയില്‍ ഫോക്‌സ്‌കോണ്‍ ഇന്ത്യന്‍ യൂണിറ്റില്‍ 1.19 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു.

ഇതൊക്കെയാണെങ്കിലും ഇന്ത്യയുടെ വിതരണ ശൃംഖല ചൈനയേക്കാള്‍ ചെറുതാണ്. എന്നാല്‍ വളര്‍ച്ച പ്രാപിക്കുന്നുമുണ്ട്. 2023 ല്‍ 14 ആപ്പിളിന്റെ ഇന്ത്യന്‍ വിതരണക്കാരുടെ എണ്ണം 14 ആയിരുന്നുവെങ്കില്‍ 2025ല്‍ 64 ആയി. അതേസമയം ചൈനയില്‍ 115 വിതരണക്കാരുണ്ട്.

ഇതിനിടെ യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഇന്ത്യന്‍ നിര്‍മിത ഐഫോണുകള്‍ക്ക് 25 ശതമാനം നികുതി ഈടാക്കുമെന്ന് ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. ഇത് മാനുഫാക്ചറിംഗ് യൂണിറ്റുകളെ തിരിച്ച് യു.എസിലേക്ക് ചേക്കേറാന്‍ സമ്മര്‍ദ്ദം ചെലുത്തിയേക്കാം.

India exports 36% of US smartphone imports by mid-2025, challenging China’s dominance with Apple-led production surge.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com