'പഞ്ചസാര കയറ്റുമതിയില്‍ നിയന്ത്രണം വന്നേക്കും', വിപണിയില്‍ നഷ്ടം നേരിട്ട് പഞ്ചസാര ഉല്‍പ്പാദകര്‍

പഞ്ചസാര കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം ഒരുങ്ങുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ആറ് വര്‍ഷത്തിനിടെ ആദ്യമായാണ് പഞ്ചസാര കയറ്റുമതി പരിമിതപ്പെടുത്താന്‍ ഇന്ത്യ തയാറെടുക്കുന്നത്. ആഭ്യന്തര വിലക്കയറ്റം തടയുന്നതിനായി കയറ്റുമതി 8 ദശലക്ഷം ടണ്ണായി കുറയ്ക്കുമെന്ന് വ്യവസായ വൃത്തങ്ങള്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചസാര കയറ്റുമതിക്കാരായ ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ഇത് ആഗോളതലത്തില്‍ പഞ്ചസാര വില ഉയരാനിടയാക്കും. നിലവില്‍ ലോകത്തിലെ മുന്‍നിര ഉല്‍പ്പാദകരായ ബ്രസീല്‍ പഞ്ചസാരയുടെ ഉല്‍പ്പാദനം കുറച്ചിട്ടാണുള്ളത്. 'പഞ്ചസാര ഉല്‍പ്പാദനം റെക്കോര്‍ഡ് നിലയിലാണുള്ളത്. എന്നാല്‍ കയറ്റുമതി കാരണം സ്റ്റോക്കുകള്‍ അതിവേഗം കുറയുന്നു. അനിയന്ത്രിതമായ കയറ്റുമതി ക്ഷാമം സൃഷ്ടിക്കും, ഉത്സവ സീസണില്‍ പ്രാദേശിക വിലകള്‍ കുതിച്ചുയരും,' വിഷയത്തെക്കുറിച്ച് അറിവുള്ള ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് വാണിജ്യ, വ്യവസായ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, രാജ്യത്തുനിന്നുള്ള പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തിയേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയില്‍ പഞ്ചസാര ഉല്‍പ്പാദന കമ്പനികളുടെ ഓഹരികള്‍ താഴോട്ടുപോയി. ശ്രീ രേണുക ഷുഗര്‍ ലിമിറ്റഡിന്റെ ഓഹരി വില 2.75 ശതമാനവും ദ്വാരികേഷ് ഷുഗര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരി വില 123.30 ശതമാനവും ബജാജ് ഹിന്ദുസ്ഥാന്‍ ഷുഗര്‍ ലിമിറ്റഡിന്റെ ഓഹരിവില 2.67 ശതമാനത്തോളവുമാണ് നഷ്ടം നേരിട്ടത്.


Related Articles
Next Story
Videos
Share it