

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങള്‍ കണക്കിലെടുത്ത് രാജ്യത്ത് പാചകവാതക (LPG) ലഭ്യത ഉറപ്പാക്കാന്‍ നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ എണ്ണ ശുദ്ധീകരണ ശാലകളോട് (Refineries) എല്‍പിജി ഉല്‍പ്പാദനം പരമാവധി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഉല്‍പ്പാദിപ്പിക്കുന്ന ഗ്യാസ് മുഴുവനായി ഐഒസി (IOC), എച്ച്പിസിഎല്‍ (HPCL), ബിപിസിഎല്‍ (BPCL) എന്നീ പൊതുമേഖലാ കമ്പനികള്‍ക്ക് മാത്രമേ നല്‍കാവൂ എന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.
പശ്ചിമേഷ്യയില്‍ ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ ഇറക്കുമതി തടസപ്പെടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് ഈ നടപടി.
ആഭ്യന്തര വിപണിയിലെ ആവശ്യം പരിഗണിച്ച് റിഫൈനറികള്‍ എല്‍പിജി ഉല്‍പ്പാദനത്തിന് മുന്‍ഗണന നല്‍കണം.
ശുദ്ധീകരണ ശാലകളില്‍ നിന്നുള്ള എല്‍പിജി ഇനി പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് മാത്രമേ കൈമാറാവൂ. സ്വകാര്യ വിപണനക്കാര്‍ക്ക് നല്‍കുന്നതിന് നിയന്ത്രണമുണ്ടാകും.
പ്രൊപ്പെയ്ന്‍ (Propane), ബ്യൂട്ടേന്‍ (Butane) എന്നിവ പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത് ഒഴിവാക്കി പാചകവാതക ഉല്‍പ്പാദനത്തിനായി മാറ്റിവെക്കാനും നിര്‍ദ്ദേശമുണ്ട്.
പൊതുമേഖലാ കമ്പനികള്‍ ലഭ്യമാകുന്ന ഗ്യാസ് മുന്‍ഗണനാടിസ്ഥാനത്തില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് (Domestic Customers) എത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
ഇന്ത്യയുടെ പാചകവാതക ആവശ്യത്തിന്റെ വലിയൊരു ഭാഗവും ഇറക്കുമതി വഴിയാണ് നിറവേറ്റുന്നത്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള (Strait of Hormuz) ടാങ്കര്‍ ഗതാഗതം തടസ്സപ്പെടുകയാണെങ്കില്‍, ഗാര്‍ഹിക പാചകവാതക വിതരണ നീക്കത്തെ ബാധിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
വീടുകളില്‍ സിലിണ്ടറുകളില്‍ എത്തുന്ന ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (LPG) ആണ് ഇന്ത്യയുടെ വിതരണ ശൃംഖലയില്‍ ഏറ്റവും വലിയ ഭീഷണി നേരിടുന്നത്. ക്രൂഡ് ഓയില്‍, എല്‍എന്‍ജി (LNG) എന്നിവയെ അപേക്ഷിച്ച് എല്‍പിജി വിപണിയില്‍ ലഭ്യത കുറവാണെന്നും മറ്റ് രാജ്യങ്ങളില്‍ നിന്ന് പെട്ടെന്ന് എത്തിക്കാനുള്ള ബദല്‍ മാര്‍ഗങ്ങള്‍ പരിമിതമാണെന്നും വിലയിരുത്തപ്പെടുന്നു.
നിലവിലെ എല്‍പിജി സ്റ്റോക്ക് ഏകദേശം 30 ദിവസത്തേക്ക് മാത്രമേ തികയുകയുള്ളൂ എന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. മാര്‍ച്ചില്‍ എത്തേണ്ട ചരക്കുകള്‍ വൈകുകയോ, അല്ലെങ്കില്‍ ആശങ്കാകുലരായ ഉപഭോക്താക്കള്‍ മുന്‍കൂട്ടി സിലിണ്ടറുകള്‍ ബുക്ക് ചെയ്യാന്‍ തുടങ്ങുകയോ ചെയ്താല്‍ ഈ കരുതല്‍ ശേഖരം വേഗത്തില്‍ തീര്‍ന്നുപോകും.
നഗരപ്രദേശങ്ങളിലെ വിതരണക്കാര്‍ പറയുന്നത് പ്രകാരം, ഉപഭോക്താക്കള്‍ അധിക സിലിണ്ടറുകള്‍ കൈവശം വയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ സ്റ്റോക്ക് കുറയുന്നതിന് മുമ്പ് തന്നെ ഇത്തരം പരിഭ്രാന്തിയിലുള്ള വാങ്ങലുകള്‍ (Panic buying) വിതരണ ശൃംഖലയെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ അധികൃതര്‍, അനാവശ്യമായി ഗ്യാസ് സിലിണ്ടറുകള്‍ പൂഴ്ത്തിവെക്കരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്.
ഹോര്‍മുസ് വഴി ഇന്ത്യ സാധാരണയായി പ്രതിദിനം 2.5 മുതല്‍ 2.7 ദശലക്ഷം ബാരല്‍ വരെ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്, ഇത് പ്രധാനമായും ഇറാഖ്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നാണ്. അമേരിക്കയില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറച്ചതിനെത്തുടര്‍ന്ന്, കഴിഞ്ഞ രണ്ട്-മൂന്ന് മാസമായി റിഫൈനറികള്‍ പശ്ചിമേഷ്യയില്‍ നിന്നുള്ള വാങ്ങല്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ഇന്ത്യ പല രാജ്യങ്ങളില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നുണ്ടെങ്കിലും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയാണ് കൂടുതല്‍ സൗകര്യം. ഗള്‍ഫില്‍ നിന്നുള്ള ഒരു ടാങ്കര്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്താന്‍ സാധാരണയായി അഞ്ച് മുതല്‍ ഏഴ് ദിവസം വരെ മതിയാകും, എന്നാല്‍ അറ്റ്‌ലാന്റിക്കില്‍ നിന്നുള്ള ചരക്കുകള്‍ക്ക് 25 മുതല്‍ 45 ദിവസം വരെ എടുത്തേക്കാം; ഇത് കപ്പല്‍ കൂലി വര്‍ധിപ്പിക്കുകയും കപ്പലുകള്‍ കൂടുതല്‍ കാലം ഇതിനായി മാറ്റിവെക്കേണ്ടി വരികയും ചെയ്യുന്നു.
ഇത് മുന്‍കൂട്ടി കണ്ട് ആഭ്യന്തര ഉല്‍പ്പാദനം കൂട്ടി കരുതല്‍ ശേഖരം വര്‍ധിപ്പിക്കാനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ നീക്കം. തിരഞ്ഞെടുപ്പ് അടക്കമുള്ള സാഹചര്യങ്ങള്‍ മുന്നിലുള്ളതിനാല്‍ പാചകവാതക വിലക്കയറ്റമോ ക്ഷാമമോ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ അതീവ ജാഗ്രതയിലാണ്.
Read DhanamOnline in English
Subscribe to Dhanam Magazine