റീട്ടെയിൽ പമ്പുകളിൽ നിന്നുള്ള പെട്രോള്‍ വിൽപനയ്ക്ക് നിയന്ത്രണം, വിലക്ക് 90 ദിവസത്തേക്ക്

റീട്ടെയിൽ ഇന്ധന വിലയും ബൾക്ക് ഇന്ധന വിലയും തമ്മിലുള്ള വലിയ വ്യത്യാസമാണ് തീരുമാനത്തിനുളള പ്രധാന കാരണം
a car in a petrol station
petrol stationimage credit : canva
Published on

റീട്ടെയിൽ പെട്രോൾ പമ്പുകളിൽ നിന്ന് വ്യവസായ, വാണിജ്യ, സ്ഥാപന ഉപഭോക്താക്കൾ വൻതോതിൽ ഇന്ധനം വാങ്ങുന്നത് തടഞ്ഞുകൊണ്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉത്തരവിറക്കി. റീട്ടെയിൽ പമ്പുകളിലെ അമിതമായ തിരക്ക് നിയന്ത്രിക്കുന്നതിനായി ഏർപ്പെടുത്തിയ ഈ നിയന്ത്രണങ്ങൾ 90 ദിവസത്തേക്ക് പ്രാബല്യത്തിലുണ്ടാകും.

നിയന്ത്രണത്തിന് പിന്നിലെ കാരണം

റീട്ടെയിൽ ഇന്ധന വിലയും ബൾക്ക് (Bulk) ഇന്ധന വിലയും തമ്മിലുള്ള വലിയ വ്യത്യാസമാണ് ഈ തീരുമാനത്തിന് പ്രധാന കാരണം. പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നപ്പോഴും സാധാരണക്കാരെ സംരക്ഷിക്കുന്നതിനായി പൊതുമേഖലാ എണ്ണക്കമ്പനികൾ റീട്ടെയിൽ വില കുറച്ചുനിർത്തിയിരുന്നു. എന്നാൽ വ്യവസായ ആവശ്യങ്ങൾക്കുള്ള ബൾക്ക് ഇന്ധനത്തിന് മാർക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. ഉദാഹരണത്തിന്, ഡൽഹിയിൽ ഡീസലിന്റെ റീട്ടെയിൽ വില ലിറ്ററിന് 95.20 രൂപയാണെങ്കിൽ ബൾക്ക് വില 134.50 രൂപയാണ്. ഈ വിലവ്യത്യാസം മുതലെടുക്കാൻ വൻകിട ഉപഭോക്താക്കൾ റീട്ടെയിൽ പമ്പുകളെ ആശ്രയിക്കാൻ തുടങ്ങിയത് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഇന്ധനം ലഭിക്കാത്ത സാഹചര്യം സൃഷ്ടിച്ചു.

പുതിയ നിബന്ധനകൾ

ബൾക്ക് ഉപഭോക്താക്കൾക്ക് വിലക്ക്: വ്യാവസായിക, വാണിജ്യ ആവശ്യങ്ങൾക്കായി ഇന്ധനം വാങ്ങുന്നവർ അവരുടെ സ്വന്തം കൺസ്യൂമർ പമ്പുകളോ പ്രത്യേക ബൾക്ക് സെയിൽ പോയിന്റുകളോ മാത്രമേ ഉപയോഗിക്കാവൂ.

ഡീസൽ വില്‍പ്പനയ്ക്ക് പരിധി: റീട്ടെയിൽ പമ്പുകളിൽ നിന്ന് ഒരു ഉപഭോക്താവിനോ വാഹനത്തിനോ ഒരു ദിവസം പരമാവധി 200 ലിറ്റർ ഡീസൽ മാത്രമേ നൽകാവൂ.

പുനർവിൽപന പാടില്ല: റീട്ടെയിൽ പമ്പുകളിൽ നിന്ന് വാങ്ങുന്ന ഇന്ധനം മറിച്ചുവിൽക്കാൻ പാടുള്ളതല്ല.

പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, ഇന്ധനം വഴിതിരിച്ചുവിടൽ എന്നിവയ്ക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശമുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ അവശ്യസാധന നിയമപ്രകാരം (Essential Commodities Act) നടപടിയുണ്ടാകും. സാധാരണക്കാർക്ക് ഇന്ധന ലഭ്യത ഉറപ്പാക്കാനാണ് ഈ താൽക്കാലിക നിയന്ത്രണമെന്നും പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com