ഗുണനിലവാരം കുറഞ്ഞ ചൈനീസ് സോളാര്‍ ഗ്ലാസുകള്‍ ഇനിയില്ല, പുരപ്പുറ സോളാറിന് കുതിപ്പേകും, ആന്റി-ഡംപിംഗ് തീരുവ ചുമത്തി

വിലകുറഞ്ഞ ഗ്ലാസുകള്‍ ഡമ്പ് ചെയ്യപ്പെടുന്ന സാഹചര്യം രൂപപ്പെട്ടിരുന്നു
solar glass
Image courtesy: Canva
Published on

സോളാർ ഗ്ലാസ് ഇറക്കുമതിക്ക് ടണ്ണിന് 664 ഡോളർ വരെ ആന്റി-ഡംപിംഗ് തീരുവ ചുമത്തി ഇന്ത്യ. ചൈനയിൽ നിന്നും വിയറ്റ്നാമിൽ നിന്നുമുള്ള വിലകുറഞ്ഞ ഇറക്കുമതി തടയുകയാണ് ലക്ഷ്യം. അഞ്ച് വർഷത്തേക്കാണ് തീരുവ ചുമത്തിയിരിക്കുന്നത്. ടെക്സ്ചർ ചെയ്ത ടഫൻഡ് (ടെമ്പർഡ്) കോട്ടഡ്, അൺകോട്ടഡ് ഗ്ലാസുകള്‍ വ്യാപകമായി ചൈനയില്‍ നിന്നും വിയറ്റ്നാമില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പ്രവണതയാണ് ഇപ്പോള്‍ ഉളളത്.

വിലകുറഞ്ഞ, ഗുണനിലവാരം കുറഞ്ഞ ഗ്ലാസുകള്‍ ഡമ്പ് ചെയ്യപ്പെടുന്ന സാഹചര്യവും രൂപപ്പെട്ടിരുന്നു. ആഭ്യന്തര ഗ്ലാസ് നിര്‍മ്മാണ കമ്പനികള്‍ക്ക് ഇത് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയിരുന്നത്. ആന്റി-ഡംപിംഗ് തീരുവ ചുമത്തണമെന്നത് ആഭ്യന്തര കമ്പനികളുടെ കഴിഞ്ഞ കുറച്ചു കാലങ്ങളായുളള ആവശ്യമാണ്.

ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രേഡ് റെമഡീസ് (DGTR) സമഗ്രമായ അന്വേഷണം നടത്തിയ ശേഷമാണ് തീരുവ ചുമത്താനുളള തീരുമാനത്തിലെത്തിയത്. പുരപ്പുറ സോളാര്‍ അടക്കമുളള സോളാര്‍ പദ്ധതികളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഘടകമാണ് ടെക്സ്ചേര്‍ഡ് സോളാര്‍ ഗ്ലാസുകള്‍. ഫോട്ടോവോൾട്ടെയ്ക് (PV) മൊഡ്യൂളുകളുടെ നിർമ്മാണത്തിലും ഇത് നിർണായക ഘടകമാണ്. ആഭ്യന്തര സൗരോർജ ഉൽപ്പാദന ശേഷി വികസിപ്പിക്കുന്നതിനും ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള ലക്ഷ്യങ്ങള്‍ക്ക് ആഭ്യന്തര കമ്പനികള്‍ക്ക് വലിയ പ്രോത്സാഹനം നല്‍കുന്നതാണ് നടപടി.

ചൈന, വിയറ്റ്നാം രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെടുന്ന ഗ്ലാസുകള്‍ വില കുറച്ച് വില്‍ക്കപ്പെടുന്ന സാഹചര്യം വലിയ തോതില്‍ വര്‍ധിച്ചതോടെയാണ് ഡി.ജി.ടി.ആര്‍ വിഷയത്തിൽ ഇടപെട്ടത്. ഇത്തരത്തില്‍ വ്യാപകമായി ഡമ്പ് ചെയ്യപ്പെടുന്നത് ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തിലും ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യം രൂപപ്പെടുത്തിയിരുന്നു. പുനരുപയോഗ ഊർജ രംഗത്ത് ദീർഘകാല സുരക്ഷയും സ്വാശ്രയത്വവും കൈവരിക്കുന്നതിന് ആഭ്യന്തര കമ്പനികളെ സജ്ജമാക്കുന്നതിന് സഹായകമായ നീക്കമായാണ് ഡി.ജി.ടി.ആര്‍ നടപടി വിലയിരുത്തപ്പെടുന്നത്.

പുരപ്പുറ സോളാര്‍ പദ്ധതികളില്‍ കേരളം വലിയ തോതില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. അടുത്തടുത്ത് വീടുകളുളള ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന ഇടമായതിനാല്‍ കുടുംബങ്ങളും സോളാര്‍ സിസ്റ്റങ്ങള്‍ സ്ഥാപിക്കുന്നതില്‍ വലിയ താല്‍പ്പര്യമാണ് കാണിക്കുന്നത്. ഇതിനിടയില്‍ ഗുണനിലവാരം കുറഞ്ഞ, വിലക്കുറവില്‍ ലഭിക്കുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വലിയ വെല്ലുവിളിയാണ് ഈ മേഖലയ്ക്ക് ഉയര്‍ത്തുന്നത്.

India imposes anti-dumping duty on solar glass imports from China and Vietnam to support domestic solar manufacturing.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com