

പെട്രോളില്‍ ഉയര്‍ന്ന അളവില്‍ എഥനോള്‍ കലര്‍ത്തിയ ഇന്ധനങ്ങള്‍ ഔദ്യോഗികമായി അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി 1989-ലെ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സില്‍ ഭേദഗതി വരുത്തുന്നതിനുള്ള കരട് വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനൊപ്പം ഇന്ധന ഇറക്കുമതി ചെലവ് ലാഭിക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.
ഉയര്‍ന്ന തോതില്‍ എഥനോള്‍ അടങ്ങിയ ഇന്ധന മിശ്രിതങ്ങളാണ് ഇവ. ഏകദേശം 95% മുതല്‍ 100% വരെ എഥനോള്‍ അടങ്ങിയ ഇന്ധനമാണ് E100. ഇന്ത്യയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കിയ 'എഥനോള്‍ 100'-ല്‍ 93-93.5% എഥനോളും, സുരക്ഷയ്ക്കായി 5% പെട്രോളും 1.5% കോ-സോള്‍വെന്റും അടങ്ങിയിരിക്കുന്നു.
85% എഥനോളും 15% പെട്രോളും കലര്‍ന്ന മിശ്രിതമാണ് E85. നിലവില്‍ ഇന്ത്യയിലുടനീളം 20% എഥനോള്‍ മിശ്രിതം (E20) ലഭ്യമാണ്.
സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ഭേദഗതി പ്രകാരം ഇന്ധനങ്ങളുടെ തരംതിരിക്കലിലും മാറ്റം വരും. പെട്രോള്‍ വാഹനങ്ങളുടെ ഇന്ധന ക്ലാസിഫിക്കേഷന്‍ [(E10)/(E)] എന്നതില്‍ നിന്ന് [(E10)/(E20)] എന്നതിലേക്ക് മാറും. ഹൈഡ്രജന്‍ വാഹനങ്ങളുടെ ടെര്‍മിനോളജി 'Hydrogen+CN' എന്നതിന് പകരം 'Hydrogen+CNG' എന്നാക്കും.
ബയോഡീസല്‍ ബ്ലെന്‍ഡിംഗ് പരിധി B10-ല്‍ നിന്ന് B100-ലേക്ക് ഉയര്‍ത്താനും നിര്‍ദ്ദേശമുണ്ട്. വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിലും (ATF) എഥനോള്‍ കലര്‍ത്താന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്.
ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ വര്‍ധിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. രാജ്യത്തെ അസംസ്‌കൃത എണ്ണ ആവശ്യത്തിന്റെ 87 ശതമാനവും ഇറക്കുമതി വഴിയാണ് കണ്ടെത്തുന്നത്. ഇതിനായി പ്രതിവര്‍ഷം ഏകദേശം 22 ലക്ഷം കോടി രൂപയാണ് ചിലവാക്കുന്നത്. എഥനോള്‍ ഉപയോഗം വര്‍ധിപ്പിക്കുന്നതിലൂടെ ഈ ഭീമമായ തുക ലാഭിക്കാന്‍ സാധിക്കും.
പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂലം എണ്ണ വിതരണത്തിലുണ്ടാകുന്ന തടസങ്ങള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ബാധിക്കാതിരിക്കാന്‍ ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന എഥനോള്‍ സഹായിക്കും.
മാത്രമല്ല, ഫോസില്‍ ഇന്ധനങ്ങളെ അപേക്ഷിച്ച് കാര്‍ബണ്‍ പുറന്തള്ളല്‍ കുറവാണെന്നത് എഥനോളിനെ മികച്ച ഇന്ധനമാക്കുന്നു.
ഉയര്‍ന്ന അളവില്‍ എഥനോള്‍ അടങ്ങിയ ഇന്ധനം ഉപയോഗിക്കുമ്പോള്‍ എന്‍ജിനുകളില്‍ പ്രത്യേക മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. സാധാരണ പെട്രോളിനേക്കാള്‍ ലോഹങ്ങളെ ദ്രവിപ്പിക്കാന്‍ (Corrosion) ശേഷിയുള്ളതാണ് എഥനോള്‍. അതിനാല്‍ ഫ്ളെക്സ്-ഫ്യൂവല്‍ വാഹനങ്ങളുടെ (FFVs) നിര്‍മ്മാണം വരും വര്‍ഷങ്ങളില്‍ സജീവമാകും. നിലവില്‍ ബ്രസീല്‍ മാത്രമാണ് E100 ഇന്ധനം വലിയ തോതില്‍ ഉപയോഗിക്കുന്ന രാജ്യം. 2027 ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന CAFE III മാനദണ്ഡങ്ങള്‍ കൂടി വരുന്നതോടെ ഇലക്ട്രിക്, ഫ്ളെക്സ് ഫ്യൂവല്‍ സാങ്കേതികവിദ്യകളിലേക്ക് മാറാന്‍ വാഹന നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിതരാകും. ഫ്ളെക്സ് ഫ്യൂവല്‍ വാഹനങ്ങളുടെ വാണിജ്യ ഉത്പാദനം ആരംഭിക്കുന്നതിനായി സര്‍ക്കാര്‍ പുതിയ ടെസ്റ്റിംഗ് മാനദണ്ഡങ്ങള്‍ വിജ്ഞാപനം ചെയ്യാന്‍ ഒരുങ്ങുകയാണ്.
പെട്രോളിനെ അപേക്ഷിച്ച് എഥനോളിന് ഊര്‍ജ്ജ സാന്ദ്രത (energy density) കുറവായതിനാല്‍, എഥനോള്‍ മിശ്രിതത്തിന്റെ അളവ് കൂട്ടുന്നത് എന്‍ജിന്‍ കരുത്ത് (engine output) കുറയുന്നതിനും മൈലേജ് കുറയുന്നതിനും കാരണമാകുമെന്ന് പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. കൂടാതെ, ഫ്ളെക്സ്-ഫ്യൂവല്‍ വാഹനങ്ങളുടെ ഉയര്‍ന്ന വിലയും കണക്കിലെടുക്കേണ്ടതുണ്ട്.
ചോളം, മരച്ചീനി, കേടായ ഉരുളക്കിഴങ്ങ്, ചീഞ്ഞ ധാന്യങ്ങള്‍, കാര്‍ഷിക അവശിഷ്ടങ്ങള്‍ എന്നിവ എഥനോള്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ നയം അനുവദിക്കുന്നുണ്ടെങ്കിലും, ഇന്ത്യയില്‍ പ്രധാനമായും കരിമ്പ് നീരും ശര്‍ക്കരയുമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒരു ടണ്‍ കരിമ്പില്‍ നിന്ന് 70 ലിറ്റര്‍ എഥനോള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും, എന്നാല്‍ ഒരു ലിറ്റര്‍ എഥനോളിന് ഏകദേശം 2,860 ലിറ്റര്‍ വെള്ളം ആവശ്യമാണെന്നാണ് നിതി ആയോഗ് റിപ്പോര്‍ട്ട് പറയുന്നത്. അതിനാല്‍ എഥനോള്‍ മിശ്രണം ഇന്ത്യയുടെ ജലപ്രതിസന്ധി വഷളാക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കരിമ്പ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഈ പ്രദേശങ്ങള്‍ നിലവില്‍ തന്നെ കടുത്ത ഭൂഗര്‍ഭജലക്ഷാമം നേരിടുന്നവയാണ്. അതിനാല്‍, കരിമ്പ് അധിഷ്ഠിത എഥനോള്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നത് ജലക്ഷാമം കൂടുതല്‍ രൂക്ഷമാക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്.
India plans to introduce high-ethanol fuels like E85 and E100 to cut oil imports and emissions, with new draft vehicle regulations.
Read DhanamOnline in English
Subscribe to Dhanam Magazine