വിമാന ടിക്കറ്റ് നിരക്ക് തോന്നിയപോലെ കൂട്ടിയാൽ കേന്ദ്രത്തിന് തടയാം; പുതിയ ചട്ടങ്ങൾ യാത്രക്കാർക്ക് നൽകുന്ന പ്രയോജനങ്ങളെന്ത്?

നിരക്കുകൾ നിശ്ചിത ഇടവേളകളിൽ വിമാനക്കമ്പനികൾ ഡി.ജി.സി.എ ക്ക് സമർപ്പിക്കുകയും വെബ്‌സൈറ്റുകളിലോ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ പ്രസിദ്ധീകരിക്കുകയും വേണം
 Flights
FlightsCanva
Published on: 

വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുന്നതിനെക്കുറിച്ചുള്ള പരാതികൾക്കിടെ, അസാധാരണ സാഹചര്യങ്ങളിൽ വിമാന നിരക്കുകളിൽ ഇടപെടാൻ കേന്ദ്രത്തിന് അധികാരം നൽകുന്ന ഭാരതീയ വായുയാൻ ചട്ടങ്ങൾ, 2026 വിജ്ഞാപനം ചെയ്തു. 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ചട്ടങ്ങൾ ടിക്കറ്റ് നിരക്ക്, നികുതി, ഫീസ്, റദ്ദാക്കൽ ചാർജ്, റീഫണ്ട് വ്യവസ്ഥകൾ എന്നിവ കൂടുതൽ വ്യക്തമായി വെളിപ്പെടുത്താനും വിമാനക്കമ്പനികളെ നിർബന്ധിതരാക്കുന്നു.

അസാധാരണ സാഹചര്യങ്ങളിലെ ഇടപെടൽ

പുതിയ ചട്ടങ്ങളിലെ റൂൾ 192 പ്രകാരം, രാജ്യത്ത് അസാധാരണമായ ഒരു സാഹചര്യം ഉടലെടുത്തതായി കരുതുന്നുവെങ്കിൽ പൊതുതാൽപ്പര്യാർത്ഥം വിമാന നിരക്കുകളിൽ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നല്‍കുന്നു. അതേസമയം, സാധാരണ സമയങ്ങളിൽ വിമാന ടിക്കറ്റുകൾക്ക് സ്ഥിരമായ നിരക്ക് പരിധിയോ (fare cap) ഓരോ ടിക്കറ്റ് നിരക്കിനും മുൻകൂർ സർക്കാർ അനുമതിയോ നിയമം നിർബന്ധമാക്കുന്നില്ല.

സുതാര്യതയും നിരക്ക് വിവര വെളിപ്പെടുത്തലും

യാത്രക്കാർക്കായി കൂടുതൽ സുതാര്യത ഉറപ്പാക്കുന്ന വ്യവസ്ഥകൾ പുതിയ നിയമത്തിലുണ്ട്. വിമാന സർവീസ് നടത്തുന്ന കമ്പനികൾ ടിക്കറ്റിന്റെ അടിസ്ഥാന നിരക്ക്, നികുതികൾ, സേവന ഫീസുകൾ, റദ്ദാക്കൽ ചാർജുകൾ (cancellation charges), റീഫണ്ട് നിബന്ധനകൾ എന്നിവ വേവ്വേറെ വെളിപ്പെടുത്തേണ്ടതുണ്ട്. ടിക്കറ്റില്‍ യാത്രക്കാരൻ നൽകേണ്ട ആകെ തുക വ്യക്തമായി പ്രദർശിപ്പിക്കണം. സർക്കാരിലേക്ക് അടക്കേണ്ട നികുതികളും വിമാനത്താവളത്തിലെയോ വിമാനത്തിലെയും സൗകര്യങ്ങൾക്കായി ഈടാക്കുന്ന ഫീസുകളും വേർതിരിച്ചു തന്നെ കാണിക്കേണ്ടതുണ്ട്.

ഡി.ജി.സി.എ നിരീക്ഷണവും പശ്ചാത്തലവും: വിമാനക്കമ്പനികൾ നിരക്കുകൾ നിശ്ചിത ഇടവേളകളിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവില്‍ ഏവിയേഷന് (DGCA) സമർപ്പിക്കുകയും വെബ്‌സൈറ്റുകളിലോ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ പ്രസിദ്ധീകരിക്കുകയും വേണം. അമിതമായ വിമാന നിരക്കുകൾക്കെതിരെ സുപ്രീം കോടതിയിൽ നിലനിൽക്കുന്ന ഹർജികളുടെ പശ്ചാത്തലത്തിലാണ് പുതിയ നിയമങ്ങൾ വിജ്ഞാപനം ചെയ്തിരിക്കുന്നത്. 1994 മുതൽ വിമാന നിരക്ക് നിർണയം വിപണി അധിഷ്ഠിതമായാണ് ഇന്ത്യയിൽ നടക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```